Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുണെയിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധിയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

02 Aug 2026 19:42 IST

NewsDelivery

Share News :

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ പിംപ്രിയിൽ തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ വിനോദ് പിള്ള (50), ഭാര്യ സിർജ പിള്ള (45), മകൾ പൂർണിമ പിള്ള (19) എന്നിവരാണ് മരിച്ചത്.

സാമ്പത്തിക പ്രതിസന്ധിയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്ന് കുറിപ്പിൽ പരാമർശിക്കുന്നതായും സന്ത് തുക്കാറാം നഗർ പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിനോദിന്റെ ഭാര്യ സിർജ സമീപത്തെ ഒരു സ്കൂളിൽ അധ്യാപികയായിരുന്നു. വ്യാഴാഴ്ച ജോലിക്ക് എത്താതിരുന്നതും ഫോൺ വിളികൾക്ക് മറുപടി ലഭിക്കാതിരുന്നതും തുടർന്ന് സഹപ്രവർത്തകർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

വീടിനുള്ളിൽ വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സിർജയെയും മകൾ പൂർണിമയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇരുവരും മരണത്തിന് കീഴടങ്ങി.

മൂന്ന് വർഷം മുമ്പ് കടബാധ്യത തീർക്കുന്നതിനായി കുടുംബം സ്വന്തം വീട് വിറ്റ് വാടകവീട്ടിലേക്കു മാറിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ശ്രദ്ധിക്കുക: നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ കടുത്ത മാനസിക ബുദ്ധിമുട്ടോ ആത്മഹത്യാ ചിന്തകളോ അനുഭവിക്കുന്നുണ്ടെങ്കിൽ, വിശ്വസനീയരായ ആളുകളുമായോ മാനസികാരോഗ്യ വിദഗ്ധരുമായോ ഉടൻ ബന്ധപ്പെടുക. കേരളത്തിലെ ദിശ ഹെൽപ്‌ലൈൻ: 1056 / 0471-2552056. ആത്മഹത്യ ഒരു പരിഹാരമല്ല; സഹായം ലഭ്യമാണ്.

Follow us on :

More in Related News