Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 11:21 IST
Share News :
കൊടകര കുഴല്‍പ്പണക്കേസില്‍ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ചോദ്യങ്ങളുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറിയായ തിരൂര്‍ സതീഷ്. പാര്‍ട്ടിക്ക് കേസുമായി ബന്ധമില്ലെങ്കില്‍ എന്തിന് പണം മോഷണം പോയതിന് പിന്നാലെ നേതാക്കള്‍ സ്ഥലത്തെത്തി. ജില്ലാ നേതാക്കന്മാരും മേഖലയുടെ സംഘടന സെക്രട്ടറിമാരും അടക്കം സംഭവം നടന്ന സ്ഥലത്തെത്തിയിരുന്നു. ധര്‍മരാജന്‍ ബിജെപി നേതാക്കളെ ബന്ധപ്പെട്ടത് എന്തിനായിരുന്നുവെന്നും തിരൂര്‍ സതീഷ് ചോദിച്ചു. ധര്‍മരാജിന് പണം കൊണ്ടുവെക്കാന്‍ പാര്‍ട്ടി ഓഫീസ് ക്ലോക്ക് റൂം അല്ലെന്നും സതീഷ് വിമര്‍ശിച്ചു.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് പണം കൊണ്ടുവന്നത്. എന്നാല്‍ പണം വന്ന വഴി ഇ ഡി അന്വേഷിച്ചില്ല. ധര്‍മരാജന്‍ മൊഴിയായി തന്നെ അത് നല്‍കിയതായിരുന്നുവെന്നും ഇ ഡി യുടെ ഓഫീസ് പാര്‍ട്ടി കാര്യാലയത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്നും തിരൂര്‍ സതീഷ് വ്യക്തമാക്കി. ചാക്കുകെട്ടുകളില്‍ പണം എത്തി. അത് അന്വേഷിക്കാന്‍ പോലും ഇഡിക്ക് ഒഴിവില്ല.പാര്‍ട്ടിയുടെ നേതാക്കന്മാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇന്ന് കുറ്റപത്രം കൊടുത്തിട്ടുള്ളത്. അത് ഇപ്പോള്‍ വ്യക്തമായി. തന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വെറുതെ പോയി കുറ്റപത്രം സമര്‍പ്പിച്ചു എന്നു പറഞ്ഞിട്ട് കാര്യമില്ലായെന്നുമായിരുന്നു സതീഷന്റെ പ്രതികരണം.
അതേസമയം, ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എത്തിച്ച പണമല്ല കൊടകര കേസിലേതെന്നാണ് ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ബിജെപിക്ക് വേണ്ടി കള്ളപ്പണ ഇടപാട് നടന്നുവെന്ന കേസില്‍ പൊലീസിന്റെ കണ്ടെത്തല്‍ ഇ ഡി തള്ളി. കലൂര്‍ ജങഘഅ കോടതിയില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ബിജെപിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നത്. കവര്‍ച്ച നടന്നതിന് ശേഷം ആരൊക്കെ പണം കൈപ്പറ്റി, എന്തിന് വേണ്ടി ഉപയോഗിച്ചു, കള്ളപ്പണമായി മാറ്റിയോ, സ്വത്തുക്കള്‍ വാങ്ങാന്‍ ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്. ഈ അന്വേഷണത്തിലാണ് പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
41.40 കോടിയാണ് കവര്‍ന്നത്. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ചിലവഴിക്കാന്‍ വേണ്ടിയാണ് ഇത്രയും വലിയ തുക കേരളത്തിലേക്ക് എത്തിച്ചതെന്ന മൊഴിയുണ്ടായിരുന്നു. അന്നത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിര്‍ദേശമനുസരിച്ചാണ് പണം കൈമാറിയതെന്ന് പണം എത്തിക്കാന്‍ ചുമതലയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ധര്‍മരാജിന്റെ മൊഴിയിലുണ്ട്. എന്നാല്‍ കൊടകര കുഴല്‍പ്പണ കേസിന്റെ ഉറവിടം കണ്ടെത്താതെയും ബിജെപി നേതാക്കളെ ചോദ്യം ചെയ്യാതെയും ഇ ഡി കേസ് അവസാനിപ്പിക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.