Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2025 22:11 IST
Share News :
തലയോലപ്പറമ്പ്: അതിപുരാതനമായ നാല് കെട്ട് വീട് തീടിച്ച് കത്തിനശിച്ച സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മറവൻതുരുത്ത് മണിയശ്ശേരി ക്ഷേത്രത്തിന് സമീപം കുഴിക്കേടത്ത് സുഭദ്രാമ്മയുടെ ഉടമസ്ഥതയിലുള്ള വീടിനാണ് തീ പിടിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കുടുംബവീട് ഭൂരിഭാഗവും തേക്ക് തടിയിൽ തീർത്തതാണ്. ഇതിന് അല്പം സമീപത്ത് മാറിയുള്ള മകൻ്റെ വീട്ടിലാണ് വീട്ടുടമ താമസിക്കുന്നത്. അതിനാൽ ഇവിടെ മറ്റാരും ഉണ്ടാകാതിരുന്നതിനാലാണ് ആളപായം ഒഴിവായത്. തീ ആളിപ്പടർന്ന് ഓടിട്ട മേൽക്കൂരയും മച്ചും ഉൾപ്പടെ കത്തി നശിച്ച് നിലംപൊത്തി ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. വൈക്കത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും വാഹനം കടന്ന് ചെല്ലാൻ മാർഗ്ഗം ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തെ ബാധിക്കുകയും വീട് പൂർണ്ണമായും കത്തിയമർന്ന് നിലംപൊത്തുകയുമായിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിക്കാൻ കാരണമെന്ന് പ്രാഥമിക നിഗമനം ഉണ്ടായിരുന്നെങ്കിലും വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി വിശദമായ പരിശോധന നടത്തിയപ്പോൾ ഇതിനുള്ള സാധ്യത തള്ളിക്കളയുകയായിരുന്നു. തുടർന്ന് വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ തീപിടിക്കാനുള്ള കാരണം അറിയുന്നതിന്നായി സയൻ്റിഫിക് വിദഗ്ധരെ എത്തിച്ച് അടുത്ത ദിവസം വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
Follow us on :
More in Related News
Please select your location.