Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവജന കമ്മീഷന്‍ മലപ്പുറം ജില്ലാതല അദാലത്ത്: 17പരാതികള്‍ തീര്‍പ്പാക്കി

09 Jan 2026 18:41 IST

Jithu Vijay

Share News :

മലപ്പുറം : സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ മലപ്പുറം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ അദാലത്തില്‍ 30 പരാതികള്‍ പരിഗണിച്ചതില്‍ 17 എണ്ണം പരിഹരിച്ചു. 13 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. പുതിയതായി ആറ് പരാതികള്‍ ലഭിച്ചു. 


യുവജനങ്ങളുടെ ജീവിത ശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും സംബന്ധിച്ച് യുവജന കമ്മീഷന്‍ നടത്തുന്ന ശാസ്ത്രീയപഠനത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചതായും മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തില്‍ പ്രാവീണ്യമുള്ള അധ്യാപകരുടെയും നേതൃത്വത്തില്‍ നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ഷാജര്‍ പറഞ്ഞു. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികളും ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി ക്യാംപയിനുകളും നടപ്പിലാക്കി വരുകയാണെന്നും സൗജന്യ നിയമസഹായത്തിനായി 18001235310 എന്ന ടോള്‍ഫ്രീ നമ്പര്‍ യുവജനകമ്മീഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. 


എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ഡയബറ്റിക് ഫൂട്ടായി വന്ന മലപ്പുറം നെല്ലികുത്ത് സ്വദേശിയുടെ കാല്‍പാദം മുറിച്ചുമാറ്റി എന്ന് പരാതിയില്‍ വിദഗ്ധ സമിതിയെ നിയമിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാതെ പ്രവര്‍ത്തിക്കുന്ന വാഴയൂരിലുള്ള സ്വകാര്യ സ്ഥാപനത്തിനെതിരെ നല്‍കിയ പരാതി, സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, മെഡിക്കല്‍ ബയോകെമിസ്ട്രി കോഴ്‌സിന് അര്‍ഹമായ അംഗീകാരം ലഭിക്കാത്തത്, റവന്യു വകുപ്പിലെ എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്, സ്വകാര്യസ്ഥാപനത്തിലെ ശമ്പള കുടിശ്ശിക ലഭിക്കാത്തത്, സൈബര്‍ തട്ടിപ്പ്, തൊഴില്‍ വിസ തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചു. അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ കെ. ഷാജഹാന്‍, അഡ്വ. അബേഷ് അലോഷ്യസ്, എച്ച്. ശ്രീജിത്ത്, പി.പി. രണ്‍ദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ കെ. ജയകുമാര്‍, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News