Tue Dec 12, 2023 10:56 PM 1ST

Sign In

ലീഗ് വിട്ടുനിന്നു; ആനക്കര പഞ്ചായത്ത് ഭരണം സി.പി.എമ്മിന്, ജംസീനയ്ക്ക് വിജയം

18 Nov 2026 09:09 IST

NewsDelivery

Share News :

പാലക്കാട് ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി.എൻ. അംബികയെ പരാജയപ്പെടുത്തി സി.പി.എമ്മിലെ എം.വി. ജംസീന വിജയിച്ചു. മുസ്‌ലിംലീഗിന്റെ മൂന്ന് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ ജംസീനയ്ക്ക് ഏഴ് വോട്ട് ലഭിച്ചു.

പാലക്കാട്: മുസ്‌ലിംലീഗിന്റെ മൂന്ന് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ പാലക്കാട് ആനക്കര ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന്. കോൺഗ്രസിന്റെ പി.എൻ. അംബികയെ ഒരു വോട്ടിന് പരാജയപ്പെടുത്തി സി.പി.എമ്മിലെ എം.വി. ജംസീന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജംസീനയ്ക്ക് ഏഴ് വോട്ടും അംബികയ്ക്ക് ആറ് വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പി. അംഗം തിരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല.

മുസ്‌ലിംലീഗ് അംഗങ്ങളായ സൽമ ബഷീർ, സീനത്ത് പുളിക്കൽ, ഷീബ പുളിക്കൽ എന്നിവരാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്. നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായ സീനത്ത് പുളിക്കലാണ് നേരത്തേ പി.എൻ. അംബിക രാജിവെച്ചതിനെത്തുടർന്ന് പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നത്.

17 അംഗ ഭരണസമിതിയിൽ സി.പി.എമ്മിന് ഏഴും കോൺഗ്രസിന് ആറും മുസ്‌ലിംലീഗിന് മൂന്നും ബി.ജെ.പി.ക്ക് ഒന്നും അംഗങ്ങളാണുള്ളത്. ലീഗ് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ സി.പി.എം സ്ഥാനാർഥിക്ക് വിജയം ഉറപ്പായി. ഇതോടെ പഞ്ചായത്തിൽ ദിവസങ്ങളായി തുടരുകയായിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനും വിരാമമായി.

പഞ്ചായത്തിലെ താത്കാലിക ജീവനക്കാരന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് കോൺഗ്രസും മുസ്‌ലിംലീഗും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയത്. യു.ഡി.എഫ് ധാരണകൾക്ക് വിരുദ്ധമായ തീരുമാനങ്ങൾ പാസാക്കാൻ കോൺഗ്രസ് നേതൃത്വം ബി.ജെ.പി അംഗത്തിന്റെ പിന്തുണ തേടിയെന്നായിരുന്നു ലീഗിന്റെ ആരോപണം. ഇതേത്തുടർന്ന് രൂപപ്പെട്ട ഭരണപ്രതിസന്ധിയാണ് പ്രസിഡന്റ് പി.എൻ. അംബികയ്ക്കെതിരായ അവിശ്വാസപ്രമേയത്തിലേക്ക് നയിച്ചത്.

സി.പി.എമ്മിലെ ഏഴ് അംഗങ്ങളും മുസ്‌ലിംലീഗിലെ മൂന്ന് അംഗങ്ങളും ഒരുമിച്ച് വോട്ട് ചെയ്തതോടെ പത്തുപേരുടെ പിന്തുണയിൽ അവിശ്വാസപ്രമേയം പാസായി. ഇതിന് പിന്നാലെ ആനക്കരയിലെ പ്രാദേശിക നേതൃത്വത്തിനെതിരെയും പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയും മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം അച്ചടക്കനടപടി സ്വീകരിച്ചിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പി.എൻ. അംബികയെ വീണ്ടും സ്ഥാനാർഥിയാക്കാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം. എന്നാൽ ഇതിനോട് മുസ്‌ലിംലീഗ് യോജിച്ചില്ല. തുടർന്നാണ് തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ ലീഗ് തീരുമാനിച്ചത്.

തിങ്കളാഴ്ച കോൺഗ്രസ്, ലീഗ് അംഗങ്ങൾ വിട്ടുനിന്നതിനെത്തുടർന്ന് ക്വാറം തികയാതെ വന്നതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്.

Follow us on :

More in Related News