Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2025 07:37 IST
Share News :
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമായിരിക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിക്കുക.
ഒന്നുമുതൽ ആറുവരെ പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു.
കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കും. കുറ്റവിമുക്തനാക്കിയതിനാൽ കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപടക്കമുള്ളവർ കോടതിയിൽ ഹാജരാകേണ്ട. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്. ജീവപര്യന്തം തടവോ അല്ലെങ്കിൽ കുറഞ്ഞത് 20 വർഷം കഠിനതടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
ശിക്ഷ പ്രഖ്യാപിച്ചശേഷമേ വിധിപ്പകർപ്പ് ലഭിക്കൂ. ദിലീപടക്കമുള്ളവരെ എന്തുകൊണ്ട് കുറ്റവിമുക്തരാക്കിയെന്നത് ഉത്തരവ് പുറത്തുവന്നാലെ വ്യക്തമാകൂ. ഉത്തരവ് പുറത്തുവന്നാലുടൻ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നാണ് വിവരം. കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾ നിലവിൽ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
Follow us on :
Tags:
More in Related News
Please select your location.