Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹജ്ജ് കമ്മിറ്റി ആസ്തികള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പരിഗണിയില്‍ മന്ത്രി എന്‍. ഷംസുദ്ധീന്‍

03 Aug 2026 20:17 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ഹജ്ജ് സീസണ്‍ അല്ലാത്ത സമയങ്ങളില്‍ കോഴിക്കോട്ടെയും കണ്ണൂരിലെയും ഹജ്ജ് കമ്മിറ്റിയുടെ കെട്ടിടങ്ങളും മറ്റ് ഭൗതിക ആസ്തികളും വെറുതെയിടാതെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം, കോച്ചിംഗ് ക്യാമ്പുകള്‍, ഉന്നത വിദ്യാഭ്യാസ പിന്തുണ തുടങ്ങിയ പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും ഇതിനായി പ്രത്യേക കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും വിദ്യാഭ്യാസ- ഹജ്ജ് വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് ട്രെയിനര്‍മാര്‍ക്കും സ്റ്റേറ്റ് ഹജജ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


 കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കുള്ളതും നിബന്ധനകള്‍ കാരണവും ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന വലിയ യാത്രാച്ചെലവും യാത്രാ പ്രതിസന്ധിയും പരിഹരിക്കാന്‍ സര്‍ക്കാരും ഹജജ് കമ്മിറ്റിയും പരിശ്രമങ്ങള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കണ്ണൂര്‍, നെടുമ്പാശ്ശേരി കേന്ദ്രങ്ങള്‍ വഴി കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും കരിപ്പൂരിലെ സര്‍വീസുകള്‍ പഴയപടി ആക്കാനുള്ള ശ്രമങ്ങള്‍ തുടരും. 


 ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വ്യവസ്ഥാപിതമായ പ്രക്രിയയാണെന്നും, 2026-ലെ തീര്‍ത്ഥാടകര്‍ തിരികെ എത്തുന്നതിന് മുന്‍പ് തന്നെ അടുത്ത വര്‍ഷത്തേക്കുള്ള നടപടികള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹാജിമാര്‍ക്ക് സൗകര്യം ഒരുക്കാന്‍ ശ്രമം നടത്തിയതായും മന്ത്രി പറഞ്ഞു.


പരിപാടിയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ടി.പി. അഷ്റഫലി, ടി.വി ഇബ്രാഹീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാന്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഉമ്മര്‍ ഫൈസി മുക്കം, അഡ്വ. കെ. മൊയ്തീന്‍ കുട്ടി, ഒ.വി ജഅ്ഫര്‍, ഷംസുദ്ധീന്‍ അരിഞ്ചിറ, അബ്ദുറഹിമാന്‍, നൂര്‍ മുഹമ്മദ് നൂര്‍ഷാ, അനസ് ഹാജി, അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്‌മാന്‍ പുത്തലത്ത് സംസാരിച്ചു. ഹജ്ജ് ട്രെയിനര്‍മാരും സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാരും സംബന്ധിച്ചു.

Follow us on :

More in Related News