Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ പൊലീസ് കണ്ടെത്തി.

14 Aug 2025 16:23 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ പൊലീസ് കണ്ടെത്തി. പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെ (40) കൊല്ലം അഞ്ചല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരിവിക്കോണം എന്ന സ്ഥലത്ത് നിന്നുമാണ് കണ്ടെത്തിയത്. ഇയാളെ തട്ടിക്കൊണ്ടു പോയ നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഷമീറിനെയും ഇയാള തട്ടിക്കൊണ്ടു പോയവരെയും കസ്റ്റഡിയിലെടുത്തത്.


കഴിഞ്ഞ ദിവസം രാത്രിയാണ് വി.പി. ഷമീറിനെ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷമീറിനെ വഴിയില്‍ വച്ച്‌ കാറിടിച്ചു തെറിപ്പിക്കുകയും തുടർന്ന് ബലമായി കയറ്റിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാറില്‍ ബലം പ്രയോഗിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ ഷമീർ ബഹളം വയ്ക്കുന്നതും കുതറിയോടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.


തട്ടിക്കൊണ്ടു പോയവർ മോചനദ്രവ്യമായി ഒന്നരക്കോടി രൂപയോളം ആവശ്യപ്പെട്ടതായി വീട്ടുകാ‍ർ പൊലീസിനു മൊഴി നല്‍കിയിരുന്നു. ദുബായില്‍ കൂട്ടുസംരംഭമായി ഫാർമസി ബിസിനസ് നടത്തുകയാണ് ഷമീർ. 60ഓളം ഫാർമസികളും 3 റസ്റ്ററന്റുകളും ഇവരുടെ കീഴിലുണ്ട്. മുൻ പാർട്ണർമാരുമായുള്ള സാമ്ബത്തിക ഇടപാടുകളും അതിനെത്തുടർന്നുണ്ടായ കോടതി വ്യവഹാരങ്ങളുമാണ് നിലവിലെ സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിലവിലെ നിഗമനം. കുടുംബസമേതം വിദേശത്തു കഴിയുന്ന ഷമീർ കഴിഞ്ഞ നാലിനാണ് നാട്ടിലെത്തിയത്. അടുത്ത 18നു മടങ്ങാൻ ഇരിക്കുകയായിരുന്നു.

Follow us on :

More in Related News