Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2024 16:24 IST
Share News :
വടകര: കാഫിര്‍ പോസ്റ്റ് വിവാദത്തില്‍ പൊലീസ് ഇപ്പോഴും കള്ളക്കളി നടത്തുകയാണെന്ന് ഷാഫി പറമ്പില്‍. ഐക്യത്തിന്റെ മുഖത്ത് ആഞ്ഞു വെട്ടാനാണ് കാഫിര്‍ പ്രയോഗത്തിലൂടെ സിപിഐഎം ശ്രമിച്ചത്. നാടിനെ ഭിന്നിപ്പിക്കാന്‍ നടത്തിയ ഹീനശ്രമം വ്യാജമാണ് എന്ന് കോടതിയില്‍ തന്നെ തെളിഞ്ഞു. നാടിന്റെ ഐക്യത്തിന്റെ മുഖം തന്റെ ഐഡന്റിറ്റിയുടെ മുഖമാണ്. ആ ഐക്യത്തിന് മേല്‍ ആഞ്ഞു വെട്ടാനാണ് സിപിഐഎം ശ്രമിച്ചത്. ടി പിയുടെ മുഖത്ത് വെട്ടിയ വെട്ടുപോലെ തന്നെയാണ് ഇതും. ആ വ്യാജ വെട്ടിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം.
മുന്‍ എംഎല്‍എ കെ കെ ലതിക തന്നെ ഈ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചു. ഇത് ഒറിജിനലാണെന്ന് വിശ്വസിച്ച സിപിഐഎം പ്രവര്‍ത്തകരോട് വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ മാപ്പു പറയണം. പ്രതികള്‍ ആരാണെന്ന് പൊലീസിനും സിപിഐഎമ്മിനും അറിയാം. അജ്ഞാതമായ ഉറവിടത്തില്‍ നിന്നും വന്ന വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് എന്തിനാണ്. വര്‍ഗീയ വാദി എന്ന ചാപ്പ തന്റെ മേലില്‍ വീഴില്ല. സൈബര്‍ സംഘങ്ങളെ ആവശ്യമുള്ളപ്പോള്‍ സിപിഐഎം വെള്ളം ഒഴിച്ച് തലോടി വളര്‍ത്തി വലുതാക്കും. കുഴപ്പമുണ്ടാകും എന്നറിയുമ്പോള്‍ അതിനെ തള്ളിപ്പറയും. പിടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ ഭവിഷ്യത്ത് ഓര്‍ത്താണ് ഈ തള്ളിപ്പറയല്‍. കേസില്‍ പൊലീസ് അഡ്ജസ്റ്റ്മെന്റ് ചെയ്യുമോ എന്ന ആശങ്ക യുഡിഎഫിനുണ്ട്. വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച മുന്‍ എംഎല്‍എക്കെതിരെ എന്താണ് പൊലീസ് കേസെടുക്കാത്തത്. ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ഊര്‍ജ്ജസ്വലമായ സ്ഥാനാര്‍ത്ഥി വരണം. തന്റെ അഭിപ്രായം പാര്‍ട്ടിയില്‍ പറയുമെന്നും ഷാഫി പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദവസം അറിയിച്ചിരുന്നു. പോസ്റ്റര്‍ പുറത്തിറക്കിയത് യൂത്ത് ലീഗ് നേതാവ് അല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിം അല്ല പോസ്റ്റ് നിര്‍മിച്ചത് എന്നാണ് സര്‍ക്കാര്‍ ഹൈക്കൊടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ സിപിഐഎമ്മിനെതിരെ ഷാഫി പറമ്പില്‍ രംഗത്തെത്തിയത്.
പ്രചാരണവേളയില്‍ കാസിമിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചത്. അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ എന്ന സിപിഐഎം അനുഭാവമുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നത്. അപ്ലോഡ് ചെയ്ത് കാല്‍മണിക്കുറിനുള്ളില്‍ പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍, പ്രഥമദൃഷ്ട്യ നടത്തിയ അന്വേഷണത്തില്‍ കാസിം കുറ്റം ചെയ്തതായി കരുതുന്നില്ല എന്നാണ് സര്‍ക്കാര്‍ ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. കേസില്‍ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാസിമിന്റെയും സിപിഐഎം നേതാവ് കെ കെ ലതികയുടെയും ഫോണ്‍ പരിശോധിച്ചിരുന്നു. കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക് പ്രൊഫൈലുകള്‍ക്ക് എതിരെ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഈ പേജുകളിലാണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്ന് പൊലീസ്. ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും. സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുന്നു എന്നും പൊലിസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.