Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉറുമ്പിക്കരയിൽ പുലിയെ കണ്ടെത്താൻ കാമറ സ്ഥാപിച്ചു.

20 May 2025 12:47 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൊക്കയാർ : കുറ്റിപ്ലാങ്ങാടിനു സമീപം ഉറുമ്പിക്കര ഈസ്റ്റ് കോളനിയിൽ വളർത്തു നായയെ കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ട സംഭവത്തിൽ പുലിയെക്കായി വനവകുപ്പ് 2 കാമറകൾ സ്ഥാപിച്ചു.  

ഉറുമ്പിക്കര ഈസ്റ്റ് കോളനിയിൽ നിന്നും 500 മീറ്റർ മാറി വനം അതിർത്തിയിൽ കിടുകല്ലിങ്കൽ ബിജുവിന്റെ വളർത്തുനായയെയാണ് ശരീരഭാഗങ്ങൾ വേർപെട്ട നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ വീട്ടുമുറ്റത്ത് നായയുടെ കുരയ്ക്കൽ കേട്ടിരുന്നതായി വീട്ടുകാർ പറയുന്നു. നായയുടെ തലയും ഉടലും വേർപെട്ട നിലയിലും ശരീരഭാഗങ്ങൾ പകുതി ഇല്ലാതെയും ആണ് കണ്ടെത്തിയത്. ആക്രമണ രീതികൾ പുലിയുടേത് സമാനമാണെന്ന് കണ്ടെത്തി. തുടർന്ന് പ്രദേശത്തു നിന്നും ലഭിച്ച കാൽപ്പാടുകൾ പരിശോധിച്ച് പുലിയെന്നും സ്ഥിരീകരിച്ചിരുന്നു


ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞാൽ കൂടു വയ്ക്കാൻ ആയിട്ടുള്ള തുടർനടപടികൾ ഉണ്ടാകും എന്ന് അധികൃതർ പറയുന്നു. 

ഞായറാഴ്ച വനപാലക സംഘം പട്രോളിങ് നടത്തിയിരുന്നു. കൂടാതെ കാമറകൾ സ്ഥാപിച്ച സ്ഥലത്ത് ചത്ത നായയുടെ അവശിഷ്ടങ്ങൾ വച്ചെങ്കിലും രണ്ടാം ദിവസം പുലി എത്തിയിരുന്നില്ല.

 കുറ്റിപ്ലാങ്ങാട് സ്കൂളിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്ത് വനം ഉണ്ടെങ്കിലും വന്യജീവി ആക്രമണങ്ങൾ മുൻപ് ഉണ്ടായിട്ടില്ല. വനം അതിർത്തി മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും ഇല്ലാത്തതും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.

പട്ടിക വർഗ്ഗ ആദിവാസി വിഭാഗങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശമാണിത്.

       രണ്ടു മാസം മുൻപ് ഇളങ്കാട് ടോപ്പിൽ വാഗമൺ താഴ്‌വാരത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. സ്വകാര്യ പുരയിടത്തിൽ കേബ്ളിൽ 

കുരുങ്ങിയ നിലയിലാണ് പുലിയുടെ ജഡം കണ്ടത്. മുൻപ് പുലിയുടെ സാന്നിധ്യമുണ്ടായിട്ടില്ലാത്ത ഇവിടെ ജഡം കണ്ടതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഉറുമ്പിക്കര വനത്തിൽ നിന്നും വന്നതാവാം എന്ന നിഗമനത്തിലായിരുന്നു. ഉറുമ്പിക്കര വനത്തിലും ഇതാദ്യമാണ് പുലിയുടെ സാന്നിധ്യം ഉണ്ടാവുന്നത്. കാട്ടുപന്നി , കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ ശല്യം ജനവാസ മേഖലയിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ പുലിയുടെ സാന്നിധ്യം ഉണ്ടാവുമെന്നു പോലും നാട്ടുകാർ വിശ്വസിച്ചിരുന്നില്ല.

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ  പുലിയുടെ അക്രമം ഉണ്ടായത് നാട് ഭീതിയോടെയാണ് കാണുന്നത്. മൂന്നു കിലോമീറ്റർ വനത്തിലൂടെ വേണം കുട്ടികൾ യാത്ര ചെയ്യേണ്ടത്.



Follow us on :

More in Related News