Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാധാരണക്കാര്‍ക്ക് ആശ്രയമായി സര്‍ക്കാര്‍ മേഖലയില്‍ ഒരു 'സൂപ്പര്‍ സ്പെഷ്യാലിറ്റി' ആശുപത്രി

27 Jul 2025 11:34 IST

Jithu Vijay

Share News :

മലപ്പുറം : സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയോട് കിട പിടിക്കുന്ന സംവിധാനങ്ങളുമായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഒരാശ്വാസകേന്ദ്രമാവുകയാണ്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രികളിലൊന്നായി മാറിയിട്ടുണ്ട് മലപ്പുറം ജില്ലയിലെ തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആതുരാലയം. ജില്ലാ ആശുപത്രിയുടെ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ സൗഹാര്‍ദ്ദപരമായ സമീപനവും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവുമാണ് രോഗികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. 


2016 ഓഗസ്റ്റ് 26 ന് പ്രവര്‍ത്തനം തുടങ്ങിയ ആശുപത്രിയുടെ ഉദ്ഘാടനം 2018 ഡിസംബര്‍ 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗികമായി നിര്‍വഹിച്ചത്. വിശാലമായ കാത്തിരിപ്പു കേന്ദ്രങ്ങള്‍, വായു സഞ്ചാരവും വെളിച്ചവുമുള്ള വാര്‍ഡുകള്‍, അത്യാധുനിക ഉപകരണങ്ങളോടെ സജ്ജീകരിച്ച ഓപ്പറേഷന്‍ തീയേറ്ററുകള്‍, ലേബര്‍ റൂമുകള്‍, ശുദ്ധമായ കുടിവെള്ളം, ശൗചാലയങ്ങള്‍ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. കൂടാതെ ആശുപത്രിയുടെ ചുവരിലും സമീപത്തെ മരങ്ങളിലും കുട്ടികള്‍ക്കായി നിര്‍മിച്ച കളിയിടങ്ങളിലുമെല്ലാം സ്വച്ഛതയുടെ പ്രതീകമായി ആകര്‍ഷകമായ വര്‍ണചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. 


സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം, അനസ്തേഷ്യ എന്നീ സേവനങ്ങളോടെ 200 കിടക്കകളുള്ള ആശുപത്രിയാണിത്. 24 മണിക്കൂറും എല്ലാ വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. പ്രാദേശിക സമൂഹത്തിന് താങ്ങാനാവുന്നതും ഗുണമേന്‍മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ 23 കോടി രൂപ ചെലവഴിച്ചാണ് ജില്ലയിലെ ആദ്യത്തെ മാതൃ-ശിശു സംരക്ഷണ ആശുപത്രി സ്ഥാപിച്ചത്. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്.

Follow us on :

More in Related News