Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം

27 Jul 2025 11:53 IST

Jithu Vijay

Share News :

എടപ്പാൾ : ഫാഷൻ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട് സഹായികളുമായി തുടങ്ങിയ അവാന ഡിസൈനേഴ്‌സ് സ്റ്റുഡിയോ ഇന്ന് സ്വന്തമായി 1500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവും 12 ജീവനക്കാരുമായി വളര്‍ന്നു. അഞ്ച് രാജ്യങ്ങളില്‍ വിപണിയും കണ്ടെത്തി. 


തൃശൂര്‍ തൈക്കാട്ടുശ്ശേരി സ്വദേശിയായ അശ്വതിക്ക് ചെറുപ്പം മുതലേ ചിത്രരചനയിലായിരുന്നു താല്പര്യം. ക്രിയേറ്റിവായ മേഖലയില്‍ തൊഴില്‍ കണ്ടെത്തണമെന്നായിരുന്നു മോഹം. ജന്തുശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടുന്നതും ആ വിഷയങ്ങള്‍ പഠിക്കാനുള്ള താല്പര്യം കൊണ്ട് മാത്രമായിരുന്നു. സുവോളജിയില്‍ ഡിഗ്രി നേടിയ ശേഷം ഇരിങ്ങാലക്കുട ഡ്രീം സോണ്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ഫാഷന്‍ ഡിസൈനിങില്‍ ഡിപ്ലോമ നേടി. പിന്നീട് കേരളവര്‍മ കോളജില്‍ എം.എക്ക് ചേര്‍ന്നു. വിവാഹിതയായി എടപ്പാളിലെത്തിയ ശേഷമാണ് ചെറിയൊരു സ്ഥാപനം തുടങ്ങിയത്. 


സംരംഭം തുടങ്ങാനുള്ള ആഗ്രഹവുമായി ആദ്യം സമീപിച്ചത് താലൂക്ക് വ്യവസായകേന്ദ്രത്തെയാണ്. ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. അവര്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കി. വ്യവസായകേന്ദ്രത്തിന്റെ സഹായത്തോടെ ലീഡ് ബാങ്കായ കാനറാബാങ്കിനെ സമീപിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വായ്പാതുക കയ്യിലെത്തി. ചുവപ്പുനാടയുടെ വള്ളിക്കെട്ടുകളെക്കുറിച്ച് പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നു. എന്നാല്‍ തീര്‍ത്തും വ്യവസായ സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ ബോധ്യപ്പെട്ടു.'' -അശ്വതി പറയുന്നു.


കുടുംബശ്രീയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ സഹായം ലഭിക്കാനും പ്രയാസമുണ്ടായില്ല. വാടകയ്ക്ക് ഒരു ചെറിയ ഷോപ്പെടുത്ത് സംരംഭം തുടങ്ങി. സിനിമാ-സീരിയല്‍ നടിമാരും ഗായികമാരും അവാനയുടെ ഡിസൈനിങ് തേടിയെത്തി. ഗായിക സിതാര, മറിമായം താരം സ്‌നേഹ ശ്രീകുമാര്‍, റിമി ടോമി, ശ്രുതി രജനീകാന്ത്, മൃദുല വാരിയര്‍, വീണ നന്ദകുമാര്‍ തുടങ്ങിയവരെല്ലാം തുടക്കത്തിലേ പ്രോത്സാഹനം നല്‍കി. ഇന്ന് ആസ്‌ത്രേലിയ, യു.കെ, യു.എസ്.എ, അയര്‍ലാന്‍ഡ്, അബുദാബി എന്നീ രാജ്യങ്ങളില്‍ അവാനയുടെ വസ്ത്രങ്ങള്‍ക്ക് ഓഡറുണ്ട്. ഉത്തരേന്ത്യയില്‍ നിന്നാണ് മെറ്റീരിയല്‍ എത്തിക്കുന്നത്. 10,000 മുതല്‍ 50,000 വരെയാണ് വില. ലഹംഗ, ഗൗണ്‍, സാരി എന്നിവയാണ് ഡിസൈന്‍ ചെയ്ത് നല്‍കുന്നത്. പരമ്പരാഗത ക്രിസ്ത്യന്‍ വിവാഹവസ്ത്രങ്ങള്‍ക്ക് വിദേശത്തും നല്ല ഡിമാന്‍ഡുണ്ട്.

Follow us on :

More in Related News