Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു

20 Dec 2025 09:26 IST

NewsDelivery

Share News :

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്.ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. അതുപോലെതന്നെ പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.

ജീവിതത്തെ അതിന്റെ സമഗ്രതയിൽ അനുഭവിക്കുകയും ആ അനുഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും അവയുടെ പ്രേരണയാൽ തന്റെ കലാസൃഷ്ടിയെ മൂർത്തമാക്കുകയുമായിരുന്നു ശ്രീനിവാസൻ. കയ്പ്പേറിയ ബാല്യവും തിക്തമായ ജീവിതാനുഭവങ്ങളുമുള്ള എല്ലാവരും ജീവിതത്തിന്റെ അർഥം അന്വേഷിക്കാൻ മെനക്കെടണമെന്നില്ല. എന്നാൽ, ജീവിതത്തിൽ കഴിഞ്ഞുപോയതും ദൈനംദിനം അനുഭവവേദ്യമാവുന്നതുമായ പല രസങ്ങളിലുള്ള ജീവിത യാഥാർഥ്യങ്ങളുടെ നൈരന്തര്യത്തിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് ജീവിതത്തിന്റെ ഉപ്പിനെ, സത്യത്തെ തൊട്ടുകാണിക്കാനുള്ള എളിയശ്രമം; ആ ശ്രമമെങ്കിലും നടത്തുന്നത് നല്ല ലക്ഷണമാണ്. അത് പ്രതീക്ഷയുടെ പുതുനാമ്പുകൾക്ക് ജീവൻ പകരുന്നുണ്ട്. ശ്രീനിവാസൻ തന്റെ സിനിമകളിലൂടെ ശ്രമിച്ചതും അത് തന്നെയാണ്.

ജീവിതാനുഭവങ്ങളുടെ അലകടലിൽ നിന്ന് തിരയടിക്കുമ്പോഴാണ് ശ്രീനിവാസന്റെ ചിരികൾക്ക് ജീവനുണ്ടാവുന്നത്. ശ്രീനിവാസനിൽ ചിരിയില്ലാത്ത സംഭാഷണങ്ങളില്ല. ശ്രീനിവാസനെ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിലും വിശകലനങ്ങളിലും വിമർശനങ്ങളിലുമൊക്കെ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ തന്നെയാണുള്ളത്. ജീവിതത്തിലും നർമത്തിന്റെ മേമ്പൊടി ചേർക്കാൻ ശ്രീനിവാസൻ മടിച്ചില്ല. പൊഴിഞ്ഞുവീഴുന്ന ചിരിക്കുടന്നകളുടെ ഉള്ളിലേക്ക് കാതോർക്കുമ്പോൾ പിന്നിട്ട വഴികളിൽ പെയ്തിറങ്ങിയ സങ്കടപ്പെരുമഴയ്ക്ക് ശേഷമുള്ള മരപ്പെയ്ത്ത് കേൾക്കാം. അറിയാതെ തിരക്കഥാകൃത്താവുകയും അറിഞ്ഞ് സംവിധായകനാവുകയും അറിഞ്ഞ് അഭിനയിക്കുകയും ചെയ്ത ശ്രീനിവാസൻ, മലയാളിയുടെ സിനിമാകാഴ്ചകൾക്ക് ഏറെ രസം പകർന്നു.

Follow us on :

More in Related News