Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ എണ്ണിപറഞ്ഞ് മോൻസ് ജോസഫ് എംഎൽഎ .

22 Oct 2025 19:43 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: താൻ എംഎൽഎ ആയതിന് ശേഷം കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് അഡ്വ.മോൻസ് ജോസഫ് എംഎൽഎ. കടുത്തുരുത്തിയിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകികൊണ്ടാണ് മോൻസ് ജോസഫ് താൻ നടപ്പാക്കിയ വികസന നേട്ടങ്ങളെ കുറിച്ച് വിശദീകരിച്ചത്.കേരളത്തിലെ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ മണ്ഡലങ്ങളിൽ മുൻപന്തിയിൽ കടുത്തുരുത്തിയെ മുന്നോട്ട് കൊണ്ടുവരാൻ സാധിച്ചതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ടെന്ന് എം എൽ എ മോൻസ് ജോസഫ് മറുപടി നൽകി. 

മോൻസ് ജോസഫ് എംഎൽഎ യുടെ മറുപടി ഇങ്ങനെ :

1996 മുതൽ 2025 വരെ നീണ്ട പൊതുപ്രവർത്തന കാലത്ത് കടുത്തുരുത്തി മണ്ഡലത്തെ കേരളത്തിലെ ഏറ്റവും മികച്ച മണ്ഡലങ്ങളിൽ ഒന്നായി മാറ്റാൻ സാധിച്ചു എന്നതിൽ അഭിമാനിക്കുന്നു. മണ്ഡലത്തിൽ വിവിധ സ്ഥാപനങ്ങൾ, മികച്ച റോഡുകൾ,പൊതുവിദ്യാഭ്യാസ സൗകര്യം, കുടിവെള്ള സൗകര്യം, വൈദ്യുദീകരണം എന്നിവ മികച്ച നിലവാരത്തിൽ നടപ്പിലാക്കാൻ സാധിച്ചത് ഏറെ കാലത്തെ പരിശ്രമം കൊണ്ടാണ്. തീരെ കുടിവെള്ളം കിട്ടാത്ത മണ്ഡലം ആയിരുന്നു കടുത്തുരുത്തി എന്നാൽ ഇപ്പോൾ മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും കുടിവെള്ള സൗകര്യം ഉണ്ട് അതുകൊണ്ട് തന്നെ ജനങ്ങൾ സന്തോഷത്തോടെയാണ് ഇവിടെ കഴിയുന്നത്. കടുത്തുരുത്തിയിൽ വാട്ടർ അതോറിറ്റിയുടെ ഓഫീസ് ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ മണ്ഡലത്തിന് വാട്ടർ അതോറിറ്റിയുടെ 5 AE ഓഫീസുകൾ ഉണ്ട്. അതോടൊപ്പം സബ് ഡിവിഷൻ ഓഫീസും കടുത്തുരുത്തി കേന്ദ്രമായി വാട്ടർ അതോറിറ്റിയുടെ പുതിയ ജില്ലാ ഓഫീസും കൊണ്ടുവന്നു.അതിലൂടെ പല നിയോജകമണ്ഡലങ്ങളിലേയും ആളുകൾ വാട്ടർ അതോറിറ്റിയുമായുളള ആവശ്യങ്ങൾക്ക് വേണ്ടി കടുത്തുരുത്തിയേ ആണ് ആശ്രയിക്കുന്നത്. അതോടൊപ്പം കടുത്തുരുത്തിയിൽ അത്യാധുനിക സംവിധനങ്ങളോട് കൂടിയ പുതിയ ജലഭവൻ നിർമിച്ചു. അതുകൊണ്ട് തന്നെ കേരളത്തിലെ മികച്ച ജല സംവിധാനം ഉള്ള മണ്ഡലമായി കടുത്തുരുത്തി മാറി. 

പി. ജെ.ജോസഫ് ഇറിഗേഷൻ മന്ത്രിയായിരിക്കെ ഏറ്റവും കൂടുതൽ ഇറിഗേഷൻ പദ്ധതികൾക്ക് ഫണ്ട് വിനിയോഗിച്ചത് കേരളത്തിൽ തന്നെ കടുത്തുരുത്തി നിയോജകമണ്ഡലത്തിലാണ്.

