Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ശക്തിക്കും മേലെയാണ് ഭക്തി‘: തിയേറ്ററുകളിൽ ദൃശ്യവിരുന്നൊരുക്കി കണ്ണപ്പ

28 Jun 2025 17:35 IST

Adarsh R T

Share News :

'ശക്തിക്കും മേലെയാണ് ഭക്തി!' ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഈ വാക്കുകളാണ് 'കണ്ണപ്പ' എന്ന സിനിമയുടെ ആത്മാവ്. ഭക്തിയുടെ ശക്തി എത്രമാത്രമാണെന്ന് പറഞ്ഞുവയ്ക്കുന്നൊരു ദൃശ്യവിസ്മയമായി തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് വിഷ്ണു മഞ്ചു നായകനായെത്തിയിരിക്കുന്ന 'കണ്ണപ്പ'. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനങ്ങളുമായി പ്രേക്ഷകരെ അതിശയിപ്പിച്ചിരിക്കുകയാണ് ചിത്രം . വിഷ്ണുവിനെ കൂടാതെ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങി വലിയൊരു താരനിരയാൽ സമ്പന്നമാണ് 'കണ്ണപ്പ'.


ഉടുമുരു ദേശത്തെ തിണ്ണ എന്ന യുവാവിന്‍റെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ദൈവങ്ങളിലൊന്നും വിശ്വാസമില്ലാത്ത തികഞ്ഞ യോദ്ധാവായ തിണ്ണ എങ്ങനെ അടിയുറച്ചൊരു ശിവഭക്തനായ കണ്ണപ്പയായി മാറുന്നുവെന്നതാണ് സിനിമയുടെ പ്രമേയം. വിഷ്ണു മഞ്ചുവാണ് ചിത്രത്തിൽ തിണ്ണ (കണ്ണപ്പ)യായി എത്തിയിരിക്കുന്നത്.


സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത രീതിയിലുള്ള മനോഹരമായ ദൃശ്യമികവാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഓസ്ട്രേലിയ, സ്കോട്ട്ലന്‍റ്, ന്യൂസിലന്‍റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലടക്കമുള്ള അതിമനോഹര ലൊക്കേഷനുകളിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതിനാൽ തന്നെ ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നുണ്ട്.


കണ്ണപ്പയായി തെലുങ്കിലെ ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചുവിന്‍റേത് ഞെട്ടിക്കുന്ന പ്രകടനമാണ്. യുദ്ധ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലുമടക്കം മികച്ച അഭിനയ മുഹൂർത്തങ്ങളാണ് വിഷ്ണു കാഴ്ചവെച്ചിരിക്കുന്നത്. വിഷ്ണുവിന്‍റെ അച്ഛൻ കഥാപാത്രമായെത്തിയ തമിഴ് താരം ശരത് കുമാറും മനസ്സ് കീഴടക്കുന്ന കഥാപാത്രമാണ്. നായിക വേഷത്തിലെത്തിയ പ്രീതി മുകുന്ദനും തനിക്ക് ലഭിച്ച വേഷം മനോഹരമാക്കിയിട്ടുണ്ട്.


ശിവനായെത്തിയ അക്ഷയ് കുമാർ, കിരാതയായെത്തിയ മോഹൻലാൽ, രുദ്രയായെത്തിയ പ്രഭാസ്, പാർവ്വതിയായെത്തിയ കാജൾ അഗർവാള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ സർപ്രൈസ് കാസ്റ്റിങ്ങുകള്‍. ഹർഷാരവത്തോടെയാണ് മോഹൻലാലിന്‍റേയും പ്രഭാസിന്‍റേയും ഇൻട്രോ പ്രേക്ഷകരേവരും ഏറ്റെടുക്കുകയുണ്ടായത്. ഇവരെ കൂടാതെ മോഹൻ ബാബു, അർപ്പിത് രങ്ക, മധുബാല, ബ്രഹ്മാനന്ദൻ, ശിവ ബാലാജി, ബ്രഹ്മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.


ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയായ 'കണ്ണപ്പ' തീർത്തും തെലുങ്കിൽ നിന്നുമുള്ളൊരു ബ്രഹ്മാണ്ഡ ദൃശ്യ വിസ്മയാണെന്ന് നിസ്സംശയം പറയാം. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു പകർത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ 'കണ്ണപ്പ'യുടെ മനോഹര ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറക്കുന്നതാണ്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍, ചിത്രത്തിലെ സംഘട്ടനരംഗങ്ങളെല്ലാം മികവ് പുലർത്തുന്നതാണ്. സ്റ്റീഫൻ ദേവസിയൊരുക്കിയിരിക്കുന്ന സംഗീതവും ഹൃദ്യമാണ്. തീർത്തും തിയേറ്ററുകളിൽ തന്നെ കണ്ടറിയേണ്ട കാഴ്ചയുടെ ഉത്സവമാണ് 'കണ്ണപ്പ'. എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Follow us on :

More in Related News