Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2026 18:24 IST
Share News :
ന്യൂഡൽഹി : സിജെപി പ്രക്ഷോഭത്തിന്റെ ഭാഗമായ വിദ്യാര്‍ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജന്തര്‍ മന്തറിലും രാജ്യത്തെ മറ്റിടങ്ങളിലും പ്രതിഷേധിച്ചവര്‍ക്കെതിരായ കേസ് അവസാനിപ്പിക്കാനും പിന്‍വലിക്കാനും ഡല്‍ഹി സര്‍ക്കാരിനും, മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വാതന്ത്ര്യമുണ്ട്. 'ക്രിമിനല്‍ പശ്ചാത്തലമുള്ള' പ്രതിഷേധക്കാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ജൂലൈ 28ലെ ഉത്തരവ് ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കു മാത്രമേ ബാധകമാകുകയുള്ളൂ. 'ക്രിമിനല്‍ പശ്ചാത്തലം' എന്ന പ്രയോഗം അത്തരമൊരു അർത്ഥത്തില്‍ മനസിലാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ജൂലൈ 20ന് സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനെതിരായ പൊലീസ് അതിക്രമങ്ങളെ ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികളിലാണ് കോടതിയുടെ നിരീക്ഷണം. ഗതാഗത നിയമലംഘനമോ, ഏതെങ്കിലും പ്രതിഷേധത്തില്‍ പങ്കെടുത്തതു പോലുള്ള ചെറിയ കുറ്റകൃത്യങ്ങളോ ചെയ്തിട്ടുള്ളവര്‍ക്കെതിരായ കേസുകള്‍ പോലും തീര്‍പ്പാക്കാതിരിക്കാന്‍ മുന്‍ ഉത്തരവിലെ 'ക്രിമിനല്‍ പശ്ചാത്തലമുള്ള' എന്ന പ്രയോഗത്തെ ആശ്രയിക്കുന്നുണ്ടെന്ന് അഭിഭാഷകര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിശദീകരണം.
വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും, നിയമപരമായ ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എഫ്‌ഐആര്‍ പിന്‍വലിക്കാന്‍ ക്രിമിനല്‍ നിയമം വ്യവസ്ഥ ചെയ്യുന്നില്ല. കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കുക, പ്രോസിക്യൂഷന്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുക, അല്ലെങ്കില്‍ നടപടികള്‍ റദ്ദാക്കാന്‍ കോടതിയോട് ആവശ്യപ്പെടുക എന്നിവയാണ് ഉചിതമായ നിയമ നടപടികള്‍. ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ക്രിമിനല്‍ പശ്ചാത്തലം' എന്ന് പ്രയോഗിച്ചതിന്റെ അര്‍ത്ഥം വ്യക്തമാക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയും ആവശ്യപ്പെട്ടു. ഗതാഗത നിയമലംഘനം പോലുള്ള ചെറിയ കുറ്റകൃത്യങ്ങളുടെ പേരില്‍ വിദ്യാർഥികള്‍ക്ക് ആശ്വാസം നിഷേധിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, പ്രതികളില്‍ ചിലർ കൊലപാതകം, ബലാത്സംഗം എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നേരിടുന്നുണ്ടെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ മറുപടി.
പ്രതിഷേധക്കാരെ തിരിച്ചറിയാൻ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും ബയോമെട്രിക് നിരീക്ഷണവും ഉപയോഗിച്ചതായുള്ള ആരോപണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ എൻ. ഹരിഹരൻ കോടതിയെ അറിയിച്ചു. ബയോമെട്രിക് ഡാറ്റ ഉപയോഗിക്കുന്നതിന് പ്രതിഷേധക്കാർ സമ്മതം നല്‍കിയിട്ടില്ലാത്തതിനാല്‍ ഈ വിഷയം ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം വാദിച്ചു.
പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ആവശ്യപ്പെട്ടു. ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കരുത്. അമിത ബലപ്രയോഗം നടത്തിയ പൊലീസുകാര്‍ക്ക് അനാവശ്യം സംരക്ഷണം നല്‍കരുത്. വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ മറവില്‍, ഒരു കൊടും കുറ്റവാളിക്ക് സംരക്ഷണം നല്‍കരുതെന്നും അദ്ദേഹം വാദിച്ചു.
വിദ്യാര്‍ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ഉപയോഗത്തെ മുതിര്‍ന്ന അഭിഭാഷ വൃന്ദ ഗ്രോവര്‍ ചോദ്യം ചെയ്തു. സിവിലിയന്‍ പ്രതിഷേധക്കാര്‍ക്കെതിരെ അവ ഉപയോഗിക്കാന്‍ അധികാരപ്പെടുത്തുന്ന നിയമപരമോ, ഭരണപരമോ ആയ വ്യവസ്ഥകള്‍ തന്റെ ഗവേഷണത്തില്‍ കണ്ടെത്താനായില്ലെന്നാണ് വൃന്ദ അറിയിച്ചത്. പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാവുന്ന സാഹചര്യങ്ങള്‍, രീതികള്‍, നിയന്ത്രണം എന്നിവയ്ക്കായി പ്രോട്ടോക്കോള്‍ കോടതി തയ്യാറാക്കുമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.
പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി, പ്രത്യേക അന്വേഷണ സംഘം അല്ലെങ്കില്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികള്‍ ഈ മാസം 18ന് വീണ്ടും പരിഗണിക്കും.
Follow us on :
Tags:
More in Related News
Please select your location.