Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2026 03:02 IST
Share News :
ദോഹ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പുതുക്കുന്നതിനായി പ്രീമിയം തുക ഗണ്യമായി വർധിപ്പിച്ച സാഹചര്യത്തിൽ പ്രവാസികൾക്കിടയിൽ ഉയർന്നുവന്ന ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നോർക്ക അധികൃതർക്ക് നിവേദനം നൽകി.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിലും വൈസ് പ്രസിഡന്റ് വി. എസ്. അബ്ദുൾ റഹ്മാനും നോർക്ക ഓഫീസിലെത്തി ജനറൽ മാനേജർ പ്രകാശ് പി. ജോസഫിനെ നേരിൽ കണ്ട് നിവേദനം കൈമാറി. പ്രീമിയം വർധനവ് മൂലം സാധാരണക്കാരായ പ്രവാസികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടുമോ എന്ന ആശങ്കയും നേതാക്കൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
പ്രീമിയം തുകയേക്കാൾ ഉയർന്ന തോതിൽ ഇൻഷുറൻസ് ക്ലെയിമുകൾ ഉണ്ടായതും ദീർഘകാല കരാറുകളുടെ അഭാവവും ഇൻഷുറൻസ് കമ്പനികൾക്ക് പദ്ധതി തുടരുന്നതിൽ വെല്ലുവിളികൾ സൃഷ്ടിച്ചതായും ഇതിന്റെ ഭാഗമായി പുതിയ ഇൻഷുറൻസ് കവറേജ് നൽകാൻ കമ്പനികൾ വിമുഖത പ്രകടിപ്പിക്കുന്ന സാഹചര്യമുണ്ടായതായും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള ജി.എസ്.ടി ഒഴിവാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും, നിവേദനത്തിൽ ഉന്നയിച്ച പ്രവാസികളുടെ ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കുമെന്നും പ്രകാശ് പി. ജോസഫ് ഉറപ്പുനൽകി.
കഴിഞ്ഞ സർക്കാരിന്റെ അവസാന സമയത്ത്, യാതൊരുവിധ ഹോംവർക്കുകളും ചെയ്യാതെയും, ഇൻഷുറൻസ് കമ്പനികളുമായി ഒരു ദീർഘകാല കരാർ ഇല്ലാതെയും ധൃതിപ്പെട്ട് പദ്ധതി നടപ്പിലാക്കിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം എന്ന് ഇൻകാസ് നേതാക്കൾ പറഞ്ഞു. ഇത്തരം യാഥാർത്ഥ്യങ്ങൾ മറച്ചുവച്ചുകൊണ്ട്, തികച്ചും രാഷ്ട്രീയ ലക്ഷ്യം മാത്രം വച്ചു കൊണ്ട് ചിലർ 6 മാസം മാത്രം പ്രായമായ നിലവിലെ സർക്കാരിനെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പ്രവാസികളുടെ പൊതുവായ താത്പര്യങ്ങൾക്ക് സഹായകരമാവില്ലെന്നും അവർ പറഞ്ഞു.
പ്രവാസികളുടെ ആരോഗ്യസുരക്ഷയും സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി ഇൻകാസ് ഖത്തർ രാഷ്ട്രീയഭേദമന്യേ മുന്നിലുണ്ടാകുമെന്നും, അതിനായി സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തുമെന്നും ഇൻകാസ് നേതാക്കൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.