Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ ചുമതലയേറ്റു

14 Jun 2026 21:16 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ ഞായറാഴ്ച ഔദ്യോഗികമായി ചുമതലയേറ്റു. മസ്കറ്റിലെ ഇന്ത്യൻ എംബസിയിലെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം തന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. സത്യത്തിന്റെയും അഹിംസയുടെയും സന്ദേശം ലോകത്തിന് പകർന്ന മഹാത്മാഗാന്ധിയുടെ ജീവിതത്തെയും ആശയങ്ങളെയും അനുസ്മരിച്ചുകൊണ്ടായിരുന്നു ചടങ്ങ്. തുടർന്ന് എംബസിയിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അദ്ദേഹം അഭിസംബോധന ചെയ്തു.

ചുമതലയേൽക്കുന്നതിന് മുന്നോടിയായി ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. ദ്രൗപദി മുർമു നൽകിയ അധികാരപത്രം (Letter of Credence) ഏറ്റുവാങ്ങിയ ശേഷമാണ് അദ്ദേഹം ഒമാനിലേക്കുള്ള പുതിയ ദൗത്യത്തിന് തുടക്കമിട്ടത്.

2024 മുതൽ ഒമാനിലെ ഇന്ത്യൻ അംബാസഡറായിരുന്ന ജി.വി. ശ്രീനിവാസ് ന് പകരക്കാരനായാണ് പ്രശാന്ത് പിസെയെ നിയമിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥനാണ്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നയതന്ത്ര സേവനപരിചയമുള്ള പിസെ, ഈജിപ്ത്, ലിബിയ, ടുണീഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ വിവിധ നയതന്ത്ര ചുമതലകൾ വഹിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും വിഷയങ്ങളിൽ പ്രത്യേക വൈദഗ്ധ്യമുള്ള അദ്ദേഹം, വിദേശകാര്യ മന്ത്രാലയത്തിൽ കുടിയേറ്റ നയങ്ങൾ, പ്രവാസി ക്ഷേമം തുടങ്ങിയ സുപ്രധാന മേഖലകൾ കൈകാര്യം ചെയ്തുവരികയായിരുന്നു.

അതേസമയം, പടിയിറങ്ങിയ അംബാസഡർ ജി.വി. ശ്രീനിവാസ് 1993 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. മെക്സിക്കോ സിറ്റി, കാരക്കാസ്, ഹവാന, ടോക്കിയോ, ബുഡാപെസ്റ്റ് എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളിൽ വിവിധ പദവികൾ വഹിച്ച അദ്ദേഹം, പാകിസ്താനിലെ ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിൽ കൗൺസിലറായും ബ്രസീലിലെ സാവോ പോളോയിൽ കോൺസൽ ജനറലായും സെനഗലിൽ ഇന്ത്യയുടെ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഒമാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും വ്യാപാര-സാംസ്കാരിക ബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ദൗത്യമാണ് പുതിയ അംബാസഡറായ പ്രശാന്ത് പിസെയെ കാത്തിരിക്കുന്നത്. ഇന്ത്യ-ഒമാൻ ബന്ധങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് നിർണായകമാകുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്.

Follow us on :

More in Related News