Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരു കോടി രൂപ നഷ്ടപരിഹാരം തേടി എ.കെ.ബാലന് ജമാഅത്തെ ഇസ്‌ലാമിയുടെ നോട്ടിസ്

07 Jan 2026 21:16 IST

NewsDelivery

Share News :

മാറാട് കലാപത്തിന്റെ മുറിവുണക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചതെന്നും ബിജെപി പോലും രാഷ്ട്രീയ ആയുധമാക്കാത്ത കാലത്ത് മാറാടിനെ ആയുധമാക്കാന്‍ സിപിഎം ശ്രമിക്കരുതെന്നും സംഘടനയുടെ കേരള അമീര്‍ പി.മുജീബുറഹ്മാന്‍. എ.കെ.ബാലന്‍ അഭിനവ ഗീബല്‍സ് ആകരുതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്നും പല മാറാടുകള്‍ ആവര്‍ത്തിക്കുമെന്നുമുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി. മുജീബ് റഹ്മാന്റെ വിമര്‍ശനത്തിനു പിന്നാലെ സംഘടന ബാലന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്താവന പിന്‍വലിച്ച് ബാലന്‍ മാപ്പു പറയണമെന്നാണ് സംഘടനയുടെ ആവശ്യം. 


ജമാഅത്തിനെ ടൂള്‍ ആക്കിയുള്ള സിപിഎം നീക്കം അപകടകരമാണെന്നും അതില്‍ നിന്ന് പിന്മാറണമെന്നും പി. മുജീബ് റഹ്മാന്‍ പറഞ്ഞു. സംഘപരിവാറിനെ തടയുന്നതിനു ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല ബാധ്യത. ഇതിനായി ഇടത് വലത് സംഘടനകള്‍ ഒരുമിച്ചു നില്‍ക്കണം. അങ്ങനെ നിന്നിരുന്നെങ്കില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി ഭരിക്കില്ലായിരുന്നു. ജമാഅത്തെ ഇസ്‌ലാമി എന്ത് വര്‍ഗീയ പ്രവര്‍ത്തനം ആണ് നടത്തിയിട്ടുള്ളത് എന്ന് സിപിഎം വ്യക്തമാക്കണം. വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവനകളില്‍ നിന്ന് നേതാക്കളെ വിലക്കണം. വിവേകമുള്ളവര്‍ സിപിഎമ്മില്‍ ഉണ്ടെങ്കില്‍ എ.കെ ബാലനെ തിരുത്തണം. ജമാഅത്തിന് പ്രത്യേക രാഷ്ട്രീയമില്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ താല്‍പര്യം ഒഴിവാക്കിയും ജയിക്കുന്നവരെ പിന്തുണയ്ക്കുമെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി ഏറെ സംഘര്‍ഷമുണ്ടായിട്ടുണ്ട്. ഇനിയും പ്രതിഷേധിക്കേണ്ട ഘട്ടം ഉണ്ടായാല്‍ പ്രതിഷേധിക്കും. സിപിഎം നിലപാട് തിരുത്തിയാല്‍ ഇനിയും അവരെ പിന്തുണക്കും. 2011 വരെ പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരു മുന്നണി നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. പിണറായി വിജയനുമായി സംസാരിച്ചതില്‍ അപകടമോ അസാധാരണത്വമോ ഇല്ല. സിപിഎം ഒരു ന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടി ആണെന്ന് കരുതുന്നില്ല. ജമാഅത്ത് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയിട്ടില്ല. വിവിധ മുസ്‌ലിം സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും പി.മുജീബുറഹ്മാന്‍ പറഞ്ഞു

Follow us on :

More in Related News