Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംരക്ഷിക്കേണ്ട തിരഞ്ഞെടുപ്പ്കമ്മീഷന്‍ തന്നെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു: എസ്ഡിപിഐ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

02 Sep 2025 08:58 IST

Fardis AV

Share News :

കോഴിക്കോട്: ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനു പകരം അതിനെ ദുര്‍ബലപ്പെടുത്തുകയാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതി (എന്‍.ഡബ്ല്യു.സി) യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ബംഗളൂരുവിലെ മഹാദേവപുര മണ്ഡലത്തില്‍ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടര്‍മാരുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇസിഐയുടെ പ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ വീഴ്ചകള്‍ തുറന്നുകാട്ടുന്നു. ബിഹാറില്‍ നടത്തിയ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവ്യൂ (എസ്‌ഐആര്‍) ദുരുദ്ദേശ്യപരമാണെന്നും, ഇത് വലിയൊരു വിഭാഗം പൗരന്മാരുടെ വോട്ടവകാശം നിഷേധിച്ചതായും കണ്ടെത്തി. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് എസ്‌ഐആര്‍ തിടുക്കത്തില്‍ നടപ്പാക്കിയത്. ഭരണകൂടത്തിന്റെ രാഷ്ട്രീയ എതിരാളികളെ ദോഷകരമായി ബാധിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത് ചെയ്തത്. 

 രാജ്യത്ത് ജനാധിപത്യം, ഫെഡറലിസം, ബഹുസ്വരത, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവയ്ക്ക് നേരെയുണ്ടാകുന്ന ഭീഷണികളില്‍ യോഗം അഗാധമായ ആശങ്ക രേഖപ്പെടുത്തി. തുടര്‍ച്ചയായി 30 ദിവസം അറസ്റ്റിലായിരുന്നാല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവരെ സ്വയമേവ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതിയെ യോഗം ശക്തമായി അപലപിച്ചു. ഇത്തരമൊരു വ്യവസ്ഥ, കോടതി ശിക്ഷിക്കുന്നതിന് മുമ്പ് തന്നെ ഇഡി, സിബിഐ തുടങ്ങിയ ഏജന്‍സികളിലൂടെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ ഏകപക്ഷീയമായി പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ഇത് പ്രാപ്തമാക്കും. ഇത് കേന്ദ്രത്തില്‍ അധികാരം കേന്ദ്രീകരിക്കുക മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകളുടെ, പ്രത്യേകിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നയിക്കുന്ന സര്‍ക്കാരുകളുടെ സ്വയംഭരണാധികാരം ദുര്‍ബലപ്പെടുത്തും. 

 ഇഡി, സിബിഐ, ഐടി, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളുടെ ദുരുപയോഗം അപകടകരമായ നിലയിലെത്തിയിരിക്കുന്നു. ജനവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ നയങ്ങളെ ചോദ്യം ചെയ്യുന്നവരെ നിശ്ശബ്ദരാക്കാനും പ്രതിപക്ഷ നേതാക്കളെ ഉപദ്രവിക്കാനും ആക്ടിവിസ്റ്റുകളെ ഭീഷണിപ്പെടുത്താനും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം ഈ ഏജന്‍സികളെ വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നു. 

 വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിക്കും. സംസ്ഥാനത്തുടനീളം കേഡര്‍ കണ്‍വന്‍ഷനുകളും ബൂത്ത് മാനേജ്മെന്റ് ശില്‍പ്പശാലകളും നടത്തി പാര്‍ട്ടി ഇതിനകം തന്നെ തയ്യാറെടുപ്പുകള്‍ ശക്തമാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഉടന്‍ പട്‌നയില്‍ വെച്ച് പുറത്തിറക്കും.

 കേന്ദ്ര ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നയങ്ങളെ പരാജയപ്പെടുത്താന്‍ എസ്ഡിപിഐ പോരാട്ടം തുടരുമെന്ന് എന്‍.ഡബ്ല്യു.സി യോഗം ഏകകണ്ഠമായി പ്രമേയം പാസാക്കി. രാജ്യത്തിന്റെ ജനാധിപത്യ, ഫെഡറല്‍, മതേതര അടിത്തറകളെ പ്രതിരോധിക്കാനും ശക്തിപ്പെടുത്താനും എല്ലാ മതേതര, ജനാധിപത്യ ശക്തികളും ഒരുമിച്ചു നില്‍ക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.

കോഴിക്കോട് ചേര്‍ന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്, ബി എം കാംബ്ലെ, ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഇല്യാസ് തുംബെ, പി അബ്ദുല്‍ മജീദ് ഫൈസി, യാസ്മിന്‍ ഫാറൂഖി, സീതാറാം കൊയിവാള്‍, മുഹമ്മദ് അഷ്‌റഫ്, മുതിര്‍ന്ന ഭാരവാഹികള്‍, ദേശീയ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സംസാരിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡൻ്റ് ബി എം കാംബ്ലെ, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുൽ മജീദ് ഫൈസി, യാസ്മിന്‍ ഫാറൂഖി, സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് സംബന്ധിച്ചു.

Follow us on :

More in Related News