Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംഘടിത സകാത്ത് : മഹല്ലുകൾ മുൻകൈ എടുക്കണം- കേരള ജംഇയ്യത്തുൽ ഉലമ

18 Feb 2025 13:03 IST

enlight media

Share News :

സംഘടിത സകാത്ത് പ്രായോഗികമായി നടപ്പിലാക്കാനുള്ള മാർഗങ്ങൾ കർമ ശാസ്ത്രഗ്രന്ഥങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെന്ന് പണ്ഡിത സംഘടനകൾ വ്യക്തമാക്കിയ സാഹചര്യത്തിൽ അതിനാവശ്യമായ സംവിധാനങ്ങൾ മഹല്ലടിസ്ഥാനത്തിൽ രൂപീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ ആവശ്യപ്പെട്ടു.

സംഘടിത സകാത്തിനെ എതിർക്കുന്നവർ ഇസ്‌ലാമിന്റെ പ്രായോഗികതയെയാണ് വിമർശിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നത്. സകാത്ത് സംഘടിതമായി ശേഖരിക്കുകയും അർഹരായവർക്ക് അത് വ്യവസ്ഥാപിതമായി വിതരണം നടത്തുകയും ചെയ്യുക എന്നതാണ് പ്രവാചകനും തുടർന്നുവന്ന ഖലീഫമാരും സ്വീകരിച്ച രീതി. ഓരോരുത്തരും അവരവരുടെ സകാത്ത് ഇഷ്ടമുള്ള വ്യക്തികൾക്ക് നൽകുക എന്നത് സകാത്തിന്റെ ലക്ഷ്യത്തെ തകർക്കുകയാണ് ചെയ്യുന്നത്.


സമൂഹത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഒരു സംവിധാനത്തെ കേവലം സംഭാവനകൾ നൽകുന്ന രീതിയിലേക്ക് മാറ്റുന്നത് ശരിയല്ല. സംഘടിത സകാത്ത് വിതരണത്തിന് പ്രായോഗിക മാർഗങ്ങളുണ്ടെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയതായി വിമർശകർ പോലും അംഗീകരിക്കുന്നുണ്ട്. ആ മാർഗമെങ്കിലും അവലംബിക്കാൻ മഹല്ല് കമ്മറ്റികളെ പ്രേരിപ്പിക്കുന്നതിന് പകരം സംഘടിത സകാത്ത് സംവിധാനത്തെ ആക്ഷേപിക്കുന്നത് ഖേദകരമാണ്. ഖലീഫമാരും ഭരണാധികാരികളും നിർവഹിച്ച മറ്റ് പല കാര്യങ്ങൾക്കും ബദൽ സംവിധാനങ്ങളുണ്ടാക്കുകയും അവ പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്യുന്നവർ സകാത്തിന്റെ വിഷയത്തിൽ മാത്രം നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ശരിയല്ല.


സകാത്തിനെ കുറിച്ചുള്ള അവബോധം ഈ സമൂഹത്തിൽ വളർത്തിയെടുത്തത് കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിലുള്ള നവോത്ഥാന പ്രസ്ഥാനങ്ങളാണ്. മുജാഹിദ് പ്രസ്ഥാനത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ സംഘടിതമായും വ്യവസ്ഥാപിതമായും സകാത്ത് വിതരണം നടക്കുന്നുണ്ട്. അതിനെ പിന്തുടർന്നുകൊണ്ട് നിരവധി സംരംഭങ്ങൾ സംഘടിത സകാത്ത് വിതരണത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളെ ആരെങ്കിലും ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അത് തിരുത്തുന്നതിനു പകരം ഇസ്‌ലാം പഠിപ്പിച്ച സംഘടിത സകാത്ത് സംവിധാനത്തെ വിമർശിക്കുന്നത് ന്യായീകരിക്കാനാവില്ല.


കെ ജെ യു നൂറാം വാർഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 26 ന് എറണാകുളത്ത് സാമ്പത്തിക സമ്മേളനം സംഘടിപ്പിക്കും. ധനം സമ്പാദിക്കുന്നതിലും വിനിയോഗിക്കുന്നതിലുമുള്ള ഇസ്‌ലാമിക കാഴ്ചപ്പാട്, സംഘടിത സകാത്ത്, സാമ്പത്തിക രംഗത്തെ പുതിയ ചലനങ്ങൾ തുടങ്ങിയവ സമ്മേളനത്തിൽ ചർച്ച ചെയ്യും. എം സലാഹുദ്ധീൻ മദനി, ഡോ. മുഹമ്മദലി അൻസാരി, പ്രൊഫ. എൻ വി സകരിയ്യ, കെ എം ഫൈസി തരിയോട്, സുബൈർ പീടിയേക്കൽ, സഅദുദ്ദീൻ സ്വലാഹി, എച്ച് ഇ മുഹമ്മദ്‌ ബാബു സേട്ട്, നൂർ മുഹമ്മദ്‌ നൂർഷാ തുടങ്ങിയവർ പങ്കെടുക്കും.

Follow us on :

More in Related News