Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2025 20:47 IST
Share News :
പീരുമേട് :
പരുന്തുംപാറയിൽ ഭൂമി കയ്യേറ്റമെന്ന പേരിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് ഭൂപ്രശ്നം സങ്കീർണമാക്കാൻ റവന്യൂ അധികൃതരുടെ ഗൂഢ നീക്കംനടത്തുന്നുവെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. ദിനേശൻ ആരോപിച്ചു.പ്രദേശത്തെ രണ്ടു നമ്പറുകളിൽ ഉൾപ്പെട്ട വസ്തു ഉടമസ്ഥത സംബന്ധിച്ച ഭൂരേഖകൾ പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ കളക്ടറുടെ നേതൃത്വത്തിലുള്ള നടപടികൾ പ്രദേശവാസികളെ വലിയതോതിൽ ആശങ്കയിലാക്കിയിട്ടുണ്ട്.
പരുന്തുംപാറയിൽ ഭൂമി സംബന്ധിച്ച് യാതൊരുവിധ പരാതികളും നേരത്തെ ഇല്ലെന്നിരിക്കെയാണ് ഏതാനും വർഷം മുമ്പ് മാധ്യമ വാർത്തയെ തുടർന്ന് പരുന്തുംപാറ ഭൂവിവാദം തുടങ്ങുന്നത്. ജില്ലയ്ക്ക് പുറത്തുള്ള പരിസ്ഥിതി സംഘടന നൽകിയ പരാതിയിൽ മറ്റൊരു കേസിന്റെ പരിശോധന നടക്കവെയാണ് പരുന്തുംപാറയിൽ കയ്യേറ്റ ഭൂമിക്ക് പട്ടയം നേടാൻ ശ്രമം എന്ന പേരിൽ വന്ന മാധ്യമ വാർത്തയുമായി ബന്ധപ്പെട്ടാണ് പരുന്തുംപാറയിലെ ഭൂപ്രശ്നം ഉയർന്നു വരുന്നത്. തുടർന്ന് പരുന്തും പാറയിലെ ഭൂമി സംബന്ധിച്ച രേഖകൾ പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതിനെ തുടർന്ന് വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കമ്മീഷനെ നിയോഗിച്ചു.
മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441 ലും പീരുമേട് വില്ലേജിലെ സർവേ നമ്പർ 534ലും ഉൾപ്പെടുന്ന മുഴുവൻ പ്രദേശത്തും മാർച്ച് മുതൽ നിർമാണ നിരോധനം ഏർപ്പെടുത്തിയിരുന്നു. വലിയതോതിൽ ഉയർന്നുവന്ന പ്രതിഷേധത്തെ തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് നിർമാണ നിരോധനം പിൻവലിച്ചത്.
ഭൂവുടമകൾക്ക് റവന്യൂ അധികാരികൾ നോട്ടീസ് നൽകി. നോട്ടീസിന് ആദ്യം സമർപ്പിച്ച രേഖകൾ മതിയാവില്ല എന്ന് കാട്ടി വീണ്ടും നോട്ടീസ് നൽകി. രാജഭരണ കാലത്ത് ചെമ്പ് പട്ടയവും ജനാധിപത്യ ഭരണത്തിൽ പട്ടയവും ലഭിച്ച നൂറുകണക്കിന് കുടുംബങ്ങളാണ് റവന്യൂ അധികാരികളുടെ ഭീഷണിയിൽ ദുരിതമനുഭവിക്കുന്നത്. പ്രദേശത്ത് മൂന്ന് സെൻറ് മുതൽ രണ്ടര ഏക്കർ വരെ ഭൂമിയുള്ള സാധാരണക്കാരാണ് ഏറെയും.
പരുന്തുംപാറ പ്രദേശത്ത് ഫോറസ്റ്റ്, റവന്യൂ ഭൂമി മാത്രമാണുള്ളത്. ഗ്രാംബി, കല്ലാർ, ഓട്ടപ്പാലം, പീരുമേട് തുടങ്ങിയ പ്രദേശങ്ങളിലാണ് കയ്യേറ്റം എന്ന് റവന്യൂ അധികൃതർ ആരോപിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ള ആളുകൾ നിയമപ്രകാരം പട്ടയം ലഭിച്ചവരാണ്.
നിലവിൽ ഈ പ്രദേശത്തെ കൈവശഭൂമിക്ക് പട്ടയത്തിന് അപേക്ഷ നൽകി കാത്തുനിൽക്കുന്ന നിരവധി സാധാരണക്കാരുമുണ്ട്.
2100 തണ്ടപ്പേരുകളിലായാണ് പ്രദേശത്ത് ഭൂമിയുള്ളത്. ഇതിൽ 900 പേർക്ക് മാത്രമാണ് നാളിതുവരെ നോട്ടീസുകൾ നൽകിയിട്ടുള്ളത്. ഇതിൽ 200 അടുത്ത് ആളുകൾ മാത്രമാണ് ഇതിനകം രേഖകൾ ഹാജരാക്കിയിട്ടുള്ളത്. ഇതുവരെ നൽകിയ 200 ഓളം പേരുടെ രേഖകൾ പൂർണ പരിശോധനയ്ക്ക് ഇതുവരെയും വിധേയമാക്കിയിട്ടുമില്ല. പ്രദേശത്ത് പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന ജനങ്ങളെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് കുടിയിറക്കാനുള്ള റവന്യൂ അധികൃതരുടെ നടപടി പിൻവലിക്കണമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, സ്ഥിരം സമിതി അധ്യക്ഷൻ എ. ജെ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു,
Follow us on :
More in Related News
Please select your location.