Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയ്മനം ഗ്രാമപഞ്ചായത്തിലെ പരിപ്പ് - തൊള്ളായിരം നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു

21 Sep 2025 20:01 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : രണ്ടു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന അയ്മനം ഗ്രാമപഞ്ചായത്തിലെ പരിപ്പ് -തൊള്ളായിരം റോഡിന്‍റെ നിർമാണം തിങ്കളാഴ്ച(സെപ്റ്റംബര്‍ 22) പുനരാരംഭിക്കും. വൈകുന്നേരം നാലിന് വരമ്പിനകം എസ്.എൻ.ഡി.പി. യോഗം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ സഹകരണ, ദേവസ്വം,തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ റോഡിൻ്റെ നിർമാണോദ്ഘാടനം നടത്തും. 

പരിപ്പ് മുതൽ തൊള്ളായിരം വരെയുള്ള 2.719 കിലോമീറ്റർ റോഡാണ് പുനർനിർമിക്കുന്നത്. സംസ്ഥാന സർക്കാര്‍ 7.83 കോടി രൂപ ചെലവിട്ടാണ് നിര്‍മിക്കുന്ന റോഡ് 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായൽ പാടശേഖരങ്ങൾക്കു നടുവിലൂടെയാണ് കടന്നു പോകുന്നത്.തൊള്ളായിരം പാലത്തിന്‍റെ അപ്രോച്ച് റോഡും ഇതോടൊപ്പം പൂർത്തിയാക്കും. 

നിലവിലെ റോഡ് രണ്ടടി മണ്ണിട്ട് ഉയർത്തും. തൊള്ളായിരം പാലത്തിന്‍റെ വശങ്ങളിലെ സ്ലാബുകൾ ഇളക്കി മാറ്റി ഉയരം പുനഃക്രമീകരിച്ചാണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്. റോഡ് പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ അറുനൂറോളം കുടുംബങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാവും.

 പരിപ്പ് -തൊള്ളായിരം റോഡ് 2001ലാണ് നിർമാണം ആരംഭിച്ചത്. തൊള്ളായിരം പാലത്തിന്‍റെ നിര്‍മാണം അശാസ്ത്രീയമാണെന്നു കണ്ടതോടെ തുടര്‍ നടപടികള്‍ നിലയ്ക്കുകയായിരുന്നു. മന്ത്രി വി.എൻ. വാസവന്‍റെ ഇടപെടലിനെത്തുടര്‍ന്നാണ് പദ്ധതിക്ക് ജീവൻ വച്ചത്. സംസ്ഥാന സർക്കാർ 7.83 കോടി രൂപ റോഡ് നിർമാണത്തിനായി അനുവദിച്ചു.

ഈ റോഡിൻ്റെ തുടർച്ചയായി മാഞ്ചിറയിലെ പാലം കൂടി വരുന്നതോടെ കോട്ടയത്തു നിന്ന് കുമരകം വഴി ആലപ്പുഴയിലേക്കും എറണാകുളത്തേക്കും കുറഞ്ഞ സമയംകൊണ്ട് എത്താം. പരിപ്പിൽ നിന്ന് കുമരകത്തേക്ക് ആറ് കിലോമീറ്ററാണ് ദൂരം. മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് അമ്പാടി, ചാമത്തറ, ജയന്തിക്കവല, പരിപ്പ് തൊള്ളായിരം, മാഞ്ചിറ റോഡിലൂടെ കുമരകം കവണാറ്റിൻകരയിലെത്താം. 

കോട്ടയത്തുനിന്നു വരുന്നവർക്ക് കുടയംപടി, അയമ്‌നം ഒളശ്ശ, പരിപ്പ്, തൊള്ളായിരം മാഞ്ചിറ റോഡിലൂടെ കുമരകത്ത് എത്താം. പ്രദേശത്തെ കാർഷിക ടൂറിസം മേഖലയ്ക്കും റോഡ് ഗുണം ചെയ്യും.



Follow us on :

More in Related News