Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി പി ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് 8 ന് വൈക്കത്ത് കൊടി ഉയരും.

06 Aug 2025 19:29 IST

santhosh sharma.v

Share News :

വൈക്കം: ഐതിഹാസികമായ സമരപോരാട്ട ഭൂമിയായ വൈക്കത്ത് സിപിഐ ജില്ലാ സമ്മേളനത്തിന് വെള്ളിയാഴ്ച കൊടി ഉയരും. ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതിന്റെ ശതാബ്ദിവര്‍ഷത്തിലാണ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക സെക്രട്ടറി പി കൃഷ്ണപിള്ളയുടെ ജന്മനാട്ടില്‍ സമ്മേളനം നടക്കുന്നത്. 8 ന് വൈകിട്ട് 3ന്   ആയിരങ്ങൾ അണിനിരക്കുന്ന ചുവപ്പ് സേന പരേഡ് വൈക്കം വലിയകവലയില്‍നിന്നും ആരംഭിക്കും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പതാക, ബാനര്‍, കൊടിമര ജാഥകള്‍ വൈകിട്ട് അഞ്ചിന് ബോട്ട്‌ജെട്ടി മൈതാനിയില്‍ എത്തിച്ചേരും. കാനം സ്മൃതി മണ്ഡപത്തില്‍ നിന്നുള്ള പതാക ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനുവും കോട്ടയത്ത് എന്‍.കെ സാനുജന്റെ സ്മൃതി മണ്ഡപത്തില്‍നിന്നുള്ള ബാനര്‍ ഇ.എന്‍ ദാസപ്പനും കുറവിലങ്ങാട് എന്‍.എം മോഹനന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നുള്ള ബാനര്‍ ലീനമ്മ ഉദയകുമാറും വൈക്കപ്രയാര്‍ ലൈലാ രാധാകൃഷ്ണന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നുള്ള കൊടിമരം ടി.എന്‍ രമേശനും ഏറ്റുവാങ്ങും. തുടര്‍ന്ന് സംഘാടകസമിതി പ്രസിഡന്റ് ജോണ്‍ വി. ജോസഫ് പതാക ഉയര്‍ത്തും. ബോട്ട്‌ജെട്ടി മൈതാനിയില്‍ ചുവപ്പ് സേനയുടെ സല്യൂട്ടിനു ശേഷം കാനം രാജേന്ദ്രന്‍ നഗറില്‍ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിക്കും. റവന്യുവകുപ്പ് മന്ത്രി അഡ്വ. കെ.രാജന്‍, സംസ്ഥാന എക്‌സി. അംഗങ്ങളായ ആര്‍.രാജേന്ദ്രന്‍, സി.കെ ശശിധരന്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കലാ-സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തും. തുടര്‍ന്ന് ഇപ്റ്റയുടെ വയലാര്‍ ഗാനസദസ്സ് അരങ്ങേറും. 9 ന് രാവിലെ 10.30ന് വൈക്കം വലിയ കവലയിലെ പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം മുതിര്‍ന്ന നേതാവ് പാലായിലെ കെ.എസ് മാധവന്‍ പതാക ഉയര്‍ത്തും. 11ന് വൈക്കം വടക്കേനട എന്‍എസ്എസ് ഓഡിറ്റോറിയത്തിലെ ആര്‍. ബിജു നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ എക്സി. അംഗം പി.സന്തോഷ് കുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 11 മണ്ഡലം സമ്മേളനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 325 പ്രതിനിധികൾ സമ്മേളനത്തില്‍ പങ്കെടുക്കും. കെ.പി. രാജേന്ദ്രന്‍, പി.പി. സുനീര്‍ എംപി, ടി.വി ബാലന്‍, സി.പി മുരളി, പി.പ്രസാദ്, കെ.കെ അഷ്‌റഫ്, പി.വസന്തം എന്നിവര്‍ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. വൈകിട്ട് 5.30ന് ബോട്ട്‌ജെട്ടി മൈതാനിയിലെ പി.എസ് ശ്രീനിവാസന്‍-സി.കെ വിശ്വനാഥന്‍ നഗറില്‍ നടക്കുന്ന ജന്മശതാബ്ദി സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വിപ്ലവ ഗായിക പി.കെ മേദിനിയെ ആദരിക്കും.10ന് രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചകള്‍ക്കുശേഷം ജില്ലാ സെക്രട്ടറി മറുപടിയും തുടര്‍ന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും പുതിയ ജില്ലാ കൗണ്‍സിലിനെയും പ്രതിനിധി സമ്മേളനം തെരഞ്ഞെടുക്കും. തുടര്‍ന്ന് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കും. ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി രക്ഷാധികാരി സി.കെ ആശ എംഎല്‍എ, ജനറല്‍ സെക്രട്ടറി എം.ഡി ബാബുരാജ്, ജോയിന്റ് സെക്രട്ടറി പി. പ്രദീപ്, വൈസ് പ്രസിഡന്റ് എസ്. ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Follow us on :

More in Related News