Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൂർ ഇന്ത്യൻ സ്കൂളിലെ രക്ഷിതാക്കളെ ഡയറക്ടർ ബോർഡും കയ്യൊഴിഞ്ഞു

24 Jun 2025 13:29 IST

ENLIGHT MEDIA OMAN

Share News :

സൂർ: സൂർ ഇന്ത്യൻ സ്കൂളിൽ മുൻവർഷങ്ങളിലെന്നപോലെ ഈ വർഷവും ഫീസ് വർധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഒരു റിയാൽ വീതം വർധിപ്പിച്ച ഫീസ് ഇക്കൊല്ലം 2 റിയാലിന്റെ വർധനവാണുണ്ടാക്കിയത്.  

ഫീസ് വർധനവിനെതിരെ രക്ഷിതാക്കൾ ഒരു ഭീമഹർജി സമർപ്പിക്കുകയും തുടർന്ന് മാനേജ്മെന്റ് രക്ഷിതാക്കളുമായി ഏപ്രിൽ 30 ന് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു. ഏകദേശം 250 ൽ കൂടുതൽ രക്ഷകർത്താക്കൾ പങ്കെടുത്ത യോഗത്തിൽ എസ് എം സി പ്രസിഡണ്ട്‌ ഒരു റിയാൽ കുറക്കാമെന്ന് വാക്ക് നൽകുകയും രക്ഷിതാക്കൾ ഫീസ് വർധിപ്പിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. സ്കൂൾ അധികാരികൾ ഒരാഴ്ച സമയം ചോദിക്കുകയും രക്ഷാകർത്താക്കളുടെ ആവശ്യം പാടേ നിരസിച്ചുകൊണ്ട് ഉറപ്പ് പറഞ്ഞ ഒരു റിയാൽ പോലും കുറക്കാതെ വർധിപ്പിച്ച ഫീസ് നിലനിർത്താൻ തീരുമാനിക്കുകയും ചെയ്തു.  

   രക്ഷാകർത്താക്കൾ ഒരു ഭീമഹർജി കൂടി സൂർ ഇന്ത്യൻ സ്കൂൾ മാനേജമെന്റിനും ഡയറക്ടർ ബോർഡിനും നൽകുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കളുടെ പ്രതിനിധികൾ മസ്കറ്റിൽ ഡയറക്ടർ ബോർഡ്‌ പ്രതിനിധികളുമായി ചർച്ച നടത്തുകയും രക്ഷിതാക്കളോട് തീരുമാനമെടുക്കാൻ 10 ദിവസത്തെ സമയം ചോദിക്കുകയും തുടർന്ന് വർധിപ്പിച്ച തുക നിലനിർത്തുക എന്ന കടുത്ത തീരുമാനമെടുക്കുകയും ചെയ്തു. 

തികച്ചും സാധാരണക്കാർ ധാരാളമുള്ള സൂർ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഭൂരിഭാഗവും വളരെ ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്നവരാണ്. കുടുംബവുമായി ഒരുമിച്ച് കഴിയുക എന്ന ആഗ്രഹത്താൽ മാത്രമാണ് ഭൂരിഭാഗം രക്ഷിതാക്കളും കുറഞ്ഞ വേതനത്തിലും കുട്ടികളെ ഇവിടെ പഠിപ്പിക്കുവാൻ നിർബന്ധിതരാകുന്നത്. ഉയർന്ന വരുമാനത്തിൽ ജോലി ചെയ്യുന്ന മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ അവരുടെ വരുമാനവുമായി തങ്ങളെ താരതമ്യം ചെയ്യുന്നതുകൊണ്ടാണ് തങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ സാധിക്കാത്തത് എന്ന ആക്ഷേപവുമുണ്ട്.  

