Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2025 13:50 IST
Share News :
കുന്ദമംഗലം: തദ്ദേശ തെരഞ്ഞെടുപ്പിനെ മുന്നോടിയായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാർഥി നിർണ്ണയം വൈകുന്നു. കുന്ദമംഗലം, പടനിലം ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ യുഡിഎഫ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ജനറൽ സീറ്റുകളായ കുന്ദമംഗലം ഡിവിഷൻ കോൺഗ്രസിനും പടനിലം ഡിവിഷൻ മുസ്‌ലിം ലീഗിനുമാണ് മുന്നണിക്കുള്ളിൽ ധാരണയായിട്ടുള്ളത്.
ഗ്രാമപഞ്ചായത്തിൽ എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുന്നേറിയ കോൺഗ്രസിന് ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാർഥി പ്രഖ്യാപനത്തിലെ നീണ്ടുനിൽക്കുന്ന അനിശ്ചിതത്വം പ്രവർത്തകർക്കിടയിൽ അതൃപ്തി സൃഷ്ടിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ.
കഴിഞ്ഞ തവണ പൈങ്ങോട്ടുപുറം ഡിവിഷനിൽ നിന്ന് വിജയിച്ച് രണ്ടര വർഷം പ്രസിഡൻ്റ് പദവി അലങ്കരിച്ച് ബ്ലോക്ക് പഞ്ചായത്തിൽ ചരിത്രപരമായ മാറ്റങ്ങൾ സൃഷ്ടിച്ച ബാബു നെല്ലൂളിയെ ഇത്തവണ കുന്ദമംഗലം ഡിവിഷനിൽ മത്സരിപ്പിക്കണം എന്ന ആവശ്യം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമായി ഉയർന്നിരിക്കുകയാണ്. നിരവധി പേർ സ്ഥാനാർത്ഥിത്വത്തിനായി പേരുകൾ നൽകിയിട്ടുണ്ടെങ്കിലും “നേട്ടം തെളിയിച്ച നേതാവിനാണ് അവസരം നൽകേണ്ടത്” എന്ന അഭിപ്രായം ഉയർന്നു വരുന്നു.
അതേ സമയം മുസ്ലിം ലീഗിന് ലഭിച്ച പടനിലം ഡിവിഷനിൽ, ബ്ലോക്ക് പഞ്ചായത്തിനെ മുസ്ലിം ലീഗിന്റെ അഭിമാനമായി മാറ്റിയ പ്രസിഡൻ്റ് അരിയിൽ അലവിയെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന് ശക്തമായ ജനാഭിപ്രായമാണ് ഉയരുന്നത്. ഇവിടെയും നിരവധി പേരുകൾ പരിഗണനയിൽ വന്നതോടെ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടേണ്ടി വന്നിട്ടുണ്ടെന്നാണ് സൂചന.
ലഭിക്കുന്ന സൂചനകൾ പ്രകാരം, കഴിഞ്ഞ അഞ്ച് വർഷം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിക്കാതിരുന്നുവെങ്കിലും, ബ്ലോക്ക് പഞ്ചായത്ത് ‘5 വർഷത്തിൽ 50 വർഷത്തെ വികസനം’ കാഴ്ച വച്ച ബാബു നെല്ലൂളിയും അരിയിൽ അലവിയും പോലുള്ള നേതാക്കൾക്ക് സ്ഥാനാർഥിത്വം ലഭിക്കാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, ഇത്തവണ ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് തിരിച്ചടിയാകാമെന്ന ആശങ്കയാണ് കുന്ദമംഗലം രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബാബു നെല്ലൂളിയെയും അരിയിൽ അലവിയെയും സ്ഥാനാർഥികളാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തിൽ, അന്തിമ തീരുമാനം എപ്പോൾ വരുമെന്ന് പ്രവർത്തകരും വോട്ടർമാരും ഉറ്റുനോക്കുകയാണ്.
Follow us on :
More in Related News
Please select your location.