Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 18:47 IST
Share News :
വടക്കാഞ്ചേരി ഗവ. ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് പുതിയ കെട്ടിടം: നിർമ്മാണം 95 ശതമാനവും പൂർത്തിയായി; എം.എൽ.എ സ്ഥലം സന്ദർശിച്ചു;
????വടക്കാഞ്ചേരി: വടക്കാഞ്ചേരി ഗവൺമെന്റ് ഫാഷൻ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിനായി നിർമ്മിക്കുന്ന പുതിയ ഇരുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 95 ശതമാനത്തോളം പൂർത്തിയായതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാക്കിയുള്ള ഫിനിഷിംഗ് ജോലികൾ കൂടി അതിവേഗം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. പുതിയ കെട്ടിടത്തിനായി ജില്ലാ പഞ്ചായത്ത് ആദ്യം 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, സ്ഥാപനത്തിന്റെ കൈവശമുള്ള ഒന്നേകാൽ ഏക്കർ സ്ഥലത്തിന്റെ നടുവിലായി ചെറിയൊരു കെട്ടിടം പണിയുന്നത് ഭാവി വികസനത്തെ ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്നത്തെ നഗരസഭാ ചെയർമാനായിരുന്ന പി.എൻ. സുരേന്ദ്രനും എം.എൽ.എയും പദ്ധതി പരിഷ്കരിക്കുകയായിരുന്നു. തുടർന്ന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ കൂടി അനുവദിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഇരുനില കെട്ടിടം യാഥാർത്ഥ്യമാക്കിയത്.
ഭാവിയിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ അനുവദിച്ചു കിട്ടുമ്പോൾ ആവശ്യമായ ലാബ് സംവിധാനങ്ങൾ, സ്റ്റാഫ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയും ഭാവിയിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉതകുന്ന വിധത്തിലുള്ള മാസ്റ്റർ പ്ലാനും മുൻനിർത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. തലപ്പിള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലും പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് സ്വന്തമായി മികച്ചൊരു കെട്ടിടം എന്ന ദീർഘകാല സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്.
നഗരസഭാ ചെയർപേഴ്സൺ മിനി അരവിന്ദൻ, വൈസ് ചെയർമാൻ പി.എൻ. സുരേന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. സനീഷ്, കൗൺസിലർ സുജാത മുരളി, പൊതുപ്രവർത്തകരായ എൻ.കെ. പ്രമോദ് കുമാർ, ടി.ആർ. രജിത്ത്, പൊതുമരാമത്ത് ബിൽഡിംഗ് എൻജിനീയർ സാൻ്റോ സെബാസ്റ്റ്യൻ, പി.ഡബ്ല്യു.ഡി ബിൽഡിംഗ് വിഭാഗം ഓവർസിയർ സന്ധ്യ എൻ.വി, വടക്കാഞ്ചേരി ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ജൂനിയർ ഇൻസ്ട്രക്ടർ സജ്ന പി.ആർ എന്നിവരും സന്ദർശന വേളയിൽ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.