Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2025 06:22 IST
Share News :
കോട്ടയം: ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകളെകൊണ്ട് നിറഞ്ഞ് പനച്ചിക്കാട് സരസ്വതീ ക്ഷേത്രം. പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് തുടക്കമായി. ആദ്യാക്ഷരം കുറിക്കുവാൻ ആയിരക്കണക്കിന് കുരുന്നുകളുമായി മാതാപിതാക്കൾ വ്യാഴാഴ്ച പുലർച്ചെതന്നെ ക്ഷേത്രത്തിലെത്തി. വിദ്യാരംഭം ചടങ്ങുകള്‍ക്കായി വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. അന്തരീക്ഷം മന്ത്രമുഖരിതം.
പുലർച്ചെ നാലിന് വിദ്യാരംഭചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് നാല് വരെയാണ് ചടങ്ങ്. സരസ്വതീ നടയ്ക്കുസമീപം എഴുത്തിനിരുത്തിന് പ്രത്യേക മണ്ഡപം ഒരുക്കിയിട്ടുണ്ട്. ചടങ്ങ് കഴിഞ്ഞ് വിഷ്ണുനടയിൽ തൊഴുത് മടങ്ങാൻ കഴിയും വിധമാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. അക്ഷരദേവതയെ സ്തുതിച്ച് 56 ഗുരുക്കന്മാരാണ് എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകുന്നത്.
കോട്ടയം ജില്ലയിലെ പനച്ചിക്കാട് ഗ്രാമത്തില്‍, എംസി റോഡില്‍ ചിങ്ങവനം ജംഗ്ഷനിലനിന്ന് കിഴക്കോട്ട് തിരിഞ്ഞ് ഞാലിയാകുഴി - വാകത്താനം റോഡിലൂടെ പോയി പരുത്തുംപാറ ജംഗ്ഷനിലനിന്ന് ക്ഷേത്രത്തിലേക്കു പോകാം. ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെ ഉണ്ട്. ഇവിടെ ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള മഹാവിഷ്ണു ക്ഷേത്രമുണ്ട്. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും സരസ്വതീദേവിയുടെ നാമത്തിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയുള്ള സരസിലാണ് മൂകാംബികാ സാന്നിധ്യമുള്ള സരസ്വതീ പ്രതിഷ്ഠയുള്ളത്.
ഗണപതി, ശിവന്‍, അയ്യപ്പന്‍, നാഗദൈവങ്ങള്‍, ബ്രഹ്‌മരക്ഷസ്സ്, യക്ഷി എന്നിവര്‍ക്കും ഇവിടെ പ്രതിഷ്ഠയുണ്ട്. ഏത് കൊടിയ വേനലിലും വാടുകയോ ഒരിക്കലെങ്കിലും പൂക്കുകയോ ചെയ്യാത്ത സരസ്വതീലതയുടെ വള്ളിപ്പടര്‍പ്പിനുള്ളിലാണ് പരശുരാമപ്രതിഷ്ഠിതമെന്ന് കരുതുന്ന സരസ്വതീദേവിയുടെ മൂലവിഗ്രഹമുള്ളത്. എന്നാല്‍ ഈ വിഗ്രഹത്തിന് അഭിമുഖമായി സരസില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിവിഗ്രഹത്തിലാണ് നിത്യപൂജകള്‍. മൂകാംബിയില്‍ ഭജനമിരുന്ന വൈദികശ്രേഷ്ഠനൊപ്പം ഓലക്കുടയിലേറി വന്ന മൂകാംബികാ ദേവിയാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് ഐതിഹ്യം. സരസ്സിലിരിക്കുന്നതിനാല്‍ തന്നെ സരസ്വതിക്കു ശ്രീകോവിലോ നാലമ്ബലമോ ഇല്ല. ആദ്യകാലങ്ങളില്‍ മൂലവിഗ്രഹം ദര്‍ശനീയമായിരുന്നെങ്കിലും ഇപ്പോള്‍ അതു നേരിട്ട് കാണാന്‍ കഴിയുകയില്ല. വേനല്‍ക്കാലത്തും വര്ഷകാലത്തുമെല്ലാം സരസ്വതീപ്രതിഷ്ഠയുള്ള സരസിലെ ഉറവ ഏറുകയോ കുറയുകയോ ചെയ്യുന്നല്ലെന്നതും ഇവിടുത്തെ പ്രത്യേകതയും ഏവരെയും അതിശയിപ്പിക്കുന്ന കാര്യവുമാണ്. സരസ്വതീസരസ്സിനു തെക്കുപടിഞ്ഞാറുമാറി ഒരു കുളമുണ്ട്. സരസ്സില്‍ നിന്നോഴുകുന്ന ജലം ഈ ക്ഷേത്രക്കുളത്തിലേക്കാണ് എത്തുന്നതെങ്കിലും ഈ കുളത്തിലും എന്നും ഒരേ ജലനിരപ്പ് ആണെന്നതും അത്ഭുതകരമാണ്.
