Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പണിമുടക്ക് പൂർണ്ണം; വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പടെ അടഞ്ഞ് കിടന്നു.

12 Feb 2026 14:20 IST

santhosh sharma.v

Share News :

വൈക്കം: കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ 12 ഓളം ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് വൈക്കത്ത് പൂർണ്ണം. ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവ പൂർണ്ണമായി അടഞ്ഞു കിടക്കുന്നു. ഇരുചക്ര വാഹനമടക്കമുള്ള ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലോടുന്നത്. വൈക്കം

കെ.എസ്.ആർ.ടി.സി ഡിപ്പോ, ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടി എന്നിവ അടഞ്ഞ് കിടന്നു. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളിൽ ചിലത് തുറന്നെങ്കിലും സമരാനുകൂലികൾ എത്തിയതോടെ അടച്ചു. ഹാജർ നിലയും വളരെ കുറവായിരുന്നു. ചിലയിടങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞെങ്കിലും എങ്ങും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. വൈക്കത്ത് പണിമുടക്കുന്ന ഇടത് സംഘടനകൾ സംയുക്തമായും കോൺഗ്രസ് അനുകൂല സംഘടന ഒറ്റയ്ക്കും ടൗണിൽ പ്രകടനവും ധർണ്ണയും നടത്തി. തലയോലപ്പറമ്പ്, വെള്ളൂർ എന്നിവിടങ്ങളിൽ ഇടത് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തി. വൈക്കം ബോട്ട് ജെട്ടിയുടെ മുൻവശത്തെ ഗേറ്റ് പൂട്ടി കിടന്നു. കെ.എസ്.ആർ.ടി.സിയുടെ പ്രവേശന കവാടത്തിൽ സമര അനുകൂലികൾ കൊടി സ്ഥാപിച്ച് കയർ കെട്ടി. ബസ് കുറുകെയിട്ട് പ്രവേശന കവാടവും അടച്ചിട്ട നിലയിലാണ്. നിരത്തുകളിൽ ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളും ഒഴിഞ്ഞ് കിടന്നു. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകുന്നതിനാൽ പൂർണ്ണമായും സ്‌തംഭിച്ച നിലയിലാണ്. ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികളും മറ്റും പണിമുടക്കിന്റെ ഭാഗമായിട്ടുണ്ട്. തുറമുഖം, വൈദ്യുതി, ടെലികോം, ഐ.ടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ തൊഴിലാളികൾ അടക്കം സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കോടതി, ആശുപത്രി, മെഡിക്കൽ ഷോപ്പുകൾ, ഫയർ സ്റ്റേഷൻ, തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ട്.

Follow us on :

More in Related News