Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2025 11:24 IST
Share News :
കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ
1. സുനില്‍ എന്‍.എസ്. (പള്‍സര്‍ സുനി)
2. മാര്‍ട്ടിന്‍ ആന്റണി
3. ബി. മണികണ്ഠന്‍
4. വി.പി. വിജീഷ്
5. എച്ച്. സലിം (വടിവാള്‍ സലീം)
6. പ്രദീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എന്നാൽ, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ചൊവ്വാഴ്ചയാണ് വിചാരണ നടപടികൾ പൂര്‍ത്തിയാക്കിയത്. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നകേസില്‍ വിധിവരുന്നത് സംഭവംനടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ്.
ഒന്നാംപ്രതി എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസിലുള്ളത്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്.
പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളില്‍ ത്തന്നെ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ജൂലായിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്.
2018 മാര്‍ച്ച് എട്ടിനാണ് വിചാരണ നടപടി ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. രഹസ്യവിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാംകുറ്റപത്രം നല്‍കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു കെ. പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ആദ്യ പ്രതിപ്പട്ടികയില്‍ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
അതിജീവിതയും പ്രതികളിലൊരാളും സിനിമാമേഖലയില്‍നിന്നാണെന്നതും കേസില്‍ അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടുകളുമെല്ലാം കാരണം വിഷയം ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടു.
മലയാള സിനിമാമേഖലയില്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയുടെ രൂപവത്കരണത്തിന് കാരണമായതും നടിക്കുനേരേയുണ്ടായ ഈ അതിക്രമമാണ്. സിനിമാമേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട്‌നല്‍കാന്‍ സര്‍ക്കാര്‍ പിന്നീട് ഹേമ കമ്മിറ്റിയെ നിയമിച്ചു.
2018-ലാണ് കേസ് വിചാരണ തുടങ്ങിയത്. കോവിഡ് ലോക്ഡൗണ്‍മൂലം രണ്ടുവര്‍ഷത്തോളം വിചാരണ തടസ്സപ്പെട്ടു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധിയൊന്നും പാലിക്കാന്‍ കഴിഞ്ഞില്ല. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കസ്റ്റഡിയിലിരിക്കേ തുറന്നുപരിശോധിക്കപ്പെട്ടതും വിവാദമായി.
കേസില്‍ മുന്‍പ് രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. പിന്നീട് നിയമിക്കപ്പെട്ട സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.അജകുമാറാണ് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയത്.
പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. തുടര്‍ന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. ഈ വര്‍ഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്ന് കരുതപ്പെട്ട കേസിലാണ് ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്.
Follow us on :
More in Related News
Please select your location.