മണ്ഡലത്തിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കാൻ സാധിച്ചു എന്നതും മറ്റൊരു നേട്ടമാണ്. അതിനുവേണ്ട ഓഫീസുകളും മണ്ഡലത്തിൽ നിലവിൽ ഉണ്ട്. കേരളത്തിലെ ആദ്യത്തെ 400KV ഗ്യാസ് ഇൻസിലേറ്റഡ് സബ്‌സ്റ്റേഷൻ കടുത്തുരുത്തിയിലാണുള്ളത്. 

കേരളത്തിൽ ഏറ്റവും അവസാനമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ ജില്ല കടുത്തുരുത്തിയാണ്. ഏറെ നാളത്തെ പരിശ്രമങ്ങൾ കൊണ്ടാണ് കടുത്തുരുത്തിയെ വിദ്യാഭ്യാസ മണ്ഡലമായി മാറ്റാൻ കഴിഞ്ഞത്. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം പോലും ഇല്ലാത്ത മണ്ഡലമായിരുന്നു കടുത്തുരുത്തി മണ്ഡലം. എന്നാൽ ഇപ്പോൾ കിടങ്ങൂരിൽ എഞ്ചിനീയറിംഗ് കോളേജും, കടുത്തുരുത്തി ഗവ പോളി ടെക്നിക് കോളേജും,പെരുവെയിൽ ഗവ ഐടിഐ, ഞിഴൂർ ഐ എച് ആർ ഡി കോളേജ് എന്നിവ സ്ഥാപിച്ചതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ മണ്ഡലത്തിൽ സമഗ്ര വികസനം കൊണ്ടുവരാൻ സാധിച്ചു. മറ്റൊരു കേന്ദിയ ഫാൻഡിയം ലഭിക്കാതെ മൂന്ന് വർഷം മുമ്പ് നഷ്ടപ്പെട്ടു പോകാമായിരുന്ന കടുത്തുരുത്തി കേന്ദ്രിയ വിദ്യാലയം ഇന്നും നിലനിൽക്കുന്നത് എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നവീകരിച്ച താത്ക്കാലിക കെട്ടിടത്തിലാണ്. ഇതെല്ലാം എം.എൽ.എ ആയതിന് ശേഷം മണ്ഡലത്തിൽ നടപ്പാക്കാൻ സാധിച്ച പദ്ധതികളാണ്. 

റോഡ് വികസനങ്ങളുടെ കാര്യത്തിലും മണ്ഡലം ഏറെ മുന്നിലാണ്.കേരളത്തിലെ പല മണ്ഡലങ്ങളിലും റബ്ബറൈസ്ഡ് റോഡുകൾ ഇപ്പോൾ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ പത്തു വർഷം മുമ്പ് തന്നെ കടുത്തുരുത്തിയിലെ ഒട്ടുമിക്ക സാധാ റോഡുകളും പി.ഡബ്യൂ.ഡിയിലേക്ക് ഏറ്റെടുപ്പിച്ച് ഉന്നത നിലവാരത്തിൽ റബറൈസ്ഡ് റോഡുകൾ അക്കി മാറ്റാൻ സാധിച്ചു. പരിതാപകരമായി കിടന്ന ഏറ്റുമാനൂർ -എറണാകുളം റോഡിൽ റബ്ബറൈസ്ഡ് ടാറിങ് നടത്തിയത് ഹൈക്കോടതി ജഡ്ജിമാരുടെ വരെ പ്രശംസക്ക് ഇടയാക്കി.മന്ത്രിയായിരിക്കെ ഏറ്റുമാനൂർ - കിടങ്ങൂർ,കിടങ്ങൂർ - മണർകാട്,കടുത്തുരുത്തി - മരങ്ങാട്ടുപള്ളി - പാലാ റോഡ് എന്നിവ ജില്ലയിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡുകൾ അക്കി മാറ്റി. ഇവയെല്ലാം മണ്ഡലത്തിൽ നടപ്പാക്കിയ ഗതാഗത വികസന പ്രവർത്തങ്ങളാണ്. അതുമൂലം സുഗമമായ ഗതാഗതം മണ്ഡലത്തിൽ ഉറപ്പാക്കാൻ സാധിച്ചു. കെ.എം മാണി സാർ ഞാൻ മന്ത്രിയായിക്കെ നടപ്പാക്കിയ കടുത്തുരുത്തി -മരങ്ങാട്ടുപള്ളി- പാലാ റോഡിൻ്റെ വികസനപ്രവർത്തങ്ങൾ കണ്ട് സന്തോഷിക്കുകയും അദ്ദേഹം പ്രശംസിക്കുകയും ഉണ്ടായി അതെല്ലാം ഇന്നും മാധ്യമങ്ങളിൽ കാണാം. മികച്ച നിലവാരത്തിൽ ഉള്ള റോഡുകൾ ജില്ലയിൽ മോൻസ് ജോസഫിൻ്റെ പ്രയത്നം മൂലം കൊണ്ടുവരാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു എന്ന് മാണി സാർ അന്ന് പറയുകയുണ്ടായി. 

