Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിസ്മസ് വരവായി: രാജകുമാരിയില്‍ ഒരു നക്ഷത്രഗ്രാമം

05 Dec 2024 19:37 IST

ജേർണലിസ്റ്റ്

Share News :

 

ഇടുക്കി: നക്ഷത്ര ഗ്രാമം ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് രാജകുമാരി ദേവമാതാ പള്ളി. രക്ഷകന്റെ വരവ് അറിയിച്ച് കിഴക്ക് ഒരു നക്ഷത്രമാണ് ഉദിച്ചതെങ്കില്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ ദേവാലയ മുറ്റത്ത് നക്ഷത്ര സമൂഹമാണ് രക്ഷകനെ വരവേല്‍ക്കുന്നത്. കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നക്ഷത്ര ഗ്രാമം ഒരുക്കി വേറിട്ട വര്‍ണ വിസ്മയം തീര്‍ത്തിരിക്കുന്നത്. രാജകുമാരി ദേവമാതാ ഇടവകയിലെ കുടുംബ കൂട്ടായ്മകള്‍ വിവിധ വലിപ്പത്തിലും വര്‍ണത്തിലുമുള്ള നാല്‍പതിലധികം നക്ഷത്രങ്ങളാണ് ഇടവക ദേവാലയത്തിന്റെ മുന്‍പില്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് 

കുടുംബ യൂണിറ്റുകളുടെ സഹകരണത്തോടെ വിവിധ വലിപ്പത്തിലുള്ള നക്ഷത്രങ്ങള്‍ പള്ളിയങ്കണത്തില്‍ വര്‍ണ വെളിച്ചം വിതറുന്നത്. കുടുംബ കൂട്ടായ്മകള്‍ മത്സര അടിസ്ഥാനത്തിലാണ് പള്ളിമുറ്റത്ത് നക്ഷത്രങ്ങള്‍ സ്ഥാപിച്ചത്. അഞ്ച് അടിയോളം ഉയരമുള്ള നക്ഷത്ര വിളക്കുകളാണ് ഓരോ യൂണിറ്റുകളും അണിയിച്ചൊരുക്കിയിരിക്കുന്നത്. 43 കുടുബ കൂട്ടായ്മകള്‍ തിരുമുറ്റത്ത് നക്ഷത്ര വിളക്കുകള്‍ നാട്ടിയതോടെ വര്‍ണ വിസ്മയങ്ങളുടെ മനോഹര കാഴ്ചയായി മാറിയിരിക്കുകയാണ് രാജകുമാരി ദൈവമാതാ ദേവാലയവും പരിസരവും. ഇടവകയിലെ ഭക്ത ജനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച നക്ഷത്ര വിളക്കുകളുടെ നിര്‍മാണം മൂന്ന് ദിവസം കൊണ്ടാണ് കുടുംബ കൂട്ടായ്മകള്‍ പൂര്‍ത്തീകരിച്ച് പള്ളിയങ്കണത്തില്‍ സ്ഥാപിച്ചത്. വികാരി ജനറാള്‍ ഫാ. അബ്രഹം പുറയാറ്റിന്റെയും സഹവികാരിമാരുടെയും കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ 25 അടി ഉയരമുള്ള വലിയ നക്ഷത്രവും പള്ളിമുറ്റത്ത് ഒരുക്കിട്ടുണ്ട്. രാത്രി കാലങ്ങളില്‍ അടിമാലി -പൂപ്പാറ പാതയിലൂടെ കടന്നുപോന്ന സഞ്ചാരികള്‍ക്ക് പ്രതീക്ഷയുടെ വര്‍ണ വെളിച്ചമാണ് നക്ഷത്ര ഗ്രാമം പകരുന്നത്. ഇടവക അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ നക്ഷത്ര ഗ്രാമം സ്ഥാപിച്ച് ഒരു ദിവസം പിന്നിടുമ്പോള്‍ കാണാനും കണ്ട് ആസ്വാദിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും നിരവധിയാളുകളാണ് പള്ളിയങ്കണത്തിലെക്ക് എത്തിച്ചേരുന്നത്.


Follow us on :

More in Related News