Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2026 07:03 IST
Share News :
കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള പയ്യാമ്പലം പൊതുശ്മശാനത്തിലുണ്ടായ സംഘർഷത്തിൽ ശ്മശാന തൊഴിലാളിക്ക് മർദ്ദനമേറ്റു. കണ്ണൂർ ചാലാട് മണൽ സ്വദേശിയും ശ്മശാന തൊഴിലാളിയുമായ രഞ്ജൻ (51)ആണ് മർദ്ദനത്തിനിരയായത്.
കണ്ണിനും നെറ്റിക്കും പരിക്കേറ്റ രഞ്ജൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
കഴിഞ്ഞ അഞ്ചിന് മരിച്ച ചാല ഭാഗത്തുള്ള സ്ത്രീയുടെ ബന്ധുക്കൾ മൂന്നാം ദിനമായ തിങ്കളാഴ്ച രാവിലെ അന്ത്യകർമ്മങ്ങൾക്കായി ശ്മശാനത്തിലെത്തിയിരുന്നു. മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് അന്ത്യകർമ്മങ്ങൾ നടത്തിയതായി കണ്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്. ശ്മശാന തൊഴിലാളികളിൽ നിന്ന് ടോക്കൺ നൽകുന്നതിലുണ്ടായ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് വിവരം.
വിവരമറിഞ്ഞെത്തിയ കോർപറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്കുമാർ പരേതയുടെ ബന്ധുക്കളുമായി ചർച്ച നടത്തി. തുടർന്ന് ചിത വെച്ച് മൂടിയ സ്ഥലം തുറന്ന് അസ്ഥികൾ ശേഖരിച്ച് പയ്യാമ്പലം കടലിൽ ഒഴുക്കുകയും ചെയ്തു. ഇതിനുശേഷമാണ് ചിലർ ജോലിയിൽ ഏർപ്പെട്ടിരുന്ന രഞ്ജനെ മർദ്ദിച്ചതെന്നാണ് പരാതി.
സംഭവത്തെ തുടർന്ന് പയ്യാമ്പലം ശ്മശാനത്തിൽ മണിക്കൂറുകളോളം സംസ്കാരച്ചടങ്ങുകൾ വൈകി. കോർപറേഷൻ അധികൃതരുടെ നിരന്തര അവഗണനയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന ആരോപണവും ഉയർന്നു. കോടികൾ മുടക്കി നിർമ്മിച്ച പയ്യാമ്പലം വാതകശ്മശാനം ഇപ്പോഴും പ്രവർത്തനരഹിതമാണെന്നും പരാതിയുണ്ട്.
Follow us on :
Tags:
More in Related News
Please select your location.