Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ബ്രഹ്മി അയച്ച് പ്രതിഷേധിച്ചു

27 Feb 2025 20:24 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: മാർച്ച് ഒന്ന് മുതൽ കേരളത്തിൽ ഓടുന്ന ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തന രഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന നിർദ്ദേശത്തിൽ പ്രതിഷേധമറിയിച്ചു കൊണ്ട് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ എൻ ടി യു സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് 'ഓർമ്മയും ബുദ്ധിയും വിവേകവുമുണ്ടാവാൻ പ്രാർത്ഥനയോടെ' തപാൽ മാർഗം പ്രതിഷേധ കുറിപ്പും ബ്രഹ്മിയും അയച്ചു കൊടുത്തു.

കൊണ്ടോട്ടിയിൽ ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ദുബായിൽ കൂടി യാത്ര ചെയ്ത കൊച്ചി സ്വദേശി പി.കെ.മാത്യു അഗസ്റ്റിൻ എന്നയാൾ അയച്ച കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം നടപ്പിലാക്കാൻ പോകുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.

ദുബായിലെ 6 വരി അതിവേഗ പാതകളിൽ സഞ്ചരിക്കുന്ന ടാക്സി ക്യാബുകളോട് കേരളത്തിലെ 6 മീറ്റർ തികയാത്ത കുണ്ടും കുഴിയും വെള്ളക്കെട്ടുകളും നിറഞ്ഞ പാതകളിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകളെ താരതമ്യം ചെയ്ത് ഇങ്ങിനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല.

ദീർഘദൂര യാത്രകളിൽ ഇടയ്ക്ക് വെച്ച് മീറ്റർ പ്രവർത്തന രഹിതമായാൽ "സൗജന്യ"യാത്രയുടെ സുഖം ആസ്വദിച്ച് യാത്രക്കാരൻ ഇറങ്ങിപ്പോകുമ്പോൾ ഓട്ടോ ഡ്രൈവർ നിസ്സഹായനായി കൈയ്യും കെട്ടി നോക്കി നിൽക്കുകയല്ലാതെ നിർവ്വാഹമില്ല എന്നത് തികച്ചും അന്യായവും സാമാന്യ നീതിക്ക് നിരക്കാത്തതുമാണ്.

സർക്കാർ വിജ്ഞാപനമനുസരിച്ച് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് കോർപ്പറേഷനുകളിലും പ്രധാന നഗരങ്ങളായ കണ്ണൂർ, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലും മീറ്റർ വാടകയും മറ്റു സ്ഥലങ്ങളിൽ മിനിമം ചാർജായ 30 രൂപ കഴിച്ച് വരുന്ന തുകയുടെ 50 ശതമാനം ഈടാക്കാവുന്നതുമാണ്.

നിലവിൽ സിംഗിൾ പർപ്പസ് മീറ്ററുപയോഗിച്ച് സർവ്വീസ് നടത്തുന്ന ഓട്ടോകളിൽ ഈ സൗജന്യ സ്റ്റിക്കർ നിയമം നടപ്പിലാക്കിയാൽ തൊഴിലാളികളും യാത്രക്കാരും തമ്മിൽ വാക്കേറ്റത്തിനും കയ്യാങ്കളിക്കും കാരണമാകും.

ഐ എൻ ടി യു സി മീറ്റർ പ്രവർത്തിപ്പിക്കുന്നതിനെതിരല്ല.ദുബായ് മോഡൽ പരിഷ്കാരം കൊണ്ടുവരുന്നതിന് മുമ്പ് മീറ്ററുകളിൽ പരിഷ്കാരം വരുത്തണം.

സർക്കാർ വിജ്ഞാപനമനുസരിച്ചുള്ള രണ്ട് ചാർജുകളും രേഖപ്പെടുത്താൻ സാധിക്കുന്ന ദുബായിലെ ടാക്സി ക്യാബുകളിലുപയോഗിക്കുന്ന തരത്തിലുള്ളി മൾട്ടി പർപ്പസ് ഫെയർമീറ്ററുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആദ്യമുണ്ടാകണം.

ഗതാഗത മേഖലയിലെ പരിഷ്കാരങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ട്രേഡ് യൂനിയനുകളുമായി കൂടിയാലോചന നടത്തണമെന്നും സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും.

ജില്ലാ പ്രവർത്തക സമിതി അംഗം വേലായുധൻ മൂച്ചിക്കൽ അധ്യക്ഷത വഹിച്ചു.പി.ഷാഹുൽ ഹമീദ്, ലത്തീഫ്, പി.അഷ്റഫ്, കെ.അബ്ദുൽ മജീദ്,അബൂബക്കർ സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു.


ഫോട്ടോ : മോട്ടോർ തൊഴിലാളി ഫെഡറേഷൻ -ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് തപാൽ മാർഗം കുറിപ്പും ബ്രഹ്മിയും അയച്ചു കൊടുത്തുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായുള്ള കൊണ്ടോട്ടിയിലെ പരിപാടി ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News