Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2026 09:54 IST
Share News :
തിരുവനന്തപുരം: നൃത്യരംഗം ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ഓർഗനൈസേഷന്റെ നാച്ചോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മലയാള നാടക-ചലച്ചിത്ര രംഗത്തും സാംസ്കാരിക വിനിമയ മേഖലയിലും നൽകിയ അതുല്യ സംഭാവനകൾ മുൻനിർത്തി, നിലവിൽ നിഷ് സർവകലാശാല ഫിലിം അക്കാദമി ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. പ്രമോദ് പയ്യന്നൂരിനെ ഇത്തവണത്തെ 'നാച്ചോ സമഗ്ര സംഭാവന പുരസ്കാര'ത്തിന് തിരഞ്ഞെടുത്തു.
കുച്ചിപ്പുടി രംഗത്തെ മികവിനും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദാനന്തര ബിരുദം നേടിയതിനുമായി ശ്രീ ഗൗതം മഹേശ്വറിന് 'നാച്ചോ യുവ പുരസ്കാരം' സമ്മാനിക്കും.
പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി ടീച്ചർ, കവയിത്രി റോസ് മേരി, നാടക-സിനിമ പ്രവർത്തകൻ എം.ആർ. ഗോപകുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മുപ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സംഘടനയുടെ വാർഷികാഘോഷമായ 'നാച്ചോ ഫെസ്റ്റ് 2026' ജൂലൈ 11, 12 തീയതികളിൽ തിരുവനന്തപുരം കിഴക്കേക്കോട്ട പ്രിയദർശിനി ഹാളിൽ വച്ച് നടക്കുമെന്ന് സംഘടന സെക്രട്ടറി സുമ സന്ധ്യ ജി പത്രക്കുറിപ്പിൽ അറിയിച്ചു.
ജൂലൈ 11-ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകും. പദ്മശ്രീ പുരസ്‌കാര ജേതാവും പ്രശസ്ത മോഹിനിയാട്ടം കലാകാരിയുമായ കലാമണ്ഡലം വിമലാ മേനോൻ ചടങ്ങിൽ മുഖ്യാതിഥി ആകും. തുടർന്ന് 11 ന് രാത്രി 7:30-ന് പുരസ്കാര ജേതാവ് ഗൗതം മഹേശ്വറിന്റെ കുച്ചിപ്പുടി നൃത്താവതരണവും നൃത്യരംഗം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ സംഗീത-നൃത്ത പരിപാടികളും നടക്കും.
Follow us on :
Tags:
More in Related News
Please select your location.