Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2025 22:49 IST
Share News :
വൈക്കം: തിങ്കളാഴ്ച രാവിലെ കനത്ത മഴയോടൊപ്പം ഉണ്ടായ ശക്‌തമായ കാറ്റിൽ വൈക്കത്തെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം. മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞുവീണും വീടുകൾക്കും കൃഷികൾക്കും കനത്ത നാശം വരുത്തി.
തലയോലപ്പറമ്പ് ,വെള്ളൂർ, മറവൻതുരുത്ത്, ഉദയനാപുരം എന്നിവിടങ്ങളിൽ ക്യഷി ചെയ്ത
നിരവധി കർഷകരുടെ ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞു നശിച്ചു. കുലച്ചതും കുലയ്ക്കാൻ പാകമായതുമായ വാഴകളാണ് അധികവും നശിച്ചത്. വൈക്കം നഗരസഭ 25-ാം വാർഡിൽ മഠത്തിപ്പറമ്പിൽ മല്ലികയുടെ പശുത്തൊഴുത്തിന് മുകളിലേക്ക് മരം കടപുഴകി വീണ് തൊഴുത്ത് പൂർണമായും തകരുകയും തൊഴുത്തിൽ പാർപ്പിച്ചിരുന്ന രണ്ട് പശുക്കൾ പരുക്കേൽക്കുകയും ചെയ്തു.പ്രദേശത്ത് ചാണിചിറയിൽ കൊച്ചുത്രേസ്യയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ തേക്ക് മരം കടപുഴകി വീണ് വാഴകളും, ഫലവൃക്ഷങ്ങളും നശിച്ചു. മരങ്ങളുടെ ചില്ലകൾ ഒടിഞ്ഞുവീണ് സമീപത്തെ വീടുകൾക്കും ചെറിയ നാശം സംഭവിച്ചു. കണിയാംതോടിൻ്റെ തീരത്തുള്ള റോഡിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. തലയാഴം പഞ്ചായത്തിലെ മാരാം വീട് ഭാഗത്ത് പ്രധാന റോഡിന് കുറുകെ നിരവധി മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
നഗരസഭ 21-ാം വാർഡിൽ വലിയതറ രവീന്ദ്രൻ, നമ്പിത്താനത്ത് അശോകൻ എന്നിവരുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. ഉദയനാപുരം ജംഗ്ഷനിൽ സ്‌ഥാപിച്ചിരുന്ന ട്രാഫിക് സിഗ്നൽ പോസ്‌റ്റ് ഒടിഞ്ഞുവീണു. ജന്മനാ കാഴ്‌ച നഷ്‌ടപ്പെട്ട മറവൻതുരുത്ത് ഇടവട്ടം മാളിയേക്കൽ ഷാനി ചാക്കോയുടെ വീടിനു മുകളിൽ മരം കടപുഴകി വീണ് കേടുപാടുകൾ സംഭവിച്ചു.തലയോലപ്പറമ്പ് തലപ്പാറ തെക്കേ പന്തലാട്ട് വർക്കിയുടെ വീടിനു മുകളിൽ പ്ലാവ് കടപുഴകി വീണ് തകർന്നു. പൊതി തെക്കേമുണ്ടാനിക്കൽ കുഞ്ഞച്ചൻ്റെ വീടിനു മുകളിൽ മരം വീണ് കേടുപാടുകൾ സംഭവിച്ചു. വടയാർ ജയ് വിഹാറിൽ വേണുഗോപാലൻ്റെ വീടിനു മുകളിൽ സമീപ പുരയിടത്തിൽ നിന്നിരുന്ന പുളി മരം കടപുഴകി വീണ് മേൽക്കൂര ഭാഗികമായി തകർന്നു. ഇല്ലിത്തൊണ്ട് റോഡിൽ ശ്രീലകം വീട്ടിൽ ദാസപ്പന്റെ വീടിനു മുകളിൽ സമീപ പുരയിടത്തിൽ നിന്നിരുന്ന തേക്ക് മരം കടപുഴകി വീണ് നാശനഷ്ടം ഉണ്ടായി. ഉദയനാപുരം തുറുവേലിക്കുന്ന് ധ്രുവപുരം ക്ഷേത്രത്തിൽ നിന്നിരുന്ന രുദ്രാക്ഷ മരം കടപുഴകി വീണതിനെ തുടർന്ന് ചുറ്റുമതിൽ തകർന്നു. വെച്ചൂർ പഞ്ചായത്തിൽ പണ്ടാര പാട്ടത്തിൽ ഗഫൂറിൻ്റെ വീടിനു മുകളിൽ തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു. ചെമ്പ് പഞ്ചായത്ത് 13-ാം വാർഡിൽ കൊച്ചുതറ ഷിബുവിൻ്റെ വീടിനു മുകളിൽ ആഞ്ഞിലി മരം കടപുഴകി വീണു വീട് പൂർണമായി നശിച്ചു.സംഭവ സമയത്ത് ഗൃഹനാഥൻ വീടിന് അകത്തു ഉള്ളപ്പോൾ ആണ് അപകടം സംഭവിച്ചത്. ശബ്ദം കേട്ട് പുറത്തേക്കു ഓടി മാറിയതിനാൽ അപകടം ഒഴിവായി. നിരവധി സ്‌ഥലങ്ങളിൽ മരച്ചില്ലകൾ ഒടിഞ്ഞ് വൈദ്യുത ലൈനിലേക്ക് വീണ് കമ്പികൾ പൊട്ടി.ഉൾപ്രദേശങ്ങളിൽ വൈദ്യുതി ബന്ധം ഇനിയും പുന:സ്ഥാപിക്കാനായിട്ടില്ല. ശക്തമായ മഴയും മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്ന് ഒഴുക്കിൻ്റെ ശക്‌തി വർധിച്ചതും മൂലം ഉൾപ്രദേശത്തെ തോടുകൾ നിറഞ്ഞ് കവിഞ്ഞു. പുഴയിലെ ഒഴുക്ക് ശക്തമായതോടെ തീരം ഇടിയുമൊ എന്ന ആശങ്കയിലാണ് തീരവാസികൾ.
Follow us on :
Tags:
More in Related News
Please select your location.