Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 01:12 IST
Share News :
മസ്കറ്റ്: ലോക ഫുട്ബാൾ മാമാങ്കത്തിന് തിരശ്ശീല ഉയരാനിരിക്കെ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് വീണ്ടും മസ്കറ്റിലെ മലയാളി പ്രവാസിയായ സുൽഫിക്കർയെ തേടിയെത്തി. ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾക്കായി പുറത്തിറക്കിയ “ട്രിയോണ്ട” എന്ന ഔദ്യോഗിക പന്താണ് സുൽഫിക്കറിന് സമ്മാനമായി ലഭിച്ചത്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി മസ്കറ്റിലെ വാദി കബീറിൽ ടയർ ഷോപ്പും ഗ്യാരജും നടത്തി വരുന്ന സുൽഫിക്കർ നിലവിൽ “മസ്കറ്റ് കോർണർ യുണൈറ്റഡ് എൽ.എൽ.സി”യുടെ ഉടമയാണ്. ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക സ്പോൺസർമാരായ തന്റെ ബിസിനസ് പങ്കാളികളാണ് പന്ത് നേരിട്ട് സുൽഫിക്കറിന് അയച്ചു നൽകിയത്. ലോകകപ്പ് മത്സരങ്ങൾ സ്റ്റേഡിയത്തിൽ നേരിട്ട് കാണാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.
മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനെ പ്രതിനിധീകരിക്കുന്നതിനായാണ് “മൂന്ന് തിരമാലകൾ” എന്ന അർഥം വരുന്ന “ട്രിയോണ്ട” എന്ന പേര് ഔദ്യോഗിക പന്തിന് നൽകിയിരിക്കുന്നത്.
ഇതിന് മുമ്പും വിവിധ ലോകകപ്പുകളുടെയും യൂറോകപ്പുകളുടെയും ഔദ്യോഗിക പന്തുകൾ സുൽഫിക്കറിനെ തേടിയെത്തിയിട്ടുണ്ട്. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിലെ “ജബുലാനി”, 2014 ബ്രസീൽ ലോകകപ്പിലെ “ബ്രസൂക്ക”, 2022 ഖത്തർ ലോകകപ്പിലെ “അൽ റിഹ്‌ല” എന്നീ ഔദ്യോഗിക പന്തുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കൂടാതെ 2012, 2016 യൂറോകപ്പ് മത്സരങ്ങളിലെ ഔദ്യോഗിക പന്തുകളായ “ടാംഗോ ട്വെൽവ്”, “ബോ ഷ്യൂ” എന്നിവയും സമ്മാനമായി ലഭിച്ചു.
പന്തുകളും ബാഡ്ജുകളും നൽകുന്നതിനൊപ്പം ലോകകപ്പ്, യൂറോകപ്പ് മത്സരങ്ങൾ സ്റ്റേഡിയത്തിലിരുന്നു നേരിട്ട് കാണാനുള്ള അവസരവും കമ്പനികൾ സുൽഫിക്കറിന് ഒരുക്കിക്കൊടുക്കാറുണ്ട്. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പും 2022 ഖത്തർ ലോകകപ്പിലെ ഫ്രാൻസ്-അർജന്റീന ഫൈനൽ ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളും അദ്ദേഹം നേരിട്ട് കണ്ടാസ്വദിച്ചിട്ടുണ്ട്. 2012 യൂറോകപ്പും 2019 ഏഷ്യാകപ്പിലെ ജപ്പാൻ-ഖത്തർ ഫൈനലും സ്റ്റേഡിയത്തിൽ ഇരുന്ന് കാണാനും അദ്ദേഹത്തിന് സാധിച്ചു.
2014 ബ്രസീൽ ലോകകപ്പ് കാണാൻ അവസരം ലഭിച്ചിരുന്നെങ്കിലും റമദാൻ മാസമായതിനാൽ യാത്ര ഒഴിവാക്കിയെന്ന് സുൽഫിക്കർ പറഞ്ഞു. ഇത്തവണയും ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ അവസരമുണ്ടെങ്കിലും വ്യക്തിപരമായ അസൗകര്യങ്ങൾ കാരണം യാത്ര തീരുമാനിച്ചിട്ടില്ല. എന്നാൽ കളിയുടെ ആവേശം കൂടിയാൽ അവസാന നിമിഷം യാത്രയാകാമെന്നും വിസ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോളിനോടുള്ള അതിയായ ഇഷ്ടം കൊണ്ട് മസ്കറ്റിലെ മലയാളി പ്രവാസികളിൽ ഏറ്റവും കൂടുതൽ ലോകകപ്പ്-യൂറോകപ്പ് മത്സരങ്ങൾ സ്റ്റേഡിയത്തിൽ നേരിട്ട് കണ്ട വ്യക്തികളിൽ ഒരാളായി സുൽഫിക്കർ മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ഒരു ടീമിനോടും അമിതമായ പക്ഷപാതമില്ലെങ്കിലും ഫുട്ബോൾ അദ്ദേഹത്തിന് എന്നും ആവേശവും ആഘോഷവുമാണ്.
Follow us on :
Tags:
More in Related News
Please select your location.