Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊൻതൂവൽ; കോട്ടയം മെഡിക്കൽ കോളജിൽ 283 കോടിയുടെ 15 വികസന പദ്ധതികൾ: സർജിക്കൽ ബ്ളോക്ക് 16ന് നാടിന് സമർപ്പിക്കും

13 Feb 2026 19:35 IST

CN Remya

Share News :

കോട്ടയം: ആധുനികരീതിയിൽ നിർമാണം പൂർത്തിയാക്കിയ സർജിക്കൽ ബ്ളോക്ക് ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളജിലെ 283 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നാടിനു സമർപ്പിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് മെഡിക്കൽ കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

സർജിക്കൽ ബ്ളോക്കിനൊപ്പം മറ്റു 14 വികസനപദ്ധതികൾ കൂടി ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. 7.88 കോടി രൂപ ചെലവിട്ടു സ്ഥാപിച്ച കാത്ത് ലാബ്, ആറുകോടി രൂപ ചെലവിടുന്ന പാരാമെഡിക്കൽ ഹോസ്റ്റലിന്റെ പൂർത്തിയാക്കിയ ഒന്നാംഘട്ടം, 4.28 കോടി ചെലവിട്ടു കാൻസർ ബ്ളോക്കിൽ സ്ഥാപിച്ച 32 സ്ലൈസ് സി ടി സ്‌കാനിംഗ് സംവിധാനം, 1.25 കോടി ചെലവിട്ടു നവീകരിച്ച പ്രധാന കവാടം, 1.20 കോടി രൂപ ചെലവഴിച്ച് ഗൈനക്കോജളി വിഭാഗത്തിൽ ഒരുക്കിയ മാതൃ നവജാത ശിശുപരിചരണ യൂണിറ്റ് എന്നിവയാണ് മറ്റു പ്രധാനപദ്ധതികൾ. 

എ.ബി.സി. ബ്ളോക്കിൽ 74 ലക്ഷം രൂപ ചെലവിട്ടു നിർമിക്കുന്ന പുതിയ ടോയ്ലറ്റ് ബ്ളോക്കിന്റെ ശിലാസ്ഥാപനവും ഇതോടനുടബന്ധിച്ചു നടക്കും. സ്‌കിൻ ബാങ്ക് (64.57 ലക്ഷം രൂപ), ക്രഷ് (60 ലക്ഷം രൂപ), ലാക്റ്റേഷൻ മാനേജ്മെൻറ് സെൻറർ (64.2 ലക്ഷം രൂപ), സി.എസ്.ആർ. ഫണ്ടുപയോഗിച്ചു ലഭ്യമാക്കിയ കാർഡിയാക് റീഹാബലിറ്റേഷൻ യൂണിറ്റ്-കാർഡിയോളജി ആൻഡ് കാർഡിയോതൊറാസിക് ബ്ളോക്കിലെ ഉപകരണങ്ങൾ, എക്കോ മെഷീൻ, സി.ആം മെഷീൻ, വെന്റിലേറ്റുകൾ എന്നിവയും തിങ്കളാഴ്ചത്തെ ചടങ്ങിൽ ഉദ്ഘാടനം ചെയ്യും.

കിഫ്ബി പദ്ധതിയിലൂടെ 257 കോടി രൂപ ചെലവിട്ടു 33642 ചതുരശ്ര മീറ്ററിലാണ് സർജിക്കൽ ബ്ളോക്ക് സജ്ജമാക്കിയിട്ടുള്ളത്. 526 കിടക്കകൾ, 44 ഐ.സി.യു. കിടക്കകൾ, 14 ഓപ്പറേഷൻ തിയറ്ററുകൾ എന്നിവ പുതിയ ബ്ളോക്കിലുണ്ട്. 256 സ്ളൈസ് സി.ടി. സ്‌കാൻ, 3 ടെസ്ല എം.ആർ.ഐ, ആധുനിക ഡിജിറ്റൽ റേഡിയോഗ്രഫി മെഷീൻ, ഫ്ളൂറോസ്‌കോപ്പി എന്നീ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിന് സ്വാഗതം പറയും. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. ജയ്മോൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ ഗ്രമാപഞ്ചായത്ത് പ്രസിഡൻറ് ഒ.എ. സജി, ബ്ളോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗം റോസിലി ടോമിച്ചൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അരവിന്ദ് സച്ചിൽ, ദേശീയാരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ. ദന്തൽ കോളജ് പ്രിൻസിപ്പൽ വി.പി. കണ്ണൻ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ലിനി ജോസഫ്, വൈസ് പ്രിൻസിപ്പൽ ടി.ആർ. രാധ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി. ജയപ്രകാശ്, ചീഫ് നഴ്സിംഗ് ഓഫീസർ പി.കെ. ഉഷ, ഡി.സി.എച്ച് പ്രസിഡൻറ് സി.ജെ. ജോസഫ് എന്നിവർ സംസാരിക്കും.

Follow us on :

More in Related News