Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലൈഫ് ഭവന പദ്ധതിയിൽ 53 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ്; ഗ്രാമസേവിക അറസ്റ്റിൽ

03 Sep 2026 07:48 IST

NewsDelivery

Share News :

പത്തനംതിട്ട: സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ 53 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (ഗ്രാമസേവിക) അറസ്റ്റിൽ. വകയാർ മ്ലാന്തടം പുത്തൻവീട്ടിൽ എം.ആർ. റാണി ലക്ഷ്മി (37) ആണ് അറസ്റ്റിലായത്. കോന്നി പൊലീസ് ഇൻസ്പെക്ടർ വി.എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മ്ലാന്തടത്തുനിന്ന് ഇവരെ പിടികൂടിയത്.

സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പുതിയ വീട് നിർമിക്കുന്നതിനും വീടുകളുടെ നവീകരണത്തിനുമായി അനുവദിച്ച തുകയിൽ ക്രമക്കേട് നടത്തി പണം തട്ടിയെന്നാണ് കേസ്. ഗുണഭോക്തൃ പട്ടികയിൽ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സീതത്തോട് പഞ്ചായത്തിൽ 51.23 ലക്ഷം രൂപയും തണ്ണിത്തോട് പഞ്ചായത്തിൽ രണ്ട് ലക്ഷം രൂപയും ഉൾപ്പെടെ ആകെ 53.23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കേസ്. പഞ്ചായത്ത് സെക്രട്ടറിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

അരുവാപ്പുലം പഞ്ചായത്തിലും സമാന രീതിയിൽ ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തണ്ണിത്തോട് പൊലീസിൽ പരാതി ലഭിച്ചതിന് പിന്നാലെ തട്ടിയെടുത്ത പണം തിരിച്ചുനൽകി കേസിൽനിന്ന് രക്ഷപ്പെടാൻ ഉദ്യോഗസ്ഥ ശ്രമിച്ചതായും അന്വേഷണസംഘം പറയുന്നു.

ഇതിനിടെ, ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് റാണി ലക്ഷ്മിക്കെതിരെ നേരത്തെയും കോന്നി പൊലീസിൽ കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Follow us on :

More in Related News