Tue Dec 12, 2023 10:56 PM 1ST

Sign In

ശ്രീസത്യസായി ബാബയുടെ 101-ാം ജന്മദിനാഘോഷം;രാമർകൂത്ത് പുനരുജ്ജീവന പദ്ധതിക്കും തുടക്കം..

23 Nov 2026 19:55 IST

MUKUNDAN

Share News :

ഗുരുവായൂർ:മനസ്സിനെ ശുദ്ധമായി സൂക്ഷിച്ചാൽ ഈശ്വരൻ അവിടെ വന്നു വസിക്കുമെന്നും മനഃശുദ്ധി കൈവരിക്കാനുള്ള ഏറ്റവും ലളിതവും ശ്രേഷ്ഠവുമായ മാർഗം നിസ്വാർഥ സേവനമാണെന്നും കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ പറഞ്ഞു.ഗുരുവായൂർ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സായി മന്ദിരത്തിൽ സംഘടിപ്പിച്ച ഭഗവാൻ ശ്രീസത്യസായി ബാബയുടെ 101-ാം ജന്മദിനാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു.കൈതപ്രം ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി.സേവനത്തിലൂടെ ഈശ്വരസാക്ഷാത്കാരം നേടാമെന്ന് ലോകത്തെ പഠിപ്പിച്ച മഹത്തായ അവതാരമായിരുന്നു ഭഗവാൻ ശ്രീസത്യസായി ബാബയെന്ന് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.ഭക്തിയോഗത്തോടൊപ്പം സേവായോഗത്തെയും ആത്മീയസാധനയുടെ മഹത്തായ മാർഗമായി മനുഷ്യരാശിക്ക് സമ്മാനിച്ച ജീവിതദർശനമായിരുന്നു ബാബയുടേത്.മനുഷ്യസേവനത്തെ മാധവസേവനമായി ഉയർത്തിക്കാട്ടിയ സത്യസായി ബാബയുടെ സന്ദേശം എക്കാലവും ലോകത്തിന് വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.മൗനയോഗി സ്വാമി ഹരിനാരായണൻ അനുഗ്രഹ പ്രഭാഷണം നടത്തി.അന്യംനിന്നുപോകുന്ന ആദിവാസി പൈതൃക കലാരൂപമായ 'രാമർകൂത്ത്' പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഡോക്യുഫിക്ഷൻ ചിത്രത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.പരമ്പരാഗത കലാരൂപങ്ങളുടെ സംരക്ഷണത്തിനും വരുംതലമുറകളിലേക്ക് അവയുടെ സാംസ്കാരിക പൈതൃകം പകർന്നുനൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.രാഷ്ട്രപതിയുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ച ഗോകുലം പഴുവിൽ സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.ദൈവക്കോലധാരി കുഞ്ഞിരാമപ്പണിക്കരെയും പ്രത്യേകമായി ആദരിച്ചു.സ്വാമി കൃഷ്ണാനന്ദ സരസ്വതി ആശംസാപ്രസംഗം നടത്തി.ട്രസ്റ്റി സബിത രഞ്ജിത്,എക്സിക്യൂട്ടീവ് ട്രസ്റ്റി അരുൺ നമ്പ്യാർ,കെ. ആർ.പ്രവിൽ,ചലച്ചിത്ര സംവിധായകൻ വിജീഷ് മണി എന്നിവർ സംസാരിച്ചു.ശ്രീസത്യസായി ബാബയുടെ ഛായാചിത്രത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് പൈതൃകം കോർഡിനേറ്റർ അഡ്വ.രവി ചങ്കത്ത്,മണലൂർ ഗോപിനാഥ്,അഖില ഭാരത ഗുരുവായൂരപ്പ ഭക്തസംഘം സെക്രട്ടറി സജീവൻ നമ്പിയത്ത്,ഷാജു പുതൂർ, കെ.കെ.വിദ്യാധരൻ,ജിജീഷ് മണലൂർ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News