Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ഐതീഹ്യപ്പെരുമയിൽ അഷ്ടമിവിളക്ക്; ഭക്ത മനസ്സുകളിൽ അനുഗ്രഹവർഷം ചൊരിഞ്ഞ് ദേവസംഗമം നടന്നു.

13 Dec 2025 01:51 IST

santhosh sharma.v

Share News :

വൈക്കം: ഭക്ത മനസ്സുകളിൽ അനുഗ്രഹവർഷം ചൊരിഞ്ഞ് ദേവസംഗമം. താന്ത്രിക വിധികളിൽ മുറതെറ്റാത്ത ആചാര അനുഷ്ഠാനങ്ങളോടെ അഷ്ടമി രാത്രിയിൽ നടന്ന അഷ്ടമിവിളക്ക് ഭക്തി സാന്ദ്രമായി. രാത്രി 11ന് ഉദയനാപുരത്തപ്പൻ്റെ വരവോടെ അഷ്ടമിവിളക്കിന്റെ ആർഭാടപൂർണമായ ചടങ്കൾക്ക് തുടക്കമായി. താരകാസുരനെ നിഗ്രഹിച്ച് വിജയശ്രീലാളിതനായി എത്തുന്ന ദേവസേനാപതിയും മകനുമായ ഉദയനാപുരത്തപ്പനെ അച്ഛനായ വൈക്കത്തപ്പൻ സ്വീകരിക്കുന്നതാണ് അഷ്ടമിവിളക്കിന് പിന്നിലെ ഐതീഹ്യം. ദേശാധിപതിയായ മഹാദേവരുടെ സന്നിധിയിൽ നടക്കുന്ന പിതൃപുത്ര സംഗമത്തിന് സാക്ഷിയാകാൻ ദേശത്തെ ഇതരക്ഷേത്രങ്ങളിൽ നിന്നുളള ദേവീദേവന്മാരുമെത്തി. കൂട്ടുമ്മേൽ ഭഗവതിയോടൊപ്പം എഴുന്നളളിയെത്തുന്ന ദേവസേനാപതിയെ വലിയകവല മുതൽ വടക്കേഗോപുരം വരെ നിലവിളക്കുകൾ നിരത്തി പുഷ്പവൃഷ്ടിയോടെയാണ് ഭക്തജനങ്ങൾ എതിരേറ്റത്. ഈ സമയം വൈക്കത്തപ്പൻ പുത്രന്റെ വരവുംകാത്ത് വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ ക്ഷേത്രത്തിന്റെ കിഴക്കേ ആനക്കൊട്ടിലിൽ നിലയുറപ്പിച്ചിരുന്നു.

തുടർന്ന് ആദ്യ കാണിക്ക സമർപ്പിക്കാൻ അവകാശിയായ കറുകയിൽ കൈമൾ പല്ലക്കേറിയെത്തി. കൈമൾ സ്വർണ്ണച്ചെത്തിപ്പൂക്കൾ കാണിക്ക അർപ്പിച്ചതോടെ വലിയ കാണിക്ക ആരംഭിച്ചു.തുടർന്ന് ഭക്തജനങ്ങളും കാണിക്ക അർപ്പിച്ചു. വിളക്കിന് ശേഷം വിടപറയൽ ചടങ്ങും നടന്നു. അച്ഛനും മകനും വൈകാരികമായി വിടപറയൽ ചടങ്ങ് ആരംഭിച്ചതോടെ ക്ഷേത്രം ശോകമൂകമായി. ദുഖകണ്ഠാര രാഗം നാദസ്വരത്തിലൂടെ ഒഴുകിയതോടെ ചടങ്ങിന് തടിച്ചുകൂടിയ ഭക്തസഹസ്രങ്ങൾക്ക് വിടച്ചൊല്ലി പിരിയുമ്പോൾ പിതൃ പുത്ര ബന്ധത്തിൻ്റെ തീക്ഷ്ണത നെഞ്ചിലേറ്റി നിറകണ്ണുകളോടെ അടുത്ത വൃച്ഛികഷ്ടമിക്കുള്ള കാത്തിരിപ്പോടെ ക്ഷേത്രം വിട്ട് പോയി. ശനിയാഴ്ച വൈകിട്ട് ആറാട്ട് നടക്കും. വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ടുകുളത്തിലാണ് നടക്കുക. ആറാട്ടുകഴിഞ്ഞ് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജയും നടക്കും. 14 രാവിലെ മുക്കുടി നിവേദ്യത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.

Follow us on :

More in Related News