Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡൗൺസിൻഡ്രോം ബാധിച്ച പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

25 Sep 2025 12:30 IST

NewsDelivery

Share News :

കോഴിക്കോട് : ഡൗൺസിൻഡ്രോം ബാധിച്ച പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ

കൊമ്മേരി കാട്ടികുളങ്ങര വീട്ടിൽ ഹരിദാസനെ(64) നടക്കാവ് പൊലിസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മൂന്ന് വർഷത്തോളമായി 15 വയസുള്ള വിദ്യാർഥിനിക്കെതിരേ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സ്‌കൂളിലേക്ക് വിദ്യാർഥിനിയെ കൊണ്ടുപോവുകയും തിരിച്ചുകൊണ്ടുവരികയും ചെയ്യുന്നതിനിടെ ഓട്ടോയിൽ വച്ചാണ് അതിക്രമം നടത്തിയിരുന്നത്. മറ്റുവിദ്യാർഥികൾ ഓട്ടോയിലില്ലാത്തപ്പോഴാണ് സംഭവം. ഓട്ടോയിൽ ആദ്യം കയറുന്നതും അവസാനമിറങ്ങുന്നതും ഇരയായ പെൺകുട്ടിയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഓട്ടോയിൽ വരാറുള്ള മറ്റൊരു വിദ്യാർഥിയുടെ രക്ഷിതാവ് കഴിഞ്ഞ ദിവസം ഡ്രൈവറെ വിളിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഫോൺ വിളിച്ച

സമയം ഡ്രൈവർ അറിയാതെ കോൾ ആയി. ഇതോടെ ഡ്രൈവർ വിദ്യാർഥിയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇക്കാര്യം സ്‌കൂളിൽ അറിയിക്കുകയും സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ ബന്ധപ്പെടുകയും ചെയ്തു. പെൺകുട്ടിയുമായി സംസാരിച്ചതോടെയാണ് പീഡനവിവരം അറിയുന്നതെന്നും തുടർന്ന് പരാതി നൽകുകയായിരുന്നുവെന്നും നടക്കാവ് പൊലിസ് പറഞ്ഞു. ഡ്രൈവറുടെ മൊബൈൽ ഫോണിൽ നിന്ന് പോൺ വീഡിയോ കണ്ടെത്തിയിട്ടുണ്ട്. ഇൻസ്‌പെക്ടർ എൻ. പ്രജീഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ ലീല, ജാക്‌സൺ ജോയ്, എസ്.സി.പി.ഒ രാഹുൽ, സി.പി.ഒ സുബൈർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

Follow us on :

More in Related News