ഒരു സഹസ്രാബ്ദത്തിലേറെ പഴക്കം അവകാശപ്പെടാനുണ്ട് ഈ ക്ഷേത്രത്തിന്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയില്‍ ക്ഷേത്രത്തെപറ്റി പരാമര്‍ശിക്കുന്നുണ്ട്. ഈ ക്ഷേത്രത്തിലെ വള്ളിപ്പടര്‍പ്പുകളില്‍ പോലും മൂകാംബികാ കടാക്ഷം ഉണ്ടെന്നതിനാല്‍ ആരും സരസ്വതീലത നുള്ളുകയോ ഇല പറിക്കുകയോ ഒന്നും ചെയ്യില്ല. നവരാത്രി കാലത്ത് കലാകാരന്മാരും സാഹിത്യകാരന്മാരും നവരാത്രി നാളുകളില്‍ സരസ്വതീ മണ്ഡപത്തിലെത്തി കലാപരിപാടികള്‍ അവതരിപ്പിച്ച് അമ്മയുടെ അനുഗ്രഹം തേടുന്നു. അര്‍പ്പണബുദ്ധിയോടെ ഈ സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ശരീരം, വാക്ക്, മനസ്സ് എന്നിവയെ പാകപ്പെടുത്തി എടുക്കാം. നൃത്തം, സംഗീതം, കരകൗശലം, അക്ഷരം, സാഹിത്യം, ബുദ്ധിശക്തി എന്നിവ സരസ്വതീദേവിയുടെ പ്രത്യക്ഷ രൂപങ്ങളാണെന്നത് ഭക്തര്‍ക്ക് അനുഭവവേദ്യമായ കാര്യമാണ്.
എംസി റോഡ് വഴി എത്തുന്ന വാഹനങ്ങൾ ചിങ്ങവനത്ത്നിന്ന് തിരിഞ്ഞ് പരുത്തുംപാറ വഴി ഓട്ടക്കാഞ്ഞിരം കവലയിലെത്തി കച്ചേരിക്കവല വഴി പനച്ചിക്കാട് ക്ഷേത്രത്തിൽ എത്താം. തെങ്ങണ - പുതുപ്പള്ളി റോഡ് വഴിയുള്ള വാഹനങ്ങൾ ഇരവിനെല്ലൂരിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കച്ചേരിക്കവല അക്ഷരശിൽപത്തിനു മുന്നിലൂടെ ക്ഷേത്രത്തിൽ എത്താം. പുതുപ്പള്ളി - ഞാലിയാകുഴി റോഡിലൂടെ വരുന്ന വാഹനങ്ങൾ അമ്പാട്ടുകടവ് എത്തി ഇരവിനല്ലൂർ കലുങ്ക് ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് പാറയ്ക്കൽകടവ് - ചോഴിയക്കാട് വഴി ഓട്ടക്കാഞ്ഞിരം എത്തി പനച്ചിക്കാട് ക്ഷേത്രത്തിൽ എത്താം.
ദക്ഷിണ മൂകാംബിക എന്ന് അറിയപ്പെടുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. സരസ്വതി സാന്നിധ്യമുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് പനച്ചിക്കാട് ദേവി ക്ഷേത്രം. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ ആദ്യാക്ഷരം കുറിയ്ക്കാന്‍ ആളുകളെത്തുന്നുണ്ട്. അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കാന്‍ സരസ്വതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ ആളുകളെത്തുന്നത് വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ഒരു ദിവസത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.