Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരോഗ്യ ഇൻഷുറൻസ് എടുത്തയാളുടെ പോളിസി നിരസിച്ചിട്ടും പണം മടക്കിനൽകിയില്ല; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.

16 Jul 2025 17:26 IST

santhosh sharma.v

Share News :

കോട്ടയം: പ്രീമിയം അടച്ച് ആരോഗ്യ ഇൻഷുറൻസ് എടുത്തയാളുടെ പോളിസി നിരസിച്ചിട്ടും പ്രീമിയമായി അടച്ച പണം മടക്കിനൽകുന്നതിൽ വീഴ്ച വരുത്തിയ ഇൻഷുറൻസ് കമ്പനിയോട് പ്രീമിയം തുക പലിശ സഹിതം തിരിച്ചുനൽകാനും നഷ്ടപരിഹാരത്തിനും ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.

കോട്ടയം മുട്ടമ്പലം സ്വദേശി എസ്.പി. മത്തായി സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയിൽനിന്ന് 1,26,381 രൂപ പ്രീമിയം അടച്ച് 2024 സെപ്റ്റംബർ രണ്ടിനാണ് ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങിയത്. പ്രൊപ്പോസൽ ഫോം നിരസിച്ചതിനേത്തുടർന്ന് 15 ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലേക്ക് മടക്കിനൽകുമെന്ന് പറഞ്ഞെങ്കിലും ലഭിച്ചില്ല. തുക അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തതായാണ് ഇൻഷുറൻസ് കമ്പനി അറിയിച്ചത്. തുക ലഭിക്കാതെ വന്നതോടെ മത്തായി കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു. അക്കൗണ്ടിലേക്ക് തുക വന്നിട്ടുണ്ടോ എന്നു പരിശോധിക്കാൻ പരാതിക്കാരന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് വേണമെന്ന് ഇൻഷുറൻസ് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇടപാടുരേഖകൾ സൂക്ഷിക്കേണ്ടത് ഇൻഷുറൻസ് കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും പരാതിക്കാരന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുന്നത് ഇൻഷുറൻസ് കമ്പനിയുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയുടെ ഉദാഹരണമാണെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു. ഇൻഷുറൻസ് പ്രീമിയവും 2024 സെപ്റ്റംബർ രണ്ടുമുതൽ 2025 ജനുവരി 30 വരെ 9 ശതമാനം നിരക്കിൽ പലിശയും നൽകാനാണ് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റായും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചത്. കമ്പനിയുടെ സേവന ന്യൂനതയ്ക്ക് നഷ്ടപരിഹാരമായി പോളിസി ഉടമയ്ക്ക് 35,000 രൂപ നൽകാനും വിധിച്ചു.



Follow us on :

More in Related News