Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2026 07:48 IST
Share News :
ന്യൂഡൽഹി (Enlight Media Desk): ജീവൻരക്ഷാ കാൻസർ മരുന്നുകൾക്ക് അമിതവില ഈടാക്കി സാധാരണക്കാരെ പിഴിയുന്ന സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും വിതരണക്കാർക്കുമെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ചില്ലറ വ്യാപാരികൾക്ക് ₹2,700 രൂപയ്ക്ക് ലഭിക്കുന്ന അത്യാവശ്യ മരുന്നുകൾക്ക് രോഗികളിൽ നിന്ന് ₹27,000 വരെ ഈടാക്കുന്നത് "പകൽക്കൊള്ളയും കൊടിയ വഞ്ചനയുമാണ്" എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് മരുന്ന് വില നിയന്ത്രണവുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കവെ ഗുരുതരമായ ഈ ക്രമക്കേട് ചൂണ്ടിക്കാട്ടിയത്.
ഗുരുതരമായ അർബുദ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പത്തിരട്ടിയോളം എം.ആർ.പി (MRP) രേഖപ്പെടുത്തി വിൽക്കുന്നതിനെതിരെ ശക്തമായ വാക്കുകളിലാണ് കോടതി പ്രതികരിച്ചത്.
"ചികിത്സയ്ക്കായി ആളുകൾ കിടപ്പാടവും സ്ത്രീകളുടെ സ്വർണ്ണാഭരണങ്ങളും വരെ വിൽക്കേണ്ടി വരുന്നു. നിർമ്മാതാവ് വ്യാപാരിക്ക് ₹2,700-ന് നൽകുന്ന മരുന്നിന് ₹27,000 എന്ന് എം.ആർ.പി പ്രിന്റ് ചെയ്യുന്നത് കൊള്ളയല്ലാതെ മറ്റെന്താണ്? ഇത്തരം ചൂഷണങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട അധികാരികൾ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്?"
— ജസ്റ്റിസ് സന്ദീപ് മേത്ത
ഈ അമിതവില രോഗികളെ മാത്രമല്ല, സർക്കാരിന്റെ സാമ്പത്തിക ഭദ്രതയെയും കാര്യമായി ബാധിക്കുന്നുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ പ്രകാരം ചികിത്സ നൽകുമ്പോൾ, സ്വകാര്യ ആശുപത്രികൾ കുറഞ്ഞ വിലയ്ക്ക് മരുന്ന് വാങ്ങി ഉയർന്ന എം.ആർ.പി തുക സർക്കാരിൽ നിന്ന് ക്ലെയിം ചെയ്ത് വാങ്ങുന്നു. ഇത് നികുതിദായകരുടെ പണം അപഹരിക്കുന്ന വ്യക്തമായ തട്ടിപ്പാണെന്നും കോടതി ഓർമ്മിപ്പിച്ചു.
എല്ലാ അവശ്യ മരുന്നുകൾക്കും ഏകീകൃത വിലനിയന്ത്രണം ഏർപ്പെടുത്തിയാൽ ജനറിക് മരുന്നുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് കോടതി വ്യക്തമാക്കി. ഡ്രഗ് പ്രൈസ് കൺട്രോൾ ഓർഡർ (DPCO) കൂടുതൽ കർശനമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട കോടതി, കേസ് കൂടുതൽ വാദത്തിനായി സെപ്റ്റംബർ 29-ലേക്ക് മാറ്റി.
Follow us on :
Tags:
More in Related News
Please select your location.