Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2026 06:15 IST
Share News :
തിരുവനന്തപുരം: ഹെലികോപ്റ്റർ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം. സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സ്‌പോൺസർഷിപ്പുകളിലും സൗജന്യ സൗകര്യങ്ങളിലുമെല്ലാം സുതാര്യത വേണമെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യുന്നതും മന്ത്രിമാർ മറ്റൊരാളുടെ ആഡംബര കാറിൽ യാത്ര ചെയ്യുന്നതും സൗജന്യമായി നൽകിയതാണെന്ന് വിശദീകരിച്ചാലും അതിൽ ‘അഴിമതിയുടെ മണം’ ഉണ്ടെന്നാണ് റഹ്‌മത്തുള്ള സഖാഫിയുടെ പരാമർശം. പദവിയില്ലെങ്കിൽ ഇത്തരം സൗകര്യങ്ങൾ നൽകാൻ ആരെങ്കിലും തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. പൊതുഖജനാവിൽ നിന്ന് മന്ത്രിമാർക്കായി വിവിധ ഇനങ്ങളിൽ വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും വാഹനം, ഔദ്യോഗിക വസതികളുടെ മോടിപിടിപ്പിക്കൽ, സൽക്കാരം, വിദേശയാത്ര, ചികിത്സ തുടങ്ങിയ ചെലവുകളിൽ കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഭരണാധികാരികൾ പൊതുമുതൽ ഉപയോഗിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയും പുലർത്തണമെന്നും റഹ്‌മത്തുള്ള സഖാഫി ആവശ്യപ്പെട്ടു. ഭരണാധികാരികളുടെ പൊതുസമ്പത്ത് ഉപയോഗത്തെക്കുറിച്ചുള്ള ജാഗ്രത വ്യക്തമാക്കാൻ ഉമവി ഖലീഫ ഉമറുബ്നു അബ്ദുൽ അസീസിന്റെ കഥയും അദ്ദേഹം കുറിപ്പിൽ ഉദ്ധരിച്ചു. മുഖ്യമന്ത്രി വിഡി സതീഷൻ സൗജന്യമായി ലഭിച്ച ചാർട്ടേഡ് ഫ്ലൈറ്റിൽ യാത്ര ചെയ്തതും മന്ത്രി കെഎം ഷാജി സുഹൃത്തിന്റെ ആഢംബര കാറിൽ ബോർഡ് വെച്ച് യാത്ര ചെയ്തതും വിവാദമായിരുന്നു.
ഉമവി ഖലീഫ ഉമറുബ്നു അബ്ദുൽ അസീസ് (റ) സെയ്ത്തെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഫയലുകൾ പരിശോധിക്കുകയായിരുന്നു.
അപ്പോഴാണ് ഭാര്യ വീട്ടുകാര്യങ്ങൾ സംസാരിക്കാൻ വേണ്ടി അങ്ങോട്ട് കടന്നുചെന്നത്. ഖലീഫ ഉടനെ വിളക്ക് അണച്ചു.
ഇത് കണ്ട ഭാര്യ ചോദിച്ചു: “ഞാൻ വന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ നിങ്ങൾ വിളക്കണച്ചത്?”
ഒരിക്കലുമല്ല. നമ്മുടെ കുടുംബകാര്യം ചർച്ച ചെയ്യാൻ പൊതുഖജനാവിന്റെ വിളക്ക് ഉപയോഗിക്കേണ്ടതില്ല എന്നു കരുതിയാണ് വിളക്കണച്ചതെന്ന് ഖലീഫ പ്രതികരിച്ചു.
ഭരണാധികാരികൾ പൊതുമുതൽ ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രതയാണിത് വ്യക്തമാക്കുന്നത്.
ഖജനാവിൽ നിന്നും പല പേരിലായി കണക്കറ്റ പണം ഓരോ മന്ത്രിമാർക്കും വേണ്ടി ഔദ്യോഗികമായി തന്നെ ചെലവഴിക്കുന്നുണ്ട്. പുറമെ വാഹനം, വീട് മോടികൂട്ടൽ, സൽക്കാരം, വിദേശയാത്ര, സുഖചികിത്സ തുടങ്ങി കാലിയായ നമ്മുടെ ഖജനാവിനെ വടിച്ചൂറ്റുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്.
മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യുന്നതും മറ്റൊരാളുടെ ആഡംബര കാറിൽ മന്ത്രിമാർ യാത്ര ചെയ്യുന്നതും അവർ ഫ്രീയായി തന്നതാണെന്ന് പറഞ്ഞാലും അതിൽ അഴിമതിയുടെ മണമുണ്ട്.
ഈ പദവിയിൽ അല്ലെങ്കിൽ അവർ വിമാനവും കാറും വിട്ടുകൊടുക്കുമോ?
പകരം ഒന്നും വഴിവിട്ട മാർഗത്തിലൂടെ തിരിച്ചുകൊടുത്തില്ലെങ്കിൽ പോലും പൊതുസമൂഹം അങ്ങനെ ധരിക്കാൻ സാധ്യതയുണ്ട്.
അത് കൊണ്ട് തന്നെ ഉമറുബ്നു അബ്ദുൽ അസീസ് തങ്ങളുടെ അത്ര സൂക്ഷ്മത ഇല്ലെങ്കിലും കുറച്ചുകൂടിയൊക്കെ ശ്രദ്ധ കാണിക്കുന്നത് നല്ലതാണ്.
ഇത് വായിച്ച്, “പിണറായി ഭരിച്ചപ്പോൾ ദൂർത്തിനെതിരെ ഒന്നും പറയാത്തതെന്തായിരുന്നു?” എന്ന് ചോദിച്ച് കമന്റ് ചെയ്യുന്നവരുണ്ടാകും.
അത്തരം ന്യായീകരണക്കാർ എല്ലാവർക്കും ധൈര്യം പകരുന്നവരാണ്.
Follow us on :
Tags:
More in Related News
Please select your location.