Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഷ്ട്രീയ കേരളത്തിന് ഇനി നെഞ്ചടിപ്പിൻ്റെ മണിക്കൂറുകൾ ; ഒരുക്കങ്ങള്‍ സജ്ജം

03 May 2026 14:02 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. നാളെ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുന്നത്. 441 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 574 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, 441 മൈക്രോ ഒബ്സർവർമാരുള്‍പ്പെടെ 1456 കൗണ്ടിംഗ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്.


ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ ഇവിഎമ്മുകളാണ് എണ്ണുന്നത്. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇവിഎമ്മിലെ വോട്ട് എണ്ണുന്നതിന് പരമാവധി 14 കൗണ്ടിംഗ് മേശകള്‍ ക്രമീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 500ന് ഒന്നെന്ന ക്രമത്തില്‍ പ്രത്യേകം കൗണ്ടിംഗ് ടേബിളുകളും ഓരോന്നിനും ഓരോ എആർഒ എന്ന നിലയിലും ക്രമീകരിക്കും.

സ്ഥാനാർഥികള്‍ അല്ലെങ്കില്‍ അംഗീകൃത പ്രതിനിധികള്‍, കേന്ദ്ര നിരീക്ഷകർ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തില്‍ പോളിംഗ് സാമഗ്രികള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമുകള്‍ രാവിലെ ആറിനു തുറക്കും.

വീഡിയോ റിക്കാർഡിംഗ് നടത്തിയാണ് തുറക്കുക.


വോട്ടെണ്ണുമ്പോൾ കണ്ട്രോള്‍ യൂണിറ്റിനൊപ്പം ഫോം 17സി കൂടി മേശപ്പുറത്ത് വയ്ക്കും. ഒരു ബൂത്തില്‍ ഇവിഎമ്മില്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പടുത്തുന്നതാണ് 17സി പാർട്ട് ഒന്ന്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെയും (ഇവിഎം) ബൂത്തില്‍ പോള്‍ ചെയ്ത വോട്ടുകളുടെയും എണ്ണത്തില്‍ വ്യത്യാസമുണ്ടെന്ന് കണ്ടാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ (വോട്ടർ വെരിഫയബിള്‍ പേപ്പർ ഓഡിറ്റ് ട്രയല്‍) എണ്ണും.


വിവി പാറ്റ് സ്ലിപ്പുകളില്‍ സ്ഥാനാർഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും ഉള്‍പ്പെടും. ഇവിഎമ്മിലെ വോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം 17സി പാർട്ട് ഒന്നിലെ (അക്കൗണ്ട്സ് ഓഫ് വോട്ട്സ് റിക്കാർഡഡ്) വിവരങ്ങളുമായി ഒത്തേുനാക്കും. കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഓരോ റൗണ്ടിലെയും രണ്ട് ഇവിഎം ഒബ്സർവർ റാൻഡം ആയി എണ്ണും. ഓരോ മണ്ഡലങ്ങളിലെയും അഞ്ചു ബൂത്തുകളിലെ വീതം വിവിപാറ്റും എണ്ണും.


ജില്ലയില്‍ ഏഴു കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം എന്നീ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ മലപ്പുറം ഗവണ്മെന്റ് കോളജിലും നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളുടേത് നിലമ്പൂർ അമല്‍ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലും നടക്കും.


വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളുടേത് യഥാക്രമം തിരൂരങ്ങാടി കെ.എം. മൗലവി മെമ്മോറിയല്‍ ഓർഫനേജ് അറബിക് കോളജ്, തിരൂരങ്ങാടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂള്‍, തിരൂരങ്ങാടി ഓർഫനേജ് അപ്പർ പ്രൈമറി സ്കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. താനൂർ, തിരൂർ, കോട്ടക്കല്‍ മണ്ഡലങ്ങളുടേത് തിരൂർ എസ്‌എസ്‌എം പോളിടെക്നിക്കില്‍ നടക്കും. തവനൂർ, പൊന്നാനി മണ്ഡലങ്ങളുടേത് പൊന്നാനി അച്യുത വാര്യർ ഹയർ സെക്കൻഡറി സ്കൂളിലും നടക്കും.

Follow us on :

More in Related News