ഒരു നല്ല പഞ്ചായത്ത്‌ ഓഫീസ് പോലും ഇല്ലാത്ത നിയോജകമണ്ഡലമായിരുന്നു കടുത്തുരുത്തി എന്നാൽ ഇപ്പോൾ കടുത്തുരുത്തി, കുറവിലങ്ങാട് ഉൾപ്പടെ 4 മിനി സിവിൽ സ്റ്റേഷനുകൾ കടുത്തുരുത്തിക്കുണ്ട്. 11 പഞ്ചായത്ത്‌ ഓഫീസുകളും നവീകരിച്ചു. വെളിയന്നൂർ, കാണക്കാരി ഉൾപ്പെടെ പഞ്ചായത്തുകൾക്ക് എം.എൽ.എ ഫണ്ടിൽ പഞ്ചായത്ത് മന്ദിരം നിർമ്മിക്കാൻ സാധിച്ചത് 

നേട്ടമായി കരുതുന്നു.

ആരോഗ്യ രംഗത്തും മികച്ച വികസന പ്രവർത്തനങ്ങൾ കൊണ്ട് വരാൻ സാധിച്ചു.2010ൽ കുറവിലങ്ങാട് ആശുപത്രി താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്തു. ഉഴവൂരിൽ കെ.ആർ നാരായണൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊണ്ടുവരാൻ സാധിച്ചു. അറുന്നൂറ്റിമംഗലം ഹോസ്പിറ്റൽ, കൂടല്ലൂർ ഹോസ്പിറ്റൽ,ആയാംകുടി ഹോസ്പിറ്റൽ, ഉൾപ്പടെ എല്ലാ പഞ്ചായത്തിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൊണ്ടുവന്നു .അത്യാധുനിക സൗകര്യങ്ങളോട് കൂടി കിടത്തി ചികിത്സ ഒരുക്കുന്ന വെളിയന്നൂർ ആയുർവേദ ആശുപത്രി ഉൾപ്പെടെ വിപ്ലവകരമായ മാറ്റമാണ് ആയൂർവേദ മേഖലയിൽ കടുത്തുരുത്തിക്ക് സമ്മാനിച്ചത്. 

കടുത്തുരുത്തിയുടെ സ്വപ്ന പദ്ധതിയായ ബൈപ്പാസ് ഏതാനും മാസങ്ങൾ കൊണ്ട് ഗതാഗതത്തിനായി തുറന്നു കൊടുക്കും. അതിനുവേണ്ട നിർമാണ പ്രവർത്തങ്ങൾ ദ്രുതഗതിയിൽ നടപ്പാക്കുന്നുണ്ട്. 

1996 മുതൽ 2025 വരെ ഞാൻ എംഎൽഎ ആയും മന്ത്രിയായും മണ്ഡലത്തിൽ തുടരുന്നുണ്ട്. ജനങ്ങൾ അറിഞ്ഞുതന്നെയാണ് ഇത്രയും നീണ്ട കാലയളവിൽ എന്നെ നിയോഗിച്ചത്. അതുകൊണ്ട് ജനങ്ങൾക്ക് തന്നെ അറിയാമെന്നും അത് മനസ്സിലാക്കണം എന്നും എം.എൽ.എ തുറന്നടിച്ചു. 

വികസന നേട്ടങ്ങളെ മുൻനിർത്തി ഒരു ധവള പത്രം ഇറക്കുമെന്നും അതിനായി പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും എം.എൽ.എ പ്രതികരിച്ചു.








Follow us on :

More in Related News