Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസ് സ്‌റ്റേഷന്‍ മുറ്റത്തു നിന്നും താഴ്ചയിലേക്ക് ചാടി പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

16 Dec 2024 20:46 IST

ജേർണലിസ്റ്റ്

Share News :

ഇടുക്കി: പരാതി പ്രകാരം വിളിച്ചു വരുത്തിയ പ്രതി പോലീസ് സ്‌റ്റേഷന്‍ മുറ്റത്തു നിന്നും 30 അടി താഴ്ചയിലേക്ക് ചാടി. മുരിക്കാശേരി മൂങ്ങാപാറ കളപ്പുരക്കല്‍ ഷാജിയുടെ മകന്‍ ഷാല്‍ബിന്‍ (21) ആണ് പോലീസ് സ്റ്റേഷന്റെ മുറ്റത്തുനിന്നും താഴ്ചയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുരിക്കാശേരി പോലീസ് സ്‌റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം.

മൂങ്ങാപ്പാറ ക്ഷേത്രത്തിന് സമീപം ഷാല്‍ബില്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ ശല്യമുണ്ടാക്കിയതിനെതിരെ മൂങ്ങാപ്പാറ ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഒപ്പിട്ട് മാസ് പെറ്റീഷന്‍ പോലീസ് സ്റ്റേഷനില്‍ നല്‍കി. തുടര്‍ന്ന് പരാതി പ്രകാരം നാല് യുവാക്കളെ മുരിക്കാശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. മൂന്നു പേരാണ് എത്തിയത്. കുടുംബത്തോടെ എത്തിയ യുവാക്കളുമായി സംസാരിച്ച ശേഷം പുറത്ത് നില്‍ക്കാന്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കുടുംബാംഗങ്ങളോപ്പം സ്‌റ്റേഷന് പുറത്തു നിന്ന ഷാല്‍ബിന്‍ പെട്ടെന്ന് പോലീസ് സ്റ്റേഷന്റെ മുറ്റത്തു നിന്നും താഴേക്ക് ചാടുകയായിരുന്നു. പരുക്കേറ്റ യുവാവിനെ ഉടന്‍ തന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗൗരവമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. മുരിക്കാശേരി കരിമ്പന്‍ റോഡില്‍ നിന്നും 30 അടിയോളം ഉയരമുള്ള കരിങ്കല്‍ കെട്ടിന് മുകളിലാണ് പോലീസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. സ്റ്റേഷന്‍ മുറ്റത്ത് നിന്നും താഴേക്ക് ചാടിയ ഷാല്‍ബിന്‍ കരിങ്കല്‍ കെട്ടില്‍ വളരുന്ന കുറ്റിച്ചെടികളില്‍ തടഞ്ഞാണ് താഴേക്ക് വീണത്. ഷാല്‍ബിന്റെ പേരില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഈ കേസുകളില്‍ എല്ലാം ജാമ്യത്തില്‍ നില്‍ക്കുമ്പോള്‍ വീണ്ടും കേസ് വന്നാല്‍ ജാമ്യം റദ്ദാക്കി ജയിലില്‍ അടയ്‌ക്കേണ്ടി വരും എന്ന് അറിയിച്ചതാണ് ഇയാള്‍ പോലീസ് സ്റ്റേഷന്റെ മതില്‍ക്കെട്ടിന് മുകളില്‍ നിന്ന് താഴേക്ക് ചാടാന്‍ കാരണമായി പറയപ്പെടുന്നത്.

Follow us on :

More in Related News