Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2026 12:41 IST
Share News :
പരപ്പനങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പ്രകൃതിരമണീയമായ കീരനല്ലൂർ ന്യൂ കട്ട് പ്രദേശത്തെ ടൂറിസം വികസന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കീരനല്ലൂർ ന്യൂ കട്ടിൽ ഗാർഡൻ സ്പേസ് വികസിപ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിക്കായി 1.5 കോടി രൂപയുടെ ഭരണാനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനും ആവശ്യമായ വകുപ്പുകളുടെ അനുമതികൾ ഉറപ്പാക്കുന്നതിനുമായി തിരൂരങ്ങാടി എം.എൽ.എ പി.എം.എ. സമീറിന്റെ നേതൃത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥ സംഘം കീരനല്ലൂർ ന്യൂ കട്ട് പ്രദേശം സന്ദർശിച്ച് വിശദമായ സ്ഥലപരിശോധന നടത്തി.
പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ കീരനല്ലൂർ ന്യൂ കട്ട് പ്രദേശം പ്രകൃതിഭംഗി ആസ്വദിക്കുന്നതിനായി നിരവധി പേർ എത്തുന്ന പ്രധാന കേന്ദ്രമാണ്. ജലാശയവും പരിസരത്തെ പ്രകൃതിസൗന്ദര്യവും പ്രയോജനപ്പെടുത്തി പ്രദേശത്തെ കൂടുതൽ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
‘കീരനല്ലൂർ ന്യൂ കട്ട് ഗാർഡൻ സ്പേസ് ഡെവലപ്മെന്റ്’ എന്ന പേരിലാണ് അമൃത് പദ്ധതിയുടെ ഭാഗമായി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിൽ ഏകദേശം ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നടപ്പാത, ഓപ്പൺ സ്റ്റേജ്, ഇരിപ്പിടങ്ങൾ, ഗാർഡനിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.
കീരനല്ലൂർ ന്യൂ കട്ട് പ്രദേശം ഉൾനാടൻ ജലഗതാഗത പാതയുടെ ഭാഗമായതിനാൽ പദ്ധതിയുടെ സാങ്കേതിക അനുമതിക്ക് ഇറിഗേഷൻ വകുപ്പിന്റെയും ഉൾനാടൻ ജലഗതാഗത പാത ഡയറക്ടറേറ്റിന്റെയും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ആവശ്യമാണ്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെ സാഹചര്യങ്ങൾ വിശദമായി വിലയിരുത്തി.
സ്ഥലപരിശോധനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മിനുട്സും റിപ്പോർട്ടും ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിച്ച് ആവശ്യമായ അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സന്ദർശനത്തിന്റെ വിശദമായ റിപ്പോർട്ട് ഉടൻതന്നെ സർക്കാറിന് സമർപ്പിക്കുമെന്ന് പി.എം.എ. സമീർ എം.എൽ.എ അറിയിച്ചു.
കീരനല്ലൂർ ന്യൂ കട്ട് ടൂറിസം വികസന പദ്ധതി കാലതാമസം കൂടാതെ യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്നും എം.എൽ.എ പറഞ്ഞു. നിലവിലെ പദ്ധതിക്ക് പുറമെ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി അനുബന്ധ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഒരു സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറിഗേഷൻ വിഭാഗം മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ ഷൈലിമോൻ പി.പി യുടെ നേതൃത്വത്തിൽ ഇറിഗേഷൻ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഫൈസൽ കെ, അസിസ്റ്റന്റ് എൻജിനീയർ ശരത് ടി.പി., ഓവർസിയർ സുനീഷ, നഗരസഭ എൻജിനീയർ അഫ്സിൻ വി., അമൃത് പദ്ധതി കോർഡിനേറ്റർ വിശ്വജിത്ത് എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.
സി.ടി. നാസർ, സി. അബ്ദുറഹിമാൻ കുട്ടി, സി. നിസാർ അഹമ്മദ്, അസീസ് കൂളത്ത്, സി. അബ്ദുറഹിമാൻ, ടി.കെ. നാസർ, അലവി മച്ചിഞ്ചേരി തുടങ്ങിയവരും സ്ഥലപരിശോധനയിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.