Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2026 12:54 IST
Share News :
പരപ്പനങ്ങാടി : പനയത്തിൽ ബാഅലവി സാദാത്ത് കുടുംബത്തിന്റെ പാരമ്പര്യവും ചരിത്രവും വർത്തമാനകാലത്തെ കുടുംബബന്ധങ്ങളും രേഖപ്പെടുത്തുന്ന ‘പനയത്തിൽ ബാഅലവി സാദാത്ത് ചരിത്രവും വർത്തമാനവും’ എന്ന കുടുംബചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു.
സയ്യിദ് മുഹമ്മദ് അബ്ദുൽ വഹാബ് ബാഅലവി നഗറിൽ (ഹയ ഓഡിറ്റോറിയം പരപ്പനങ്ങാടി ) നടന്ന ചടങ്ങിൽ പ്രമുഖ പണ്ഡിതരുടെയും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു പ്രകാശനം.സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ, കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, കോഴിക്കോട് ഖാളി സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ സംയുക്തമായി പ്രകാശന കർമ്മം നിർവഹിച്ചു.
.
തലമുറകളിലൂടെ കൈമാറിവന്ന കുടുംബത്തിന്റെ പൈതൃകവും പൂർവികരുടെ ജീവിതവും സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രന്ഥം തയ്യാറാക്കിയത്. ചരിത്രം വെറും പഴയകാല ഓർമ്മകളല്ലെന്നും, പുതിയ തലമുറയ്ക്ക് സ്വന്തം വേരുകളെ തിരിച്ചറിയാനും കുടുംബബന്ധങ്ങളുടെ മഹത്വം മനസ്സിലാക്കാനും ചരിത്രപഠനം സഹായിക്കുമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ മണ്ണിലേക്ക് ഇസ്ലാമിക പ്രബോധനവുമായി എത്തിയ മഹത്തുക്കളുടെ പാരമ്പര്യവും അവരുടെ പിൻതലമുറകളുടെ ജീവിതവും കുടുംബബന്ധങ്ങളുടെ വളർച്ചയും ഗ്രന്ഥത്തിൽ വിവിധ അധ്യായങ്ങളിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ തലമുറയുടെ ഓർമ്മകളും രേഖകളും ശേഖരിച്ച് ക്രമീകരിച്ചാണ് കുടുംബചരിത്രം തയ്യാറാക്കിയിരിക്കുന്നത്.
“വേരുകൾ തേടുമ്പോൾ നമുക്ക് കിട്ടുന്നത് ചരിത്രം; ബന്ധങ്ങൾ ചേർക്കുമ്പോൾ പിറക്കുന്നത് കുടുംബം” എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഗ്രന്ഥം കുടുംബത്തിന്റെ ഇന്നലകളെയും ഇന്നിനെയും വരുംതലമുറയെയും ബന്ധിപ്പിക്കുന്ന ഒരു ചരിത്രരേഖയായി മാറുകയാണ്.
കുടുംബചരിത്ര ഗ്രന്ഥത്തിന്റെ നിർമ്മാണത്തിനും പ്രസാധനത്തിനും നേതൃത്വം നൽകിയവരെയും സഹായിച്ചവരെയും ചടങ്ങിൽ ആദരിച്ചു.
പരിപാടിയിൽ പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ബാഅലവി പ്രാർത്ഥന നിർവഹിച്ചു, ഹാഫിള് സയ്യിദ് ജുറൈജ് ബാഅലവി കണ്ണൂർ ഖിറാഅത്ത് നടത്തി. പരപ്പനങ്ങാടി പനയത്തിൽ മസ്ജിദ് ഖത്തീബ് സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ ബാഅലവി അധ്യക്ഷത വഹിച്ചു.
പുസ്തകത്തെ പറ്റിയുള്ള ഡോക്യുമെന്ററി പ്രസന്റേഷനും നടന്നു. സയ്യിദ് പൂക്കോയ തങ്ങൾ ബാഅലവി അരീക്കോട്, സയ്യിദ് പൂക്കുഞ്ഞി കോയ തങ്ങൾ പരപ്പനങ്ങാടി, സെയ്ദ് അബ്ദുറഹീം ഇമ്പിച്ചിക്കോയ തങ്ങൾ അരീക്കോട് എന്നിവർ ഉപഹാര സമർപ്പണവും നടത്തി. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി. സയ്യിദ് ഹാഷിം ബാഫഖി, സയ്യിദ് അബ്ദുൽ മലിക്ക് ജമലുല്ലൈലി, ഡോക്ടർ വസിം നാസർ കണ്ണൂർ, പനയത്തിൽ മഹല്ല് സെക്രട്ടറി അലി തെക്കേപ്പാട്ട്, സിഡ്ക്കോ മുൻ ചെയർമാൻ നിയാസ് പുളിക്കലകത്ത്, മാഹി കല്ലാപ്പള്ളി കമ്മിറ്റി സെക്രട്ടറി ഹുസൈൻ, ആർക്കൈവ് ഓഫീസർ അബ്ദുൽ മജീദ്, സയ്യിദ് ഫള്ൽ ജിഫ്രി തങ്ങൾ, സയ്യിദ് ജാഫർ ജിഫ്രി, സയ്യിദ് മുത്തുക്കോയ തങ്ങൾ പരപ്പനങ്ങാടി പനയത്തിൽ പള്ളി മുദരിസ് സെയ്തലവി ഖാസിമി, ഹുസൈൻ ഹിബ്ഷി തച്ചണ്ണ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.സയ്യിദ് നജീബ് തങ്ങൾ സ്വാഗതവും ഷിമോഗ ഹംസ ഹാജി പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.