ഫീസ് വർധനക്കെതിരെ ഹർജി സമർപ്പിച്ച രക്ഷിതാക്കളെ സ്കൂൾ പ്രിൻസിപ്പൽ സ്വന്തം പദവിക്ക് യോജിക്കാത്ത തരത്തിൽ ആക്ഷേപിക്കുകയും, ഫീസ് വർധനയിൽ അനുകൂലിക്കുന്ന ഒരുപറ്റം രക്ഷിതാക്കളെ കൂട്ടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കി അതിലൂടെ വർഗീയധ്രുവീകരണം നടത്തുന്നതായും രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെല്ലാം പിന്തുണ നൽകുന്ന ഒരു പറ്റം രക്ഷിതാക്കളുമുണ്ട്. ഫീസ് വർധനയെ അനുകൂലിക്കാത്ത രക്ഷിതാക്കൾ ഏതെങ്കിലും ഭാഷാ, സാമുദായിക, രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടിയല്ല നിലകൊള്ളുന്നത്. സ്വന്തം കുട്ടികൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. സ്കൂൾ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സ്കൂൾ ഡയറക്ടർ ബോർഡിലും മറ്റും ഇത് രാഷ്ട്രീയ സാമുദായിക സംഘടനകളുടെ പിൻബലത്തിൽ നടത്തുന്ന പ്രതിഷേധമെന്നാണ് അവതരിപ്പിച്ചിരിക്കുന്നത് .

  ഒമാനിലെ മറ്റ് സ്കൂളുകളെ അപേക്ഷിച്ച് സൂറിൽ ഫീസ് കുറവാണെന്ന കാരണത്താൽ ഫീസ് ഉയർത്തുന്ന സ്കൂൾ അധികാരികൾക്ക് അറിയാത്ത ഒന്ന് ഈ സ്കൂൾ പൊതുജനങ്ങളിൽ നിന്നും ഫണ്ട്‌ കണ്ടെത്തുകയും സൂറിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുവരെയുള്ള സംഭാവനകൾ കൊണ്ടുണ്ടാക്കിയതാണ്. സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സൂർ സ്കൂളിനെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകളുമായി താരതമ്യം ചെയ്യുകയും അവിടെയുള്ള സ്കൂൾ ഫീസ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിലും രക്ഷിതാക്കൾ കൊടുക്കണമെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. കൂടാതെ സ്വദേശിവത്കരണത്തിന്റെ പേരിലും മറ്റും ഭൂരിഭാഗം രക്ഷിതാക്കൾ ജോലികൾ നഷ്ടപ്പെട്ടും ഉപേക്ഷിച്ചും നാട്ടിലേക്ക് തിരികെപോകുന്ന അവസ്ഥയിൽ പുതിയ കെട്ടിടങ്ങൾ പണിതുകൂട്ടുന്നതിന്റെ ആവശ്യകതയും അതിന്റെ പേരിലെ ഫീസ് വർധനയും രക്ഷിതാക്കൾക്ക് മനസ്സിലാകുന്നില്ല.   

 മെയ് 30 ന് മസ്കറ്റിൽ വെച്ചുനടന്ന ഡയറക്ടർ ബോർഡ് അംഗങ്ങളും രക്ഷിതാക്കളുമായുള്ള യോഗത്തിൽ 10 ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കാം എന്ന ഉറപ്പിന്മേൽ പിരിഞ്ഞ രക്ഷിതാക്കൾക്ക് ഫീസ് കുറക്കാനുള്ള ഉദ്ദേശം ബോർഡിന് ഉണ്ടാകില്ല എന്ന് വ്യക്തമായിരുന്നു. കാരണം ബോർഡിലെ ഒരംഗം ഒഴികെ മറ്റുള്ളവരിൽ നിന്നും വളരെ അനുകൂല നിലപാടുകൾ ഉണ്ടായെങ്കിലും സൂർ സ്കൂളിന്റെ ചുമതലയുള്ള അംഗത്തിന്റേത് രക്ഷിതാക്കളുടെ പ്രതിനിധികളോടുള്ള സമീപനം വളരെ ധാർഷ്ട്യം നിറഞ്ഞതായിരുന്നു. അവസാന പ്രതീക്ഷയായിരുന്ന ഡയറക്ടർ ബോർഡും കയ്യൊഴിഞ്ഞ ചുറ്റുപാടിൽ രക്ഷിതാക്കൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലും ഇനി ഏത് വാതിലിൽ മുട്ടണം എന്ന ആലോചനയിലാണ്, എന്തായാലും ഫീസ് കുറക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് രക്ഷിതാക്കൾ തീരുമാനിച്ചിരിക്കുന്നത്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News