Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു വാങ്ങൽ ; മുസ്ലിം യൂത്ത്‌ലീഗ് പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

06 Jan 2025 10:09 IST

Jithu Vijay

Share News :


തിരൂരങ്ങാടി: 2019-ലെ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അടിയന്തിര സഹായം തിരിച്ചു വാങ്ങുന്ന നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുടെ നിര്‍ദ്ധേശ പ്രകാരം തിരൂരങ്ങാടി തഹസീല്‍ദാര്‍ മല്‍കിയ നോട്ടീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ ലിങ്കും പത്ര കട്ടിങ്ങും സഹിതമാണ് പരാതി നല്‍കിയിരുന്നത്. 


കൊടിഞ്ഞി കാടംകുന്ന് സ്വദേശി ബഷീര്‍, പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി സൈതലവി, മൈമൂന എന്നിവരുടങ്ങുന്ന നോട്ടീസ് ലഭിച്ചവരുടെ പ്രയാസം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. റസാഖ് നല്‍കിയ പരാതിയുടെ പൂര്‍ണ്ണ രൂപം. 2019-ല്‍ പ്രളയത്തില്‍ അകപ്പെട്ട വീടുകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടെത്തി പരിശോധിച്ച് വീടിന്റെ ഫോട്ടോയടക്കം പ്രത്യേക സൈറ്റില്‍ അപ്ലോഡ് ചെയ്ത് വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് ധനസഹായം അവരുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ രണ്ട് തവണകളിലായി ഇവരുടെ അക്കൗണ്ടുകളിലേക്കെത്തിയ പതിനായിരം രൂപ വീതം ഉദ്യോഗസ്ഥരുടെ പിഴവ് മൂലം ഇരട്ടിപ്പായതാണെന്നാണ് നോട്ടീസില്‍ പറയുന്നത്. അതില്‍ പതിനായിരം രൂപ തിരിച്ചടക്കണമെന്നാണ് 2024 ഡിസംബര്‍ അഞ്ചിന് തിരൂരങ്ങാടി തഹസീല്‍ദാര്‍ ഇഷ്യു ചെയ്ത നോട്ടീസിലുള്ളത്. അന്ന് കിട്ടിയ പണം ഇപ്പോള്‍ തിരിച്ചടക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.


നോട്ടീസ് ലഭിച്ചതോടെ തിരിച്ചടക്കാന്‍ കഴിയുന്നവര്‍ ഇതിനോടകം തുക തിരിച്ചടച്ചിട്ടുണ്ട്. എന്നാല്‍ തിരിച്ചടക്കാന്‍ ഒരു വഴിയുമില്ലാത്ത നിരവധി പാവങ്ങളുണ്ട്. രോഗത്താലും മറ്റും ജീവിതം തന്നെ മുന്നോട്ട് നീക്കാന്‍ കഴിയാത്ത നിരവധി പേര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാളാണ് കൊടിഞ്ഞി കാടംകുന്ന് സ്വദേശി ബഷീര്‍. ഇദ്ദേഹത്തിന് പക്ഷാഘാതം പിടിപെട്ടത് കാരണം ശരിക്ക് നടക്കാനോ സംസാരിക്കാനോ വെയ്യ. പെണ്‍ മക്കളെ രണ്ട് പേരെയും നാട്ടുകാരുടെ സഹായത്താന്‍ കെട്ടിച്ചയച്ചു. ഇപ്പോള്‍ ഒറ്റക്കാണ് താമസം.

ഭക്ഷണവും മരുന്നുമില്ലാതെ പ്രയാസപ്പെട്ട് ജീവിക്കുന്ന ഇദ്ദേഹത്തിന് നാട്ടുകാര്‍ നല്‍കുന്ന നാണയതുണ്ടുകള്‍ ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് നീക്കുന്നത്. ഷീറ്റും ഓടും മേഞ്ഞ് പൊളിഞ്ഞു വീഴാറായ വീട്ടില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും റവന്യൂ റിക്കവറി പ്രകാരം പ്രളയ ദുരിതാശ്വാസ സഹായമായ പതിനായിരം രൂപ തിരിച്ചു പിടിക്കുമെന്ന നോട്ടീസ് നല്‍കിയിയിരിക്കയാണ്. 


രോഗവും ദാരിദ്ര്യവും പ്രയാസപ്പെടുത്തുന്ന ബഷീറിന് കിടപ്പാടം കൂടി നഷ്ടപ്പെടുന്നതോടെ ഇദ്ദേഹത്തിന്റെ ജീവിക്കാനുള്ള അവകാശമാണ് സര്‍ക്കാര്‍ നിഷേധിക്കുന്നത്. ഇത് പോലെ ജീവിക്കാന്‍ പ്രയാസപ്പെടുന്ന നിരവധി പേരുണ്ട് സര്‍ക്കാര്‍ തിരിച്ചടവിന് നോട്ടീസ് നല്‍കിയവരുടെ പട്ടികയില്‍. ഇത്തരക്കാരുടെ ജീവിക്കാനുള്ള അവകാശം നിലനിര്‍ത്തുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ടാണ് റസാഖ് പരാതി നല്‍കിയിരുന്നത്. ഡിസംബര്‍ 27-ന് നല്‍കിയ പരാതിയില്‍ ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാറിന്റെ ധിക്കാരമാണ് ദുരിത ബാധിതര്‍ക്ക് നല്‍കിയ സഹായം തിരിച്ചു വാങ്ങുന്ന നടപടിയെന്നും ഇവര്‍ക്ക് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് യുു.എ റസാഖ് പറഞ്ഞു.

Follow us on :

More in Related News