Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2026 20:54 IST
Share News :
കോഴിക്കോട്: കൂടണയുന്ന സന്തോഷവും വേര്‍പിരിയലിന്റെ വേദനയും സമ്മേളിച്ച ചടങ്ങില്‍ യാസിന്‍ ഷെയ്ഖ് കുടുംബത്തോടൊപ്പം യാത്രയായി. പത്ത് വര്‍ഷത്തെ വേര്‍പാടിനൊടുവില്‍ കുടുംബത്തെ തിരിച്ചുകിട്ടിയ റഷീദ് എന്ന യാസിന്‍ ഷെയ്ഖിന് കാരുണ്യതീരം കുടുംബം നല്‍കിയത് ഹൃദയ സ്പര്‍ശിയായ യാത്രയയപ്പ്. പൂനൂര്‍ കാരുണ്യതീരം ക്യാമ്പസില്‍ നടന്ന ചടങ്ങ് പി.കെ ഫിറോസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മുഹമ്മദ് യാസിര്‍ പങ്കുവെച്ച പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് ജാര്‍ഖണ്ഡ് സ്വദേശിയായ യാസിന്‍ ഷെയ്ഖിനെ കുടുംബം തിരിച്ചറിഞ്ഞത്. വര്‍ഷങ്ങളായി റഷീദ് എന്ന പേരില്‍ കാരുണ്യതീരം പ്രതീക്ഷാഭവനില്‍ താമസിച്ചിരുന്ന യാസിന്റെ കുടുംബത്തെ കണ്ടെത്തിയതോടെ, കണ്ണീരില്‍ കുതിര്‍ന്ന കാത്തിരിപ്പിനാണ് വിരാമമായത്.
യാസിന്റെ സഹോദരന്‍ അജൂല്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ ചടങ്ങിനു സാക്ഷിയായി. കുടുംബത്തെ തിരിച്ചുകിട്ടിയ സന്തോഷത്തിനൊപ്പം, വര്‍ഷങ്ങളോളം കുടുംബത്തിലെ ഒരംഗത്തെപ്പോലെ റഷീദിനെ ചേര്‍ത്തുപിടിച്ച കാരുണ്യതീരം കുടുംബത്തിന്റെ വേര്‍പാടിന്റെ നൊമ്പരവും ചടങ്ങിനെ സാന്ദ്രമാക്കി.
ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ചീഫ് പാട്രണ്‍ ഷുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ.എ. ഷമീര്‍ ബാവ ആമുഖസംസാരം നടത്തി. Be Like Yasirഎന്ന പേരില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മുഹമ്മദ് യാസിര്‍ എം.കെയെ ചടങ്ങില്‍ ആദരിച്ചു. റഷീദിന്റെ കുടുംബത്തെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് യാസിറിന്റെ ഷോര്‍ട്ട് വിഡിയോ ആയിരുന്നു. റഷീദിന് സ്‌നേഹത്തുകയും സമ്മാനങ്ങളും ചടങ്ങില്‍ കൈമാറി.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഞ്ജു മോഹന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നുസ്ഹത്ത് ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ കെ.ടി മുഹമ്മദലി, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ് രഞ്ജിത്ത് എം.പി, സെക്രട്ടറി റജീല്‍ കെ.പി.ജി, കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബാബു കുടുക്കില്‍, പ്രതീക്ഷാഭവന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹക്കീം ടി.എം, കെ. അബ്ദുല്‍ മജീദ്, മുഹമ്മദ് നവാസ് ഐ.പി, പാര്‍വതി ഭായ്, മുഹമ്മദ് ഫവാസ് പി, സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലുംതാസ് സി.കെ., ആര്‍.എം.ഒ ഫര്‍സിന്‍ അഹമ്മദ്, താലിസ് ടി.എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പത്ത് വര്‍ഷത്തിനുശേഷം വീട്ടിലേക്ക്
ജാര്‍ഖണ്ഡിലെ സാഹേബ്ഗഞ്ച് ജില്ലയിലെ നാരായണ്‍പൂര്‍ സ്വദേശിയായ യാസിന്‍ ഷെയ്ഖിനെ 26-ാം വയസ്സില്‍ മുംബൈയില്‍ വെച്ചാണ് കുടുംബത്തിന് നഷ്ടമായത്. കുടുംബം പോലീസില്‍ പരാതി നല്‍കുകയും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളോളം തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ കേരളത്തിലെത്തിയ യാസിനെക്കുറിച്ച് കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കപ്പെട്ട യാസിന്‍ പിന്നീട് വെള്ളിമാടുകുന്നിലെ പുണ്യഭവനില്‍ ആറുവര്‍ഷത്തോളം താമസിച്ചു. 2023 സെപ്തംബറില്‍ 18 വയസ്സ് കഴിഞ്ഞ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി കാരുണ്യതീരം പ്രതീക്ഷാഭവനിലേക്ക് മാറ്റുകയായിരുന്നു.
പ്രതീക്ഷാഭവനിലെ ജീവിതത്തിനിടയില്‍ കലാപരിപാടികളിലും ഹ്രസ്വചിത്രങ്ങളിലുമെല്ലാം സജീവമായിരുന്നു റഷീദ്. സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച 'ഉണര്‍വ് 2023' ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ റഷീദ് അഭിനയിച്ച 'വണ്‍ സ്‌മൈല്‍' എന്ന ഹ്രസ്വചിത്രത്തിന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
സ്വന്തം നാടിനെക്കുറിച്ചും അമ്മയെക്കുറിച്ചും ഇടയ്ക്കിടെ സംസാരിച്ചിരുന്ന റഷീദിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നാടണയുകെ എന്നത്. റഷീദ് എന്ന പേരില്‍ ജീവിച്ച ആറ് വര്‍ഷത്തെ ഓര്‍മകളും സ്‌നേഹവും ഹൃദയത്തിലേറ്റിയാണ് സ്വന്തം കുടുംബത്തിലേക്ക് അയാള്‍ മടങ്ങുകയാണ്.
കുടുംബം നഷ്ടപ്പെട്ട വേറെയും അന്തേവാസികളുണ്ടിവിടെ. 43 താമസക്കാരില്‍ 12 പേരുടെ കുടുംബത്തെ മാത്രമാണ് നിലവില്‍ കണ്ടെത്താനായത്. ബാക്കിയുള്ളവരുടെ കുടുംബങ്ങളെ കണ്ടെത്തുന്നതിനായി 'ഇന്‍ ടു ദ മെമ്മറീസ്' എന്ന പദ്ധതിയിലൂടെ അന്വേഷണം തുടരുകയാണ്.
Follow us on :
Tags:
Please